കത്തോലിക്ക സഭയുടെ കർദിനാള്‍മാരുടെ ഗണത്തില്‍ ഇനി മാർ ജോർജ് കൂവക്കാടും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാൻസിസ് മാർപാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചതോടെ മാർ കൂവക്കാട് കർദിനാള്‍ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
ഭാരത കത്തോലിക്ക സഭയ്ക്ക് ഇത് ചരിത്ര നിമിഷവും അഭിമാനമുഹൂർത്തവുമായി.
ഇന്ത്യൻ സമയം രാത്രി 9.23-ന് ഇരുപതാമത്തെ ആളായാണ് മാർ ജോർജ് കൂവക്കാട് സ്ഥാനാരോഹണം നടത്തിയത്. ചുവന്ന വസ്ത്രത്തിന് പുറത്ത് കറുത്തവസ്ത്രം ധരിച്ചാണ് മാർ ജോർജ് കൂവക്കാട് സ്ഥാനാരോഹണത്തിനെത്തിയത്.ദൈവത്തിന് എളിമയോടെ ഹൃദയം സമർപ്പിക്കണമെന്നും മറ്റുള്ളവരെക്കുറിച്ച് കരുതല്‍ വേണമെന്നും പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനുള്ള വഴിയാണ് നമ്മുടെ മുന്നിലുള്ളതെന്നും നിയുക്ത കർദിനാള്‍മാരോട് മാർപ്പാപ്പ ആഹ്വാനം ചെയ്തു.
സഭയ്ക്കുവേണ്ടി രക്ഷസാക്ഷിത്വം വഹിക്കാനും തയാറാണെന്നതിന്റെ സൂചനയായിട്ടാണ് ചുവപ്പ് കുപ്പായം ധരിക്കുന്നത്. വലതുകൈയില്‍ സ്ഥാനമോതിരവും കർദിനാള്‍ത്തൊപ്പിയും അണിയിച്ചപ്പോള്‍ കേരളത്തിലെ കത്തോലിക്ക സമൂഹത്തിനും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ രൂപതയായ ചങ്ങനാശേരി അതിരൂപതയ്ക്കും അത് അവിസ്മരണീയ നിമിഷമായി. കർദിനാള്‍മാർ ഓരോരുത്തരായി വിശ്വാസപ്രഖ്യാപനം നടത്തി മാർപാപ്പയോടുള്ള കൂറും പ്രഖ്യാപിച്ചു.
സഭയുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുമെന്ന സത്യപ്രതിജ്ഞയും ഇതോടൊപ്പം പ്രഖ്യാപിച്ചു.മാർ കൂവക്കാടിനൊപ്പം 21 പേരെയാണ് കർദിനാള്‍ പദവിയിലേക്ക് മാർപാപ്പ ഉയർത്തിയത്. ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി എട്ടരയ്ക്ക് നിയുക്ത കർദിനാള്‍മാരെ പള്ളിയിലേക്ക് ആനയിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ചടങ്ങിന് സാക്ഷികളാകാൻ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍, കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ തോമസ് തറയില്‍, ആർച്ച ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉള്‍പ്പെടെയുള്ളവർ ചടങ്ങുകളില്‍ പങ്കെടുത്തു.
കർദിനാള്‍ സ്ഥാനമേറ്റ മാർ ജോർജ് കൂവക്കാടിനെ മാർപാപ്പ ധരിപ്പിച്ചത് സിറോ മലബാർ സഭ ഉള്‍പ്പെടുന്ന പൗരസ്ത്യ സുറിയാനി സഭാ പൈതൃകത്തിലെ മെത്രാന്മാരുടെ തലപ്പാവാണ്. റോമൻ സഭയില്‍ കർദിനാള്‍മാർ ധരിക്കുന്നത് ബിറെറ്റാ എന്ന് അറിയപ്പെടുന്ന ചുവന്ന മുക്കോണൻ തൊപ്പിയാണ്. പൗരസ്ത്യ സഭാ അംഗങ്ങളായ മെത്രാന്മാർ കർദിനാള്‍ സ്ഥാനം സ്വീകരിക്കുമ്ബോള്‍ തങ്ങളുടെ സഭാ പാരമ്ബര്യപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്ന പതിവാണ് ഉള്ളത്. അതിൻപ്രകാരം സുറിയാനി സഭയിലെ മെത്രാൻമാരുടെ ഔദ്യോഗിക വസ്ത്രങ്ങളായ ചുവന്ന ളോഹ, ഉള്ളില്‍ ചുവപ്പ് അരികുകള്‍ ഉള്ള കറുത്ത മേല്‍ക്കുപ്പായം കറുപ്പും ചുവപ്പും ചേർന്ന തലപ്പാവ് എന്നിവയാണ് കർദിനാള്‍ മാർ ജോർജ് കൂവക്കാട് ധരിച്ചത്. സിറോ മലബാർ സഭയില്‍ നിന്നുള്ള കർദിനാള്‍ മാർ ജോർജ്ജ് ആലഞ്ചേരിയും ഇതേ വേഷ വിധാനങ്ങള്‍ തന്നെയാണ് ധരിക്കുന്നത്.
കത്തോലിക്കാ സഭയിലെ രാജകുമാരൻമാരെന്നാണ് കർദ്ദിനാള്‍മാർ അറിയപ്പെടുന്നത്. കത്തോലിക്കാസഭയിലെ പൗരോഹിത്യ ശ്രേണിയില്‍ മാർപാപ്പ കഴിഞ്ഞാല്‍ ഒരു പുരോഹിതന് എത്താൻ കഴിയാവുന്ന ഏറ്റവും ഉയർന്ന സ്ഥാനമാണിത്. കർദ്ദിനാള്‍ തിരുസംഘത്തില്‍ അംഗമാകുന്നതോടെ മാർപാപ്പയുടെ ഔദ്യോഗികമായ ഉപദേശക സംഘത്തിലാണ് മാർ. കൂവക്കാട് ഉള്‍പ്പെടുന്നത്.
സാധാരണ മെത്രാന്മാരാണ് കത്തോലിക്കാ സഭയില്‍ കർദിനാള്‍മാരായി ഉയർത്തപ്പെടുക. മോണ്‍. ജോർജ് കൂവക്കാടിനെ വൈദിക പദവിയില്‍ നിന്ന് നേരിട്ട് കർദിനാളായി ഉയർത്തുകയായിരുന്നു. ഇന്ത്യയില്‍ നിന്നും നേരിട്ട് കർദിനാള്‍ പദവിയിലെത്തുന്ന ആദ്യ വൈദികനാണ് മാർ.ജോർജ് കൂവക്കാട്. നേരിട്ട് കർദ്ദിനാളായി ഉയർത്തപ്പെട്ട ജോർജ് ജേക്കബ്ബ് കൂവക്കാടിനെ, ഔദ്യോഗിക സ്ഥാനാരോഹണത്തിന് മുന്നോടിയായി നവംബർ 25 ന് ആർച്ച് ബിഷപ്പായി പ്രഖ്യാപിച്ചു. പുരാതന പൗരസ്ത്യ സുറിയാനി സഭാ കേന്ദ്രമായിരുന്ന നിസിബിസിലുണ്ടായിരുന്ന കല്‍ദായ കത്തോലിക്കാ രൂപതയുടെ സ്ഥാനിക ആർച്ച് ബിഷപ്പ് സ്ഥാനമാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.
മാർ ജോർജ് കൂവക്കാടിനെ കർദിനാള്‍ പദവിയിലേക്ക് ഉയർത്തുന്നത് ഭാരതത്തിന് അഭിമാനകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്‌സ് പേജിലാണ് കൂവക്കാടിനെ പ്രശംസിച്ച് പോസ്റ്റ് പങ്കുവെച്ചത്. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ കേന്ദ്രസർക്കാർ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അയച്ചുവെന്നും ചടങ്ങുകള്‍ക്ക് മുമ്ബ്, ഇന്ത്യൻ പ്രതിനിധികള്‍ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു. പ്രതിനിധികള്‍ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നതിന്റെ ചിത്രവും പ്രധാനമന്ത്രി പങ്കുവച്ചു.





