മുംബൈ:വിക്രോളി കണ്ണംവാർ നഗറിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ പതിമൂന്നാം നിലയിൽ നിന്ന് ചാടിയ നിർമാണ തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു.എട്ടാമത്തെയും മൂന്നാമത്തെയും നിലകളിൽ സ്ഥാപിച്ചിരുന്ന സുരക്ഷാവലകളിൽ വീണത് കൊണ്ട് രക്ഷപെടുക ആയിരുന്നു ഇയാൾ.26 കാരനായ വിർജുപ്രസാദ് രമേഷ് ബനാർവ എന്ന തൊഴിലാളി മാസങ്ങളായി മാനസിക അസ്വസ്ഥത കാണിച്ചിരുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയായ വിർജുപ്രസാദ് രണ്ട് ദിവസമായി സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.ജനുവരി 13 ന് തിലക് നഗർ ടെർമിനസിലേക്ക് പോയ ഇയാൾ ട്രെയിനിൽ കയറുന്നതിന് പകരം ആരോ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു.വിക്രോളിയിലെ സൂപ്പർവൈസറെ പോലീസ് ബന്ധപ്പെടുകയും അദ്ദേഹം ഇയാളെ നിർമ്മാണ സ്ഥലത്തേക്ക് വീണ്ടും തിരികെ കൊണ്ടുപോവുകയും ആയിരുന്നു.
എന്നാൽ ചൊവ്വാഴ്ച, വിർജുപ്രസാദ് കെട്ടിട നമ്പർ 57-ൻ്റെ 13-ാം നിലയിൽ കയറി ചാടി.എട്ടാം നിലയിൽ സ്ഥാപിച്ച സുരക്ഷാവലയിലേക്കാണ് വിർജു വീണത്. എന്നാൽ അവിടെ നിന്നും വീണ്ടും ചാടി 3-ാം നിലയിലെ മറ്റൊരു വലയിൽ കുടുങ്ങി. ശേഷം വീണ്ടും ചാടാൻ ശ്രമം നടത്തിയപ്പോൾ താഴെ തൊഴിലാളികൾ പിടിച്ചിരുന്ന വലയിൽ വീണു. പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടുകയും വിക്രോളി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.സഹപ്രവർത്തകരുടെ സഹായത്തോടെ ഗോരഖ്പൂരിലേക്ക് സുരക്ഷിതമായി മടങ്ങാൻ അധികൃതർ ക്രമീകരണം ചെയ്തിട്ടുണ്ട്. വിധിയുടെ പ്രവചനാതീതതയും നിർമ്മാണ സൈറ്റുകളിലെ സുരക്ഷാ നടപടികളുടെ മൂല്യവും ഈ സംഭവം വീണ്ടും ഉയർത്തിക്കാട്ടുന്നു.





