കരകവിഞ്ഞ് അതിശക്തമായ കുത്തിയൊഴുകുന്ന നദി, വാഹനത്തില്‍ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ ഉള്‍പ്പെടെ രണ്ട് പേർ വാഹനത്തോടെ ഒലിച്ച് പോയി. ചുറ്റും ഉണ്ടായിരുന്നവരുടെ മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ അഭ്യാസ പ്രകടനം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കുത്തൊഴുക്കില്‍പ്പെട്ട് മഹീന്ദ്ര എസ്‌യുവിയും വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേരും ഒഴുകി പോകുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.
ഏറെ അസ്വസ്ഥത ഉളവാക്കുന്ന ഈ വീഡിയോ ദൃശ്യങ്ങളില്‍ വാഹനം വെള്ളത്തിനടിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് കാണാം.വീഡിയോ ദൃശ്യങ്ങളുടെ തുടക്കത്തില്‍ അതിശക്തമായി കുത്തിയൊലിച്ച് ഒഴുകുന്ന ഒരു നദി കാണാം. നദിയുടെ മറുവശത്തായി ഏതാനും ആളുകള്‍ കൂടി നില്‍ക്കുന്നു. രണ്ടുപേർ മഹീന്ദ്ര എസ്‌യുവിയില്‍ നദി മുറിച്ച് കടക്കാൻ ശ്രമിക്കുന്നതും കാണാം. അപകടകരമാണെന്ന് ചുറ്റുമുള്ളവർ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും അത് വകവയ്ക്കാതെ അവർ വാഹനം മുന്നോട്ടെടുക്കുകയും ഏതാനും നിമിഷങ്ങള്‍ക്കകം കുത്തൊഴുക്കില്‍ പെട്ടുപോവുകയുമായിരുന്നു.
വാഹനം നദിയിലേക്ക് പൂർണമായി മറിഞ്ഞുവീഴുകയും വെള്ളത്തിനടിയിലേക്ക് മുങ്ങി പോവുകയും ചെയ്യുന്നു. തുടർന്ന് കുറച്ചു ദൂരം ഈ വാഹനം വെള്ളത്തിലൂടെ ഒഴുകി പോകുന്നതും കാണാം. വീഡിയോയുടെ അവസാന ഭാഗത്ത് വാഹനത്തില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ അതില്‍ പിടിച്ചുനില്‍ക്കുന്ന ദൃശ്യങ്ങള്‍. എന്നാല്‍, ഡ്രൈവറെ വീഡിയോ ദൃശ്യങ്ങളില്‍ കാണാൻ കഴിയുന്നില്ല.
ചണ്ഡീഗഡിനടുത്തുള്ള നയാഗോണില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍, ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ അവസ്ഥയെക്കുറിച്ചും സ്ഥിരീകരിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. കൂടാതെ ഈ വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണ് എന്നതിനെക്കുറിച്ചും സമൂഹ മാധ്യമ ഉപയോക്താക്കള്‍ സംശയം പ്രകടിപ്പിച്ചു.
അതേസമയം, സമാനമായ മറ്റൊരു സംഭവത്തില്‍, ഒഡീഷയില്‍ കൊരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് 22 വയസ്സുള്ള ഒരു യൂട്യൂബറെ കഴിഞ്ഞ ദിവസം കാണാതായി. ബെർഹാംപൂരില്‍ നിന്നുള്ള സാഗർ ടുഡു എന്ന യുവാവ് തന്‍റെ യൂട്യൂബ് ചാനലിനായി വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടയില്‍ സമീപത്തെ അണക്കെട്ട് തുറന്ന് വിടുകയായിരുന്നു. പെട്ടെന്ന് നദിയിലെ ജലനിരപ്പ് ഉയരുകയും ഇയാള്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് പോവുകയുമായിരുന്നു.








