പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ.ഐ.സി.സി നേതൃത്വം നിയമിച്ചിരിക്കുന്നത്. ഈ ടീം യു.ഡി.എഫിന്റെ ഐതിഹാസികമായ തിരിച്ചുവരവിന് നേതൃത്വം നല്‍കും എന്നാണ് അണികളും അനുഭാവികളും പ്രത്യാശിക്കുന്നത്. സന്തോഷകരമായ പ്രഖ്യാപനമാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്നുണ്ടായത് എന്നാണ് പൊതുവികാരം.
പതിവു പോലുള്ള സോഷ്യല്‍ ബാലന്‍സിങ് ഇത്തവണയും ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ പോലെയല്ല. എല്ലാ മത ജാതി വിഭാഗങ്ങളും കോണ്‍ഗ്രസിലുണ്ട്. ഓരോ പൊളിച്ചെടുത്തിലും പാർട്ടി ഈ സമവാക്യങ്ങൾ കൃത്യതയോടെ പാലിച്ചു പോകുവാൻ ശ്രമിക്കാറുണ്ട്. ഇത്തവണയും ഒഴിവാക്കപ്പെട്ടെന്ന് ഒരു വിഭാഗങ്ങള്‍ക്കും തോന്നാത്ത തരത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനും മൂന്നാം തവണയും എം.എല്‍.എയായും തുടരുന്ന നേതാവാണ് സണ്ണി ജോസഫ്. മികച്ച പാര്‍ലമെന്റേറിയനും സംഘാടകനും അഭിഭാഷനുമാണ് അദ്ദേഹം. നിയമസഭയില്‍ ഏത് സങ്കീര്‍ണമായ വിഷയവും അതിമനോഹരമായി അവതരിപ്പിക്കാന്‍ സണ്ണി ജോസഫിന് സാധിച്ചിട്ടുണ്ട്. എല്ലാ കഴിവുകളും പരിഗണിച്ചാണ് അദ്ദേഹത്തെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്.
ഇനി ലക്ഷ്യം യുഡിഎഫിന് 100 സീറ്റ്
യു.ഡി.എഫിനെ നൂറ് സീറ്റിലധികം നേടി അധികാരത്തില്‍ എത്തിക്കാനുള്ള ഉത്തരവാദിത്വം ആണ് പുതിയ ടീമിനുള്ളത്. കൂട്ടായ നേതൃത്ത്വമാവും ഇനി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഉള്‍പ്പെടെയുള്ള മിടുക്കരുടെ ഒരു നീണ്ട നിരയുള്ള കോൺഗ്രസിന് നേതൃത്വതലത്തിലെ ഐക്യം മുതൽക്കൂട്ട് ആകുമെന്നും ഭരണവിരുദ്ധ വികാരം മുതലെടുത്ത് വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരികെയെത്തുവാൻ കഴിയുമെന്നും ആണ് പുതിയ പ്രഖ്യാപനത്തിനു ശേഷമുള്ള പൊതു വിലയിരുത്തൽ.





