തെക്കൻ യുക്രൈനിലെ യുദ്ധമുഖത്തേക്കുള്ള പടക്കോപ്പുകള്‍ റഷ്യ കൊണ്ടുപോകുന്ന പ്രധാനപാതയായ ക്രൈമിയയിലെ കെർച്ച് പാലം യുക്രൈൻ സ്ഫോടനത്തില്‍ തകർത്തു.തൂണുകളുടെ ജലത്തിനടിയിലുള്ള ഭാഗത്ത് 1000 കിലോഗ്രാമിലേറെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പാലം തകർത്തതെന്ന് യുക്രൈൻ സുരക്ഷാസർവീസായ എസ്ബിയു പറഞ്ഞു. പാലം തകരുന്നതിന്റെ വീഡിയോയും എസ്ബിയു പുറത്തുവിട്ടു. എന്നാല്‍, പാലത്തിന്റെ എത്രത്തോളം ഭാഗത്ത് കേടുപാടുണ്ടായെന്നതില്‍ വ്യക്തതയില്ല.ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന ഈ പാലം 2022 ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങിയശേഷം ഇത് മൂന്നാം തവണയാണ് യുക്രൈൻ ആക്രമിക്കുന്നത്. ചൊവ്വാഴ്ച രാവിലെ നാലുമണിക്കൂറോളം പാലത്തിലൂടെയുള്ള ഗതാഗതം റഷ്യ നിർത്തിവെച്ചിരുന്നു.
2022 ഒക്ടോബറിലുണ്ടായ ആക്രമണത്തില്‍ പാലം ഭാഗികമായി തകർന്നിരുന്നു. കെർച്ച് കടലിടുക്കിനു കുറുകെ 19 കിലോമീറ്റർ നീളമുള്ള ഈ റെയില്‍-റോഡ് പാലം യൂറോപ്പിലെ ഏറ്റവും നീളംകൂടിയ പാലമാണ്. 2018 മേയ് 15-ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനാണ് ഉദ്ഘാടനം ചെയ്തത്.ഞായറാഴ്ച റഷ്യയുടെ സൈബീരിയൻ പ്രദേശത്തെ അഞ്ചുവ്യോമതാവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തി 40 യുദ്ധവിമാനങ്ങള്‍ തകർത്തെന്ന് യുക്രൈൻ അവകാശപ്പെട്ടിരുന്നു. 2014-ലെ യുദ്ധത്തിലൂടെയാണ് യുക്രൈനില്‍നിന്ന് റഷ്യ ക്രൈമിയ പിടിച്ചത്.
മരിച്ക എന്നു പേരുള്ള യുക്രൈൻ നിർമിത ആളില്ലാ അന്തർവാഹിനിയാണ് പാലം തകർത്തതിനു പിന്നിലെന്നാണ് ആരോപണം. അതിവിപുലമായ സംവിധാനങ്ങളും ബഹുലക്ഷ്യങ്ങള്‍ പൂർത്തീകരിക്കാനുള്ള കഴിവുമാണ് ഇതിന്റെ പ്രത്യേകത. കപ്പലുകള്‍, പാലങ്ങള്‍, തീരദേശ ബങ്കറുകള്‍ തുടങ്ങിയവയെല്ലാം നശിപ്പിക്കാൻ സാധ്യമാവുംവിധമാണ് മരിച്കയുടെ രൂപകല്പന. റഡാറിലോ സ്കാനറുകളിലോ സോണാർ സംവിധാനങ്ങളിലോ പതിയാതെ വെള്ളത്തിനടിയില്‍ മണിക്കൂറുകളോളം നിലയുറപ്പിച്ച് തക്കതായ സമയംനോക്കി ആക്രമിക്കാൻ മരിച്കയ്ക്ക് കഴിവുണ്ടെന്ന് ഇത് വികസിപ്പിച്ചവർ അവകാശപ്പെടുന്നു. സിഗ്നല്‍ പ്രവർത്തനക്ഷമമാകുന്നതുവരെ സ്റ്റാൻഡ്ബൈ മോഡില്‍ നിശ്ശബ്ദമായി കാത്തിരിക്കും.
സുരക്ഷാ കാരണങ്ങളാല്‍ ഇതിന്റെ പല പ്രത്യേകതകളും പുറത്തുവിട്ടിട്ടില്ല. എങ്കിലും ആറുമീറ്റർ നീളം, ഒരുമീറ്റർ വീതി, ആയിരം കിലോമീറ്റർ വരെ ദൂരപരിധി എന്നീ വിവരങ്ങളെല്ലാം ലഭ്യമാണ്. 2023-ലാണ് യുക്രൈൻ ഇത് ആദ്യമായി വിജയകരമായി പരീക്ഷിക്കുന്നത്. മരിച്കയെക്കൂടാതെ മറ്റു കുറഞ്ഞ അളവില്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാൻ കഴിയുന്ന അന്തർവാഹിനി ഡ്രോണുകളും യുക്രൈൻ വികസിപ്പിച്ചിട്ടുണ്ട്.







