കാലാവധികഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ച് ആക്രിയാക്കാൻ ഔദ്യോഗിക സംവിധാനം സംസ്ഥാനത്തും തുടങ്ങുന്നു. പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനാണ് (സില്‍ക്ക്) അനുമതി കിട്ടിയത്.സംസ്ഥാനത്തിന്റെ തെക്ക്, വടക്ക് മേഖലകളിലെ പൊളിക്കല്‍ കേന്ദ്രങ്ങളാണ് സില്‍ക്കിന് കരാർ കിട്ടിയത്. മധ്യമേഖലയിലെ കരാർ കെഎസ്‌ആർടിസിയെ ഏല്‍പ്പിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അതിന്റെ നടപടി ഒന്നുമായിട്ടില്ല.
രജിസ്റ്റേർഡ് വെഹിക്കിള്‍ സ്ക്രാപ്പിങ് ഫസിലിറ്റി (ആർവിഎസ്‌എഫ്) എന്നാണ് പൊളിക്കല്‍ യൂണിറ്റുകള്‍ അറിയപ്പെടുന്നത്. വായുമലിനീകരണം കുറയ്ക്കുകയാണ് ലക്ഷ്യം. വടക്കൻമേഖലയിലെ കേന്ദ്രം കണ്ണൂർ അഴീക്കലാണ്. തെക്കൻ മേഖലയിലേത് തിരുവനന്തപുരത്തോ ചേർത്തലയിലോ ആയിരിക്കും. ഇക്കാര്യം ഉടൻ തീരുമാനിക്കും.
15 വർഷം കഴിഞ്ഞവാഹനങ്ങള്‍ ഒഴിവാക്കുക എന്ന കേന്ദ്ര സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാൻ സംസ്ഥാനങ്ങള്‍ക്ക് നിർദേശം കൊടുത്തത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള മാർഗരേഖ ഇറക്കിയിരുന്നു. നിശ്ചിത വിസ്തൃതിയിയുള്ള ഭൂമിയും നടത്തിപ്പ് ശേഷിയുമുള്ള ആർക്കും തുടങ്ങാം.
ടാറ്റ അടക്കമുള്ള വൻകിട ഗ്രൂപ്പുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ സ്വകാര്യ ഏജൻസികള്‍ വേണ്ട എന്ന നയം സംസ്ഥാന സർക്കാരെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് ടെൻഡർ ക്ഷണിച്ചത്. രാജ്യത്ത് ആദ്യമായി ഈ അനുമതി കിട്ടുന്ന പൊതുമേഖലാ സ്ഥാപനം സില്‍ക്കാണ്.
വണ്ടിയൊന്നിന് സർക്കാരിന് വരുമാനം 3.26 ശതമാനം കമ്മീഷൻ
ഒരുവാഹനം പൊളിക്കുമ്ബോള്‍, ആ വാഹനം പൊളിക്കാനായി വാങ്ങിയതിന്റെ 3.26 ശതമാനം തുക സർക്കാരിന് അടയ്ക്കണം. വിവിധ സർക്കാർ വകുപ്പുകളുടെ വാഹനങ്ങളായിരിക്കും ആദ്യഘട്ടത്തില്‍ പൊളിക്കുക. സംസ്ഥാനത്ത് നിലവില്‍ 15 വർഷം കഴിഞ്ഞതിനെ തുടർന്ന് 4072 വാഹനങ്ങള്‍ കയറ്റിയിട്ടിരിക്കുകയാണ്. 1049 വണ്ടികള്‍ കയറ്റിയിട്ടിരിക്കുന്ന പോലീസാണ് മുന്നില്‍. ആരോഗ്യവകുപ്പിന്റെ 704 വണ്ടികളുണ്ട്. ഇത്തരം വാഹനങ്ങള്‍ സില്‍ക്ക് വാങ്ങും. പണം അതത് വകുപ്പുകള്‍ക്ക് കിട്ടും. സില്‍ക്കിലെ എൻജിനീയറിങ് വിഭാഗമായിരിക്കും വില നിശ്ചയിക്കുക.
സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് കൊടുക്കും
വണ്ടികള്‍ പൊളിച്ചശേഷം സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് നല്‍കും. ഈ സർട്ടിഫിക്കറ്റുമായി ആർടി ഓഫീസിലെത്തി രജിസ്ട്രേഷൻ റദ്ദാക്കാം. പുതിയവണ്ടി വാങ്ങുമ്ബോള്‍ ഉടമയ്ക്ക് നികുതി ഇളവ് ലഭിക്കുന്ന സൗകര്യം കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. അതിന് സ്ക്രാപ്പ് സർട്ടിഫിക്കറ്റ് വേണം.





