മുന്‍ ഗവ.പ്ലീഡര്‍ പി.ജി. മനുവിന്റെ ആത്മഹത്യയില്‍ ഒരാള്‍ അറസ്റ്റില്‍. പിറവം സ്വദേശി ജോണ്‍സണ്‍ ജോയി ആണ് അറസ്റ്റിലായത്. ഇയാള്‍ മനുവിനെതിരേ കഴിഞ്ഞ നവംബറില്‍ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കൃത്യമായ ഗൂഢാലോചന ഉണ്ടായതായാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.
കഴിഞ്ഞ അഞ്ചുമാസമായി മനുവിനെ അതിക്രൂരമായി ജോണ്‍സന്‍ വേട്ടയാടിയെന്നാണ് പൊലീസ് കണ്ടെത്തല്‍. മാപ്പ് വിഡിയോ ചിത്രീകരിച്ച് അതുവച്ച് ബ്ലാക്ക്മെയില്‍ ചെയ്തെന്നും ഭാര്യയുടെയും സഹോദരിയുടെയും മുന്നിലിട്ട് മനുവിനെ തല്ലിച്ചതച്ചുവെന്നും പൊലീസ് പറയുന്നു. പിറവം അഞ്ചല്‍പ്പെട്ടി പ്ലാന്തോട്ടത്തില്‍ വീട്ടില്‍ ജോണ്‍സണ്‍ ജോയ് (40) ഒരു കൊലപാതക ശ്രമകേസിലെ പ്രതിയാണ്.
2024 ഒക്ടോബർ മാസത്തില്‍ ജോണ്‍സണ്‍ ജയിലില്‍ ആയിരുന്നു. തുടർന്ന് കേസ് നടത്തുന്നതിന് വേണ്ടിയാണ് ജോണ്‍സന്റെ ഭാര്യ അഭിഭാഷകനായ മനുവിനെ സമീപിക്കുന്നത്. നവംബർ മാസത്തില്‍ ജോണ്‍സണ്‍ ജയിലില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. ഇതിനുശേഷമാണ് ഒരു പീഡന ആരോപണം അഭിഭാഷകനായ മനുവിനെതിരെ ജോണ്‍സണ്‍ ആരോപിക്കുന്നത്. ജോണ്‍സണ്‍ മനുവിനെ വിളിച്ച് നിരവധി തവണ കേസ് കൊടുക്കുമെന്ന് ഫോണ്‍ മുഖേനയും നേരിട്ടും ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍.
2024 നവംബർ മാസം പരാതി ഒത്തു തീർപ്പാക്കാമെന്ന് പറഞ്ഞ് ജോണ്‍സന്‍റെ എറണാകുളം പുതുശേരിപ്പടി കുരിശുപള്ളിക്ക് സമീപമുള്ള വാടക വീട്ടിലേക്ക് മനുവിനെയും മനുവിന്റെ ഭാര്യയേയും സഹോദരിയേയും വിളിച്ചു വരുത്തി. ഇവിടെ വച്ചാണ് മനുവും കുടുംബാംഗങ്ങളും അറിയാതെ ജോണ്‍സണ്‍ വിഡിയോ റെക്കോർഡ് ചെയ്തത്. ജോണ്‍സണ്‍ വളരെ മോശമായ രീതിയില്‍ മനുവിനെ സഹോദരിയുടേയും ഭാര്യയുടേയും മുമ്ബില്‍ വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചു. അസഭ്യം പറഞ്ഞത് അപമാനിക്കുകയും ചെയ്‌തു. ഈ ദൃശ്യമാണ് മനുവിനെ ജീവനൊടുക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.
റെക്കോർഡ് ചെയ്ത വിഡിയോ ഉപയോഗിച്ചായിരുന്നു ജോണ്‍സന്റെ തുടർന്നുള്ള ബ്ലാക്ക്മെയില്‍ . മനു പോകുന്ന വഴികളില്‍ പലയിടത്തും ജോണ്‍സണ്‍ പിൻതുടർന്ന് ഇക്കാര്യം പറഞ്ഞ് അപമാനിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്‌തിരുന്നതായി പൊലീസ് പറയുന്നു. ഈ വർഷം മാർച്ച് വരെ ഇത്തരത്തിലുള്ള ബ്ലാക്ക്മെയിലിന് മനു വിധേയനായി. പണം തന്നാല്‍ പ്രശ്നം തീർക്കാം എന്നായിരുന്നു ജോണ്‍സണ്‍ പറഞ്ഞത്. ഇതിന് മനു വഴങ്ങാത്തതിനാല്‍ വീണ്ടും പലരീതിയിലുള്ള സമ്മർദങ്ങള്‍ക്ക് ജോണ്‍സണ്‍ തുടക്കമിട്ടു.ഏപ്രില്‍ ആദ്യം ജോണ്‍സന്‍ സമൂഹമാധ്യമങ്ങളിലൂടെ മനുവിന്‍റെ വിഡിയോപങ്കുവച്ചു. ഇതോടെ ഒരു വിഭാഗം ആളുകള്‍ മനുവിനെ ആക്ഷേപിച്ചും പരിഹസിച്ചും വിഡിയോ പങ്കുവച്ചു. മനുവിന് നാട്ടിലും വീട്ടിലും നില്‍ക്കാൻ പറ്റാത്ത അവസ്ഥയായി. നാണക്കേടില്‍ കോടതികളില്‍ ജോലിക്ക് പോകാനും പറ്റാതെയായി. പ്രചരിച്ച വിഡിയോ കണ്ടിട്ട് പലരും ഫോണില്‍ വിളിച്ചതോടെ മനു കൂടുതല്‍ സമ്മർദത്തിലായി.
ഇതിനിടെ ജോണ്‍സണ്‍ ചില സുഹൃത്തുക്കള്‍ വഴിയും ഓണ്‍ലൈൻ ചാനല്‍ വഴിയും മറ്റും മനുവിനെ വീണ്ടും സമ്മർദത്തിലാക്കിയെന്നും പൊലീസ് പറയുന്നു.മുൻപ് ആരോപണമായി പറഞ്ഞത് പരാതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്യിപ്പിക്കുമെന്നും അങ്ങനെ വന്നാല്‍ നേരത്തെയുള്ള പീഡന കേസിലെ ജാമ്യം റദ്ദാക്കുമെന്നും അനിശ്ചിത കാലം ജയിലില്‍ പോകേണ്ടി വരുമെന്നും ജോണ്‍സണ്‍ ഭീഷണിപ്പെടുത്തി. ഇതിനിടെ വിഡിയോ പ്രകാരം ഒരു ന്യൂസ് ചാനലില്‍ വാർത്ത വരികയും ചെയ്തെന്നാണ് പൊലീസ് കണ്ടെത്തല്‍. ജോണ്‍സന്റെ പലതരത്തിലുള്ള ഭീഷണിയും , അപമാനവും, ജോണ്‍സന്റെ സുഹൃത്തുക്കളുടേയും ഓണ്‍ലൈൻ ചാനലിന്‍റെയും ഭീഷണിയും മനുവിനെ കടുത്ത മാനസിക സംഘർഷത്തില്‍ ആക്കിയെന്ന് പൊലീസ് പറയുന്നു. സമൂഹത്തിലെ പല തലങ്ങളില്‍ നിന്ന് നേരിട്ടു കൊണ്ടിരുന്ന അപമാനം മനുവിനെ ജീവനൊടുക്കുന്നതിലേക്ക് നയിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍.





