നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന കാര്‍ വിഭാഗങ്ങളില്‍ ഒന്നാണ് സബ്-4 മീറ്റര്‍ എസ്‌യുവികളുടേത്. ഈ വിഭാഗത്തില്‍ കാറുകള്‍ പുറത്തിറക്കിയതിന് പിന്നാലെ സ്‌കോഡ പോലുള്ള കമ്ബനിയുടെ തലവര മാറുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റെക്കോഡ് വില്‍പ്പനയാണ് സ്‌കോഡ കൈലാക്ക് എന്ന സബ് 4 മീറ്റര്‍ എസ്‌യുവിയുടെ വരവോടെ നേടിയത്. ഈ വിഭാഗത്തില്‍പ്പെട്ട കാറുകളുടെ വില്‍പ്പന കൂടാന്‍ കാരണം ഇവയ്ക്ക് താരതമ്യേന വില കുറവാണ് എന്നതാണ്.
4 മീറ്ററില്‍ താഴെയുള്ള എസ്‌യുവികള്‍ക്ക് നികുതി കുറയുന്നതിനാല്‍ ഇവ കുറഞ്ഞ വിലയില്‍ വിലക്കാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ പല മുന്‍നിര കമ്ബനികളും ഈ വിഭാഗത്തില്‍ പുതിയ കാറുകള്‍ അവതരിപ്പിക്കാന്‍ മത്സരിക്കുകയാണ്. രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന് ഈ വിഭാഗത്തില്‍ നെക്‌സോണ്‍ എന്ന പോരാളിയുണ്ട്. പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്‌ട്രിക് എന്നിങ്ങനെ നാല് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ കഴിയുന്ന ഏക കാറാണ് നെക്‌സോണ്‍. ഏറെ കാലം ഈ സെഗ്‌മെന്റ് ഭരിച്ച് കൊണ്ടിരുന്ന ഒരു മോഡല്‍ കൂടിയാണ് നെക്‌സോണ്‍.ഇപ്പോള്‍ നെക്‌സോണിന് കൂട്ടായി ഈ വിഭാഗത്തില്‍ പുതിയ കാര്‍ കൂടി അവതരിപ്പിക്കാന്‍ ടാറ്റ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഓട്ടോകാര്‍ ഇന്ത്യയാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് ടാറ്റ മോട്ടോര്‍സ് പുത്തന്‍ കാറിനെ ‘സ്‌കാര്‍ലറ്റ്’ (Tata Scarlet) എന്നാണ് കോഡ് നാമം നല്‍കിയിരിക്കുന്നത്. 7 പുതിയ കാറുകള്‍ 2030 ആകുമ്ബോഴേക്കും വിപണിയിലെത്തിക്കാന്‍ ടാറ്റ പദ്ധതിയിടുന്നുണ്ട്. അതില്‍ ഒന്നായിരിക്കും സ്‌കാര്‍ലറ്റ്.ടാറ്റയുടെ വരാന്‍ പോകുന്ന 7 മോഡലുകളില്‍ ഒന്നാണ് സിയറ എന്ന കാര്യം എല്ലാവര്‍ക്കുമറിയാം.
സിയറയെ പോലെ സ്‌കാര്‍ലറ്റിനും ബോക്‌സി ഡിസൈന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത് മിനി സിയറ ആവാനുള്ള സാധ്യതകളും കാണുന്നു. ആവശ്യമെങ്കില്‍ സ്‌കാര്‍ലറ്റ് മോഡലിന്റെ ഇലക്‌ട്രിക് പതിപ്പും ടാറ്റ മോട്ടോര്‍സ് പുറത്തിറക്കും. ഐസി എഞ്ചിനും, ഇലക്‌ട്രിക് പവര്‍ട്രെയിനുകളെ പിന്തുണയ്ക്കുന്ന ഒരു മോണോകോക്ക് പ്ലാറ്റ്‌ഫോമിലായിരിക്കും ടാറ്റ സ്‌കാര്‍ലറ്റ് നിര്‍മ്മിക്കുക.എന്നാല്‍ ഇതിന്റെ സാങ്കേതിക വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.









