സാധാരണ കര്‍ഷകകുടുംബത്തിലെ അംഗമായ മൂന്നുവയസ്സുകാരന്‍, ഒരു സുപ്രഭാതത്തില്‍ ഒരു ജനതയുടെ അധിപനായി മാറുക! നാടോടിക്കഥകളിലും സിനിമയിലുമൊക്കെയുള്ളതുപോലുള്ള ഒരു അത്ഭുതമാണ്, ദലൈലാമ എന്ന ടിബറ്റുകാരുടെ ആത്മീയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പ്. ഒരു ലാമ മരിച്ചുകഴിയുമ്ബോള്‍ അദ്ദേഹത്തിന്റെ ആത്മാവ് ഒരു കുട്ടിയിലേക്ക് മാറുമെന്നാണ് അവരുടെ വിശ്വാസം. അങ്ങനെയാണ് 87 വര്‍ഷങ്ങള്‍ക്ക് മുമ്ബ്, വടക്കു കിഴക്കന്‍ ടിബറ്റിലെ അമാദോ ഗ്രാമത്തിലെ കര്‍ഷക ദമ്ബതിമാരുടെ വീട്ടിലേക്ക്, ആ ടിബറ്റന്‍ ആത്മീയ തിരച്ചില്‍ സംഘം എത്തുന്നത്.
ഒരു ദിവസം മാത്രം താമസിക്കാന്‍ അനുമതി തേടിയാണ് ടിബറ്റ് തലസ്ഥാനമായ ലാസയില്‍നിന്ന് ആ സംഘം എത്തിയത്. കുടുംബത്തിലെ മൂന്ന് വയസ് മാത്രമുള്ള ഇളയ കുട്ടി ദലൈലാമയുടെ പുനര്‍ജന്മമാണോ എന്ന് ഉറപ്പിക്കുകയായിരുന്നു, ലാസയിലെ പൊട്ടാല കൊട്ടാരത്തില്‍നിന്ന് എത്തിയ ആ അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം. ചില നിമിത്തങ്ങള്‍ നോക്കിയാണ് അവര്‍ ആ വീട്ടിലേക്ക് എത്തിയത്. പരിചാരകന്റെ വേഷമിട്ട സംഘത്തലവനെ മൂന്ന് വയസുകാരന്‍ പേരെടുത്ത് വിളിച്ചത് അവരെ ഞെട്ടിച്ചു.
അന്ന് മടങ്ങിയ സംഘം പിന്നീട് തിരിച്ചെത്തിയത് ദലൈലാമയുടെ ഏതാനും സ്വകാര്യവസ്തുക്കളുമായാണ്. അവ ഒരു ഐഡിന്റിഫിക്കേഷന്‍ പരേഡുപോലെ, സമാനരീതിയിലുള്ള മറ്റു വസ്തുക്കളുമായി ഇടകലര്‍ത്തി ആ കുട്ടിയുടെ മുന്നില്‍വെച്ചു. ‘ഇതെന്റേതാണ്, ഇതെന്റേതാണ്’ ദലൈലാമയുടെ വസ്തുക്കള്‍ ഓരോന്നും എടുക്കുമ്ബോള്‍ അവന്‍ പറഞ്ഞു. അതോടെ കുട്ടി ദലൈലാമയുടെ പുനര്‍ജന്മം തന്നെയാണെന്ന് അന്വേഷകസംഘം തീര്‍ച്ചപ്പെടുത്തി. അവനെ അവര്‍ അടുത്തുള്ള ബുദ്ധവിഹാരത്തിലെത്തിച്ചു. മൂന്ന് മാസത്തിനുശേഷം ലാസയിലെ പൊട്ടാല കൊട്ടാരത്തിലും. പിന്നാലെ അടുത്ത ദലൈലാമയായി ആ കുട്ടിയുടെ സ്ഥാനാരോഹണം നടന്നു. ആ കുട്ടിയാണ് പതിനാലാമത്തെ ദലൈലാമ ടെന്‍സിന്‍ ഗ്യാറ്റ്‌സോ. മുഴുവന്‍ പേര് ജെറ്റ്‌സണ്‍ ജാംഫെല്‍ നഗാവാങ് ലോബ്‌സാങ് യെഷെ ടെന്‍സിന്‍ ഗ്യാറ്റ്‌സോ! ഇന്ന് ലോകമെമ്ബാടും ചിതറിത്തെറിച്ച് കിടക്കുന്ന ടിബറ്റന്‍ ജനതുടെ ആത്മീയ ആചാര്യന്‍. നെബേല്‍ സമ്മാനം നേടിയ സമാധാന പ്രവാചകന്‍. കമ്യൂണിസ്റ്റ് ചൈന ഭയക്കുന്ന ആത്മീയചാര്യന്‍.
സിഹാസാരോഹണം
1940-ല്‍ ലാസയിലെ പൊട്ടാല കൊട്ടാരത്തില്‍വെച്ച് ബ്രിട്ടന്റെയും ചൈനയുടെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇദ്ദേഹത്തിന്റെ സിംഹാസനാരോഹണം നടന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് കമ്യൂണിസ്റ്റ് ചൈനയുടെ ആക്രമണത്തില്‍നിന്ന് പലായനംചെയ്ത് അദ്ദേഹം ഇന്ത്യയില്‍ അഭയംപ്രാപിച്ചത് ചരിത്രം. കഴിഞ്ഞ 7 പതിറ്റാണ്ടായി ഹിമാചലിനെ ധര്‍മ്മശാലയിലാണ് ലാമ. ഈ ആത്മീയാചാര്യന് ജൂലൈ 6ന് 90 വയസ്സ് തികയുകയാണ്. ദലൈലാമയുടെ പുനരവതാരം ആര്, എവിടെ എന്നത് ഇപ്പോള്‍ പുകയുന്ന തര്‍ക്കവിഷയമാണ്. അടുത്ത ദലൈലാമയെ തങ്ങള്‍ നിശ്ചയിക്കുമെന്ന മര്‍ക്കടമുഷ്ടിയോടെ ചൈന രംഗത്തുവന്നുകഴിഞ്ഞു. കേന്ദ്രമന്ത്രിമാര്‍വരെ പങ്കെടുത്ത ലാമയുടെ നവതി ആഘോഷം ചൈനക്ക് തീരെ പിടിച്ചിട്ടില്ല. ഇന്ത്യാ- ചൈന ബന്ധത്തിലും വിള്ളല്‍ വീഴുത്തുകയാണ് ലാമയുടെ നവതി ആഘോഷം.
ലാമമാരുടെ ചരിത്രം
ദലൈലാമ എന്ന പദം മംഗോള്‍, ടിബറ്റന്‍ എന്നീ ഭാഷകളിലെ രണ്ടു വാക്കുകള്‍ ചേര്‍ത്തുണ്ടാക്കിയതാണ്. മംഗോള്‍ ഭാഷയില്‍ ദലൈ എന്നാല്‍, സാഗരം എന്നാണര്‍ഥം, ടിബറ്റന്‍ ഭാഷയിലുള്ള ലാമ ഒരു സന്ന്യാസിയും; ഇങ്ങനെ അഗാധപാണ്ഡിത്യമുള്ള സന്ന്യാസിവര്യന്‍ എന്ന അര്‍ഥമാണ് ദലൈലാമ എന്ന പദത്തിനുള്ളത്. ഇത് ആദ്യം ഉപയോഗിച്ചത് 1578-ല്‍, മൂന്നാം ദലൈലാമയായ, സോനം ഗ്യാട്‌സോവിന് ഈ പദവിനല്‍കി ബഹുമാനിച്ച മംഗോള്‍ പടത്തലവനായ അല്‍ട്ടാന്‍ ഖാന്‍ ആണ്. സോനം ഗ്യാട്സോ സ്വയം താന്‍ മൂന്നാം ദലൈലാമയാണെന്നു പ്രഖ്യാപിച്ചപ്പോള്‍ അതിനുമുന്‍പുള്ള രണ്ട് അവതാരങ്ങള്‍ ഒന്നും രണ്ടും ദലൈലാമമാരായി ചരിത്രത്തില്‍ സ്ഥാനംനേടി.
അവലോകിതേശ്വരന്‍ എന്ന ബോധിസത്വന്റെ പുനരവതാരമായിട്ടാണ് ടിബറ്റന്‍ ജനത ദലൈലാമയെ കാണുന്നത്. ഇദ്ദേഹം ടിബറ്റിലെ ബുദ്ധമതക്കാരുടെ ആത്മീയാചാര്യന്‍ മാത്രമല്ല, ആ പ്രദേശത്തെ ഭരണാധികാരികൂടിയാണ്. ഇതുകൊണ്ടുതന്നെ പതിനാറാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍മുതല്‍ ദലൈലാമമാരുടെ ജീവിതം ടിബറ്റിന്റെ ചരിത്രവുമായി കോര്‍ത്തിണങ്ങിക്കിടക്കുന്നു. ശക്തനായ ഭരണാധികാരിയായ അഞ്ചാം ദലൈലാമയുടെ പിന്‍ഗാമി വളരെ ദുര്‍ബലനായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പലഭാഗങ്ങളില്‍നിന്നും ടിബറ്റ് ആക്രമിക്കപ്പെട്ടു. അവസാനം ചൈനയുടെ സഹായത്തോടെയാണ് അക്രമികളെ തുരത്തിയതും ഏഴാം ദലൈലാമയുടെ സ്ഥാനാരോഹണം നടത്തിയതും.
പക്ഷേ, ചൈനയുടെ ഈ ഉപകാരത്തിന് ടിബറ്റ് വലിയ വിലകൊടുക്കേണ്ടിവന്നു. ചൈനയിലെ ചക്രവര്‍ത്തിയുടെ പ്രതിനിധികളായി രണ്ട് ‘അംബാന്‍മാര്‍’ ലാസയിലേക്ക് നിയോഗിക്കപ്പെട്ടു. അതിനുശേഷം ഇവരുടെ മേല്‍നോട്ടത്തിലാണ് ദലൈലാമയുടെ ഭരണം നടന്നത്. എട്ടാം ദലൈലാമ കാലംചെയ്തതിനുശേഷം പുനരവതാരങ്ങളായി അംഗീകരിക്കപ്പെട്ട നാല് ദലൈലാമമാര്‍ (ഒന്‍പതുമുതല്‍ പന്ത്രണ്ടുവരെ) പ്രായപൂര്‍ത്തിയാകുന്നതിനുമുന്‍പ് മരിച്ചപ്പോള്‍ ഇതിനുപിന്നില്‍ അംബാന്‍മാരുടെ (ചൈനീസ് ചക്രവര്‍ത്തിയുടെ പ്രതിനിധി)യും റീജന്റുമാരുടെയും കറുത്തകൈകളുണ്ടെന്നു സംശയിച്ചവരും കുറവല്ല.
ഏതായാലും 1895-ല്‍ സ്ഥാനമേറ്റ പതിമ്മൂന്നാം ദലൈലാമ മികച്ച ഭരണാധികാരിയായിരുന്നു. ചൈനയുടെ കേന്ദ്രഭരണത്തിന് സംഭവിച്ച ക്ഷീണം മുതലെടുത്ത ഇദ്ദേഹം ബ്രിട്ടന്റെ സഹായത്തോടെ ഏറക്കുറെ സ്വാതന്ത്ര്യത്തോടുകൂടിത്തന്നെ ടിബറ്റിലെ ഭരണാധികാരിയുടെ അധികാരങ്ങളും കടമകളും നിര്‍വഹിച്ചു. കമ്യൂണിസ്റ്റ് ഭരണം വന്നതോടെ ടിബറ്റിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.1949-ല്‍ ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചെടുത്ത ഉടനെത്തന്നെ ‘ടിബറ്റിന്റെ മോചനം’ അവരുടെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് പ്രഖ്യാപിച്ചു. അടുത്തവര്‍ഷംതന്നെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ടിബറ്റിലെത്തുകയും ചെയ്തു. ഇത് സൃഷ്ടിച്ച പ്രതിസന്ധിയുടെ നിഴലിലാണ് പതിന്നാലാം ദലൈലാമ സ്ഥാനമേല്‍ക്കുന്നത്. മറ്റു ലോകരാജ്യങ്ങളില്‍നിന്നു പിന്തുണലഭിക്കാതിരുന്ന ടിബറ്റന്‍ ജനതയ്ക്ക് ചൈനീസ് സൈനികശക്തിയുടെമുന്നില്‍ ഒന്നും ചെയ്യാന്‍കഴിയുമായിരുന്നില്ല.
ബെയ്ജിങ്ങില്‍നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 17 ധാരണകളുള്ള കരാറില്‍ ഇരുപക്ഷവും ഒപ്പുവെച്ചു. ഇതുപ്രകാരം ദലൈലാമയുടെ സ്ഥാനത്തിലും അധികാരങ്ങളിലും മാറ്റമുണ്ടാകില്ലെന്ന് ചൈന ഉറപ്പും നല്‍കി.എന്നാല്‍, ചൈന പതുക്കെ ടിബറ്റിനുചുറ്റുമുള്ള പ്രദേശങ്ങളില്‍ പിടിമുറുക്കിത്തുടങ്ങി. ഇത് അവിടത്തെ നിവാസികളായ ‘കംഫ’ എന്ന വംശത്തില്‍പ്പെട്ട ജനങ്ങളുടെയിടയില്‍ വലിയതോതിലുള്ള മുറുമുറുപ്പുണ്ടാക്കി. ഇത് വളര്‍ന്ന് 1957 ആയപ്പോഴേക്കും ഒരു സായുധകലാപമായി പരിണമിച്ചു. ഇത് അടിച്ചമര്‍ത്താന്‍ ചൈന കൂടുതല്‍ സേനയെ ടിബറ്റില്‍ വിന്യസിച്ചു. ഇതോടെ ടിബറ്റില്‍ അശാന്തിയും അസ്വസ്ഥതയും പടര്‍ന്നു.
23-ാം വയസ്സില്‍ പലായനം:
അന്ന് വെറും 23 വയസായിരുന്നു ദലൈലാമക്ക്. അപ്പേഴാണ് അയാള്‍ ചൈനീസ് പീഡനത്തെ തുടര്‍ന്ന്, ഒളിച്ചോടേണ്ടി വന്നത്. നേരത്തെ 13ാം ദലൈലാമ പ്രവചിച്ചതു ടിബറ്റിന്റെ അധികാരം പതിയെ ചോര്‍ന്ന് പോയി. മൊണാസ്ട്രികളിലും തെരുവുകളിലും സൈ്വരവിഹാരം നടത്തിയ ചൈനീസ് പട്ടാളക്കാര്‍ ടിബറ്റന്‍ സ്വയംഭരണത്തിന് ഭീഷണിയായി. ടിബറ്റന്‍ ജനത ഭയത്തിലായിരുന്നു. പ്രാണന്‍ പോകുന്നതിനേക്കാള്‍ തങ്ങളുടെ ആത്മീയ നേതാവിനെ ചൈന തട്ടിക്കൊണ്ടുപോകുകയോ കൊലപ്പെടുത്തുകയോ ചെയ്യുമോ എന്നതാണ് അവരെ പേടിച്ചത്. അങ്ങനെയിരിക്കെയാണ് ദലൈലാമയ്ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കമാന്‍ഡറിന്റെ ആ ക്ഷണം വരുന്നത്. സൈനിക ആസ്ഥാനത്ത് നടക്കുന്ന ഒരു നൃത്ത പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ക്ഷണം. ഒരു നിര്‍ദേശവും കമാന്‍ഡര്‍ മുന്നോട്ടുവെച്ചു. ലാമയ്‌ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടാകാന്‍ പാടില്ല. ലാമയുടെ അനുയായികള്‍ അപകടം മണത്തു.
1959 മാര്‍ച്ച് 10ന് ദലൈലാമയുടെ ലാസയിലെ വേനല്‍ക്കാല വസതിയായ നോര്‍ബുലിംഗയ്ക്ക് മുന്നില്‍ ടിബറ്റന്‍ ജനത മനുഷ്യ മതില്‍ തീര്‍ത്തു. തങ്ങളെ കടന്നേ ചൈനയ്ക്ക് ലാമയെ തൊടാന്‍ സാധിക്കൂ എന്ന് പ്രഖ്യാപിച്ചു. ടിബറ്റ് കലാപ മുഖരിതമായി. തെരുവുകളില്‍ ടിബറ്റന്‍ വിമതരും ചൈനീസ് സൈന്യവും ഏറ്റമുട്ടി. ചൈന നോര്‍ബുലിംഗയ്ക്ക് നേരെ വെടിയുതിര്‍ത്തു. അതോടെ ലാമ രാജ്യം വിടാന തീരുമാനിച്ചു.മാര്‍ച്ച് 17ന് മഞ്ഞുമൂടിയ ഒരു രാത്രി, 10 മണിയോടെ, ദലൈലാമ ഒരു ടിബറ്റന്‍ സൈനികന്റെ യൂണിഫോമിലേക്ക് വേഷംമാറി. തന്റെ അമ്മയെയും സഹോദരങ്ങളെയും വിശ്വസ്തരായ അനുയായികളെയും കൂട്ടി നോര്‍ബുലിംഗയില്‍ നിന്ന് അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഇരുട്ടിലേക്ക് ഇറങ്ങി. കീച്ചു നദിക്കരില്‍ വെച്ച് കൂടുതല്‍ പേര്‍ അദ്ദേഹത്തിന് ഒപ്പം ചേര്‍ന്നു. അപ്പോഴേക്കും ലാസ ചൈന വളഞ്ഞിരുന്നു.ദലൈലാമയും സംഘവും ചൈനീസ് ചെക്ക്പോസ്റ്റുകള്‍ ഒഴിവാക്കി മലനിരകളിലൂടെ നടന്നു. പകല്‍ ഒളിച്ചും രാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ നടന്നും അവര്‍ ജന്മനാട്ടില്‍ നിന്ന് അകലങ്ങളിലേക്ക് നീങ്ങി. ലാമയുടെ വിവരങ്ങള്‍ പുറത്തുവരാതായതോടെ അദ്ദേഹം മരിച്ചതായി അഭ്യൂഹങ്ങള്‍ പരന്നു.
മാര്‍ച്ച് 26ന് ആ യാത്ര അവസാനിച്ചു. ഇന്ത്യന്‍ അതിര്‍ത്തിക്ക് ഏതാനും മൈലുകള്‍ക്ക് അപ്പുറം. ലഹുന്റ്സെ ഡസോങ്ങില്‍. ലാമ ഇന്ത്യന്‍ അതിര്‍ത്തിക്ക് അടുത്തെത്തിയ സമയം, യുഎസിലെ മെരിലാന്‍ഡില്‍ സിഐഎ ഉദ്യോഗസ്ഥന്‍ ജോണ്‍ ഗ്രീനിയുടെ ഫോണ്‍ റിങ് ചെയ്തു. ചെറിയൊരു ക്രിപ്റ്റിക് സന്ദേശം. അതിന്റെ അര്‍ഥം ഗ്രഹിച്ച ആ സിഐഎ ഉദ്യോഗസ്ഥന്‍ അപ്പോള്‍ തന്നെ ന്യൂ ഡല്‍ഹിയിലേക്ക് കേബിള്‍ അയച്ചു. ദലൈലാമയ്ക്കും സംഘത്തിനും അഭയം നല്‍കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനോട് അഭ്യര്‍ഥിച്ചു. ചൈനയക്കെതിരെ ടിബറ്റന്‍ വിമതരെ രഹസ്യമായി സഹായിച്ചിരുന്നത് സിഐഎയാണ്. ഇതാണ് ഈ പ്രത്യേക താല്‍പ്പര്യത്തിന് കാരണം.ലാമയ്ക്ക് അഭയം നല്‍കിയാല്‍ ചൈനയുടെ ശത്രുത കൂടിയാണ് ക്ഷണിച്ച് വരുത്തുന്നതെന്ന് നെഹ്റുവിന് ഉറപ്പുണ്ടായിരുന്നു. ബെയ്ജിങ്ങില്‍ നിന്ന് അപ്പോഴേക്കും മുന്നറിയിപ്പുകളും വന്നു തുടങ്ങിയിരുന്നു. പക്ഷേ നെഹ്റു അപ്പോഴേക്കും തീരുമാനത്തിലേക്ക് എത്തിയിരുന്നു.
നെഹ്റുവിന്റെ നിര്‍ദേശ പ്രകാരം, അസം റൈഫിള്‍സ് തവാങ്ങിനടുത്തുള്ള ചുതാങ്മുലേക്ക് നീങ്ങി. ദലൈലാമയെയും അനുയായികളെയും ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ തയ്യാറായി നിന്നു. മാര്‍ച്ച് 31ന് ലാമയും സംഘവും ഖെന്‍സിമാന്‍ പാസിലൂടെ ഇന്ത്യയിലേക്ക് പ്രവേശിച്ചു.അസം റൈഫിള്‍സിലെ ഹവില്‍ദാര്‍ നരേന്‍ ചന്ദ്ര ദാസിന്റെ കാഴ്ചവട്ടത്തിലേക്കാണ് ആ രൂപം ആദ്യം നടന്നുകയറുന്നത്. ക്ഷീണിതനായ, മേലങ്കി ധരിച്ച ഒരു വ്യക്തി. ഇരുട്ടില്‍ ആ മുഖം വ്യക്തമല്ല. ഇനി ശരിക്കും കണ്ടെന്ന് പറഞ്ഞാലും അപ്പോള്‍ ആ മനുഷ്യനെ ഒരു ഇന്ത്യന്‍ ജവാന് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നില്ല. തങ്ങളുടെ സംഘം കാത്തിരിക്കുന്നത് ഈ സന്ന്യാസി സംഘത്തെയാണെന്ന് ആ ഹവില്‍ദാര്‍ മനസിലാക്കി. ഹവില്‍ദാര്‍ നരേന്‍ ചന്ദ്ര ദാസ് ടിബറ്റിന്റെ പതിനാലാമത്തെ ദലൈലാമയെ സല്യൂട്ട് ചെയ്തു.ആ സ്വാഗതത്തില്‍ ലാമ ഉറപ്പിച്ചു. ഇവിടെ ഞാന്‍ സുരക്ഷിതനാണ്.
ആറ് പതിറ്റാണ്ട് കാലം ആ ഉറപ്പിന് ഇന്ത്യ കാവല്‍ നിന്നു. പക്ഷേ അതിന് ഇന്ത്യ വലിയ വിലയും കൊടുക്കേണ്ടി വന്നു. 62-ലെ ചൈനായുദ്ധത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ പ്രശ്നമായിരുന്നു. അതിലെ ഇന്ത്യയുടെ തോല്‍വിയില്‍ ഹൃദയം പൊട്ടിയാണ്, നെഹ്റു മരിച്ചതെന്നുപോലും പില്‍ക്കാലത്ത് വിമര്‍ശനം വന്നു.
2000 കോടിയുടെ ആസ്തി
ദലൈലാമക്ക് ഏകദേശം രണ്ടായിരം കോടിയുടെ ആസ്തിയുണ്ട്. പരമ്ബരാഗതമായി ബുദ്ധ സന്യാസികള്‍ ലൗകിക സ്വത്തുക്കള്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ പിന്നെ ദലൈലമാക്ക് എങ്ങനെയാണ് ഇത്രയധികം ആസ്തി എന്ന ചോദ്യത്തിന് ഉത്തരം അദ്ദേഹം, ഒരു ഭരണാധികാരികൂടിയാണെന്നതാണ്. ദലൈലാമക്ക് ലഭിക്കുന്ന പണം അദ്ദേഹത്തിന്റേതുമാത്രമല്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ടിബറ്റന്‍ കമ്മ്യൂണിറ്റി സംരംഭങ്ങള്‍ക്കുമൊക്കെ വേണ്ടിയാണ് ഈ പണം എല്ലാം ഉപയോഗിക്കുക.58-ലധികം പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇതിന്റെ റോയല്‍ട്ടിയുണ്ട്. പ്രഭാഷണങ്ങള്‍, ക്യാഷ് അവാര്‍ഡുകള്‍ എന്നിവയിലൂടെയെല്ലാം ദലൈലാമക്ക് വന്‍ തുക ലഭിക്കുന്നുണ്ട്. നിരവധി രാജ്യാന്തര അംഗീകാരങ്ങള്‍ ദലൈലാമയെ തേടിയെത്തിയിട്ടുണ്ട്. പണമില്ലാതെ, ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ആകില്ലെന്നും പണം ഇല്ലാതെ ഒന്നും നടക്കില്ല എന്നുമൊക്കെ ദലൈലാമ തന്നെ പല തവണ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പണത്തെ ദൈവതുല്യമായോ, ഒരു വസ്തുവായോ കണക്കാക്കാന്‍ പാടില്ല എന്നതാണ് അദ്ദേഹത്തിന്റെ വീഷണം.





