കോട്ടയം പനമ്ബാലത്ത് ലോണ്‍ അടവ് മുടങ്ങിയതിന് ഗൃഹനാഥനെ വീട്ടില്‍ കയറി മർദ്ദിച്ചു. ഹൃദയരോഗിയായി സുരേഷിനെയാണ് ബെല്‍സ്റ്റാർ ഫിനാൻസിലെ ജീവനക്കാരൻ ജാക്സണ്‍ ആക്രമിച്ചത്.പ്രതിയെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബെല്‍സ്റ്റാർ ഫിനാൻസിലെ ജീവനക്കാരൻ ജാക്ക്സണ്‍ ഇന്ന് രാവിലെയാണ് സുരേഷിന്‍റെ പനംപാലത്തുള്ള വീട്ടിലെത്തിയത്. സിറ്റൗട്ടിലിരുന്ന സുരേഷിനോട് ജാക്സണ്‍ പണം അടയ്ക്കാൻ ആവശ്യപ്പെട്ടു.നിലവില്‍ കയ്യില്‍ പണമില്ലെന്നും സാവകാശം വേണമെന്നും സുരേഷ് ആവശ്യപ്പെട്ടു. പിന്നാലെ ജാക്സണ്‍ സുരേഷിനെ അസഭ്യം പറഞ്ഞു. ഇതിനിടയില്‍ വീട്ടിലുണ്ടായിരുന്ന പ്ലാസ്റ്റർഓഫ് പാരീസ് പ്രതിമയെടുത്ത് ജാക്സണ്‍ സുരേഷിനെ അടിച്ചു. തലയ്ക്കും ചെവിക്ക് പിന്നിലും പരിക്കേറ്റു. ബഹളംകേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി ഗാന്ധിനഗർ പൊലീസില്‍ ഏല്‍പ്പിച്ചത്.
35000 രൂപയാണ് സുരേഷ് വായ്പയായി എടുത്തത്. കൃത്യമായി പണം അടച്ചു വരികയായിരുന്നു. കുറച്ച് നാള്‍ മുമ്ബ് ആഞ്ചിയോപ്ലാസ്റ്റി ചെയ്തതും ചികിത്സ തുടർന്നതും സാമ്ബത്തിക ബുദ്ധിമുട്ടുണ്ടാക്കി. ഇതോടെയാണ് പണം അടക്കുന്നത് മുടങ്ങിയത്. ഇനി പതിനായിരം രൂപയില്‍ താഴെ മാത്രമാണ് അടക്കാനുള്ളത്. ചെവിക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റ സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി ജാക്സണെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.





