കസ്റ്റഡി മരണത്തിനും ലോക്കപ്പ് പീഡനത്തിനും കുപ്രസിദ്ധി ആർജിച്ച മരങ്ങാട്ടുപള്ളി പോലീസ് കേസന്വേഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അഴിഞ്ഞാടുന്നു. ക്രൈം നമ്പർ 56 / 25 എന്ന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം മൂന്നര മണിയോടെ പ്രതിയായ യുവാവിൻറെ അമ്മയുടെ സഹോദരനെയാണ് (അനി ജോർജ്, കാവിങ്കൽ ഹൗസ്, തുരുത്തിക്കാട്) പോലീസ് അനധികൃതമായി കസ്റ്റഡിയിലെടുത്തത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കുന്ന ഇയാളെ പോലീസ് സ്റ്റേഷനിൽ ക്രൂര പീഡനത്തിനിരയാക്കി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

ഗുരുതരാവസ്ഥയിൽ ആയതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്റ്റേഷനിൽ വച്ച് അനധികൃത കസ്റ്റഡിയിൽ പീഡനം നേരിട്ട ഇയാൾ രക്തം ഛർദ്ദിക്കുകയും തുടർന്ന് ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ആദ്യം ഇദ്ദേഹത്തെ മരങ്ങാട്ടുപള്ളിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരുടെ ഉപദേശപ്രകാരം അടിയന്തരമായി പോലീസ് തന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. മരങ്ങാട്ടുപള്ളി എസ് എച്ച് ഒയുമായി ബന്ധപ്പെട്ടപ്പോൾ ഇയാൾ പ്രതിയാണെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയാണെന്നും, പോലീസ് നടപടിക്രമങ്ങളുടെ ഭാഗമായുള്ള മെഡിക്കൽ പരിശോധനകൾക്കായി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി എന്നുമാണ് പറയുന്നത്.

ലേബർ ഇന്ത്യ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരത്തിനിടെ യുവാക്കൾ ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് ഇത് പറഞ്ഞു തീർക്കാൻ വില്ലുപാറ അമ്പലത്തിന് സമീപം ഇരു പക്ഷവും ഒത്തുകൂടിയപ്പോൾ വീണ്ടും സംഘർഷം ഉണ്ടായി. ഈ കേസിൽ രണ്ടാം പ്രതിയായ സുജിത്ത് എന്ന 20 വയസ്സുകാരനായ യുവാവിന്റെ അമ്മയുടെ സഹോദരനാണ് സ്റ്റേഷനിൽ പീഡനത്തിനിരയായ അനി. ഈ കേസിലെ എഫ്ഐആറിൽ അനിരുദ്ധനും സുജിത്തും മാത്രമാണ് പ്രതികൾ എന്നിരിക്കെ രണ്ടാം പ്രതിയുടെ മാതൃ സഹോദരനെ അനധികൃതമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച് രക്തം ഛർദ്ദിപ്പിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ പോലീസിനെതിരെ ഉയരുന്നത്.

പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും വീടുകളിൽ സ്ത്രീകളും കുട്ടികളും ഉള്ളപ്പോൾ വനിതാ പോലീസിന്റെ പോലും സാന്നിധ്യം ഇല്ലാതെ പോലീസ് സംഘം പരിശോധന എന്ന പേരിൽ അഴിഞ്ഞാടുന്നു എന്ന് ആരോപണവും ഉയരുന്നുണ്ട്. വൈക്കം സ്വദേശിയായ സിവിൽ പോലീസ് ഓഫീസറിൽ നിന്ന് രണ്ടാം പ്രതിയായ യുവാവിന്റെ അമ്മയ്ക്കും സഹോദരിക്കും നേരെ അവഹേളനപരമായ പരാമർശങ്ങളും ഭീഷണിയും നേരിടേണ്ടിവന്നു എന്ന ആക്ഷേപം ശക്തമാണ്. അനിയെ അനധികൃതമായി കസ്റ്റഡിയിലെടുത്തപ്പോൾ അത് ചോദ്യം ചെയ്ത അയാളുടെ ഭാര്യയെയും പോലീസ് സംഘം അസഭ്യം പറഞ്ഞു എന്നും ആരോപണമുയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക