മുംബൈ:എട്ട് വർഷത്തിന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള താപനില രേഖപ്പെടുത്തി ദിവസങ്ങൾക്കുള്ളിൽ, കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിവസവും ഡിസംബറിൽ രേഖപ്പെടുത്തി.നഗരത്തിൽ
കഴിഞ്ഞ ദിവസം പരമാവധി താപനില 37.3 ഡിഗ്രി സെൽഷ്യസായി ഉയർന്നു.ബുധനാഴ്ച പുലർച്ചെ നേരിയ ചാറ്റൽമഴ ലഭിച്ചതിന് ശേഷം നഗരത്തിലെ പല ഭാഗങ്ങളിലും താപനില കുതിച്ചുയർന്നു.
അടുത്ത 3-4 ദിവസങ്ങളിൽ മുംബൈയിൽ ചൂട് കൂടിയ ദിവസങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബുധനാഴ്ച രാവിലെ, ജുഹു, ബാന്ദ്ര, ഗോരെഗാവ്, തുടങ്ങി നിരവധി ഭാഗങ്ങളിൽ ചാറ്റൽമഴ ലഭിച്ചിരുന്നു.എന്നാൽ ഉച്ചയ്ക്ക് ശേഷം നഗരത്തിൽ കനത്ത ചൂട് അനുഭവപ്പെട്ടു.
IMD യുടെ സാന്താക്രൂസ് കേന്ദ്ര ത്തിൽ 37.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, ഇത് സാധാരണയേക്കാൾ 4 ഡിഗ്രി കൂടുതലാണ്. 16 വർഷത്തിനിടെ നഗരത്തിലെ ഏറ്റവും ചൂടേറിയ ദിവസമാണിതെന്ന് IMD ഡാറ്റ കാണിക്കുന്നു. ഇതിനുമുമ്പ്, 2008-ൽ ഡിസംബർ 5-ന് ഏറ്റവും കൂടിയ താപനില 37.7 ഡിഗ്രിയിൽ എത്തിയതാണ് ഏറ്റവും ചൂടേറിയ ദിവസം.
അതേസമയം, അടുത്തിടെ ഉണ്ടായ ചുഴലിക്കാറ്റിൻ്റെ അനന്തര ഫലമാണിതെന്ന് ഐഎംഡി മുംബൈ ഡയറക്ടർ സുനിൽ കാംബ്ലെ പറഞ്ഞു. “ചുഴലിക്കാറ്റിനെത്തുടർന്ന് അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു, ഇത് ഈർപ്പത്തിൻ്റെ കടന്നുകയറ്റത്തിന് കാരണമായി. ഇത് ചില ഭാഗങ്ങളിൽ മഴ പെയ്യിച്ചു,” കാംബ്ലെ പറഞ്ഞു.
അടുത്ത രണ്ട് ദിവസത്തേക്ക് അയൽ ജില്ലകളായ റായ്ഗഡിലും രത്‌നഗിരിയിലും നേരിയ മഴ തുടരുമെന്ന് ഐഎംഡി അറിയിച്ചു. ഡിസംബർ 7 ന് ശേഷം ശീതകാലം പോലെയുള്ള താപനില ആരംഭിക്കാൻ സാധ്യതയുണ്ട്. “അടുത്ത 2-3 ദിവസത്തേക്ക്, താപനില 35 ഡിഗ്രി പരിധിയിൽ തുടരാം ,കാംബ്ലെ കൂട്ടിച്ചേർത്തു.
കഴിഞ്ഞ 16 വർഷത്തിനിടയിൽ ഡിസംബറിലെ ഏറ്റവും ചൂടേറിയ ദിവസമാണ് ബുധനാഴ്ചയെങ്കിൽ, ഡിസംബറിലെ ഏറ്റവും ചൂടേറിയ ദിവസം 1987-ൽ രേഖപ്പെടുത്തിയ 39.8 താപനില ആയിരുന്നു.





