തങ്ങളുടെ വിവാഹാഭ്യർത്ഥനകള്‍ സവിശേഷവും കാലങ്ങളോളം ഓർമ്മിക്കപ്പെടുന്നതും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ട് തന്നെ അതിനെ അല്പം വെറൈറ്റിയാക്കാൻ ആളുകള്‍ ശ്രമിക്കാറുണ്ട്. ഏതാനും ദിവസങ്ങള്‍ മുൻപ് കൊടുങ്കാറ്റിനെ സാക്ഷിയാക്കി വിവാഹ മോതിരം കൈമാറിയ അമേരിക്കൻ പ്രണയ ജോഡികളുടെ ചിത്രവും അഗ്നിപര്‍വ്വത ലാവയെ സാക്ഷിയാക്ഷി നടത്തിയ വിവാഹ അഭ്യര്‍ത്ഥനയും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയില്‍ അല്പം വ്യത്യസ്തമായി പ്രണയാഭ്യർത്ഥന നടത്തിയ മറ്റൊരു പ്രണയ ജോഡികളും സമൂഹ മാധ്യമത്തില്‍ ചർച്ചയാവുകയാണ്.
ജമൈക്കയിലെ ഒച്ചോ റിയോസിലെ ഡണ്‍സ് നദി വെള്ളച്ചാട്ടത്തിന്‍റെ മുകളില്‍ വെച്ചാണ് ഇവർ പ്രണയാഭ്യർത്ഥന നടത്താൻ തീരുമാനിച്ചത്. പക്ഷേ, കാര്യങ്ങള്‍ വിചാരിച്ചത് പോലെ നടന്നില്ല. പ്രണയഭ്യർത്ഥന നടത്തുന്നതിന് മുൻപ് തന്നെ യുവാവ് കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീഴുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. @MarchUnofficial എന്ന എക്സ് പേജില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
A dude pops the question to his girl in a crazy dangerous spot…🥺 💔 pic.twitter.com/Gzdxfza5hD
— March (@MarchUnofficial) July 4, 2025
ഈ വീഡിയോയുടെ തുടക്കത്തില്‍ ഡണ്‍സ് നദിയിലെ വെള്ളച്ചാട്ടത്തിന് മുകളില്‍ നില്‍ക്കുന്ന ഒരു യുവതിയുടെയും യുവാവിന്‍റെയും ദൃശ്യങ്ങളാണ് ഉള്ളത്. തുടർന്ന് യുവാവ്, യുവതിക്ക് മുൻപില്‍ മുട്ടുകുത്തി നിന്ന് തന്‍റെ പ്രണയം പറയാൻ ശ്രമം നടത്തുന്നു. ഈ സമയം നാണത്തോടെ യുവതി തന്‍റെ വാ പൊത്തി നില്‍ക്കുന്നു. പിന്നാലെ ചെരിവുള്ള വെള്ളച്ചാട്ടത്തിനെതിരെ യുവതിക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കാന്‍ യുവാവ് ശ്രമിക്കുന്നു. പക്ഷേ, ദൗർഭാഗ്യകരമെന്ന് പറയട്ടെ അയാള്‍ കാല്‍ വഴുതി വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീഴുന്നു. ഇത് കണ്ട് ഭയന്ന് യുവതി നിലവിളിച്ച് നില്‍ക്കുമ്ബോള്‍ യുവാവ് വെള്ളച്ചാട്ടത്തിലൂടെ നിലവിളിച്ച് കൊണ്ട് തെന്നി താഴേയ്ക്ക് പോകുന്നതും വീഡിയോയില്‍ കാണാം.
യുവതിയെയും യുവാവിനെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും യുവാവിനെ സുരക്ഷിതനായി രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോർട്ട് ചെയ്തു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന സന്ദർശകർ സ്വയം സുരക്ഷ ഉറപ്പാക്കിയുള്ള പ്രവർത്തികളില്‍ മാത്രമേ ഏർപ്പെടാവൂവെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും പൊതുവില്‍ അഭിപ്രായം ഉയർന്നു. ആളുകളെ ആകർഷിക്കാൻ നടത്തുന്ന ഇത്തരം അപകടകരമായ പ്രവർത്തികള്‍ വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു.





