സീറോ മലബാര്‍ സിനഡ് പിതാക്കന്മാരുടെ പടല പിണക്കവും ധാര്‍മികതയില്ലായ്മയും അധികാര ധാര്‍ഷ്ട്യവും മൂലം എറണാകുളം-അങ്കമാലി അതിരൂപത അതിഗുരുതര പ്രതിസന്ധി മറനീക്കി പുറത്തേക്ക്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരിനോട് എട്ട് ഡീക്കന്മാര്‍ക്ക് പട്ടം നല്‍കുന്നതുവരെ സഹകരിക്കുകയില്ല എന്നു പറഞ്ഞ കൂരിയാ അംഗങ്ങള്‍ അതിരൂപത ആസ്ഥാനത്ത് നിന്നിറങ്ങി പോയിരുന്നു.

ഇതിനു പിന്നാലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ബോസ്‌കോ പുത്തൂരും അരമന വിട്ടിറങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വാര്‍ത്ത ബോസ്‌കോ പുത്തൂർ വിശ്വാസികള്‍ക്ക് അയച്ച കത്തില്‍ സ്ഥിരീകരിച്ചു. സമീപകാലത്തുണ്ടായ ചില പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, അതിരൂപതാ കൂരിയയുടെ സേവനം തുടരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുന്നെന്നു കത്തില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കത്തിന്റെ പൂര്‍ണരൂപം:

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളെയും സ്ഥാപനങ്ങളെയും സന്യാസ സമൂഹങ്ങളെയും ഏകോപിപ്പിക്കുകയും, അജപാലനപരമായ ആവശ്യങ്ങള്‍ നിയമാനുസൃതം സാധിച്ചു കൊടുക്കുകയും ചെയ്യുന്ന സഭാഭരണ കേന്ദ്രമാണല്ലോ നമ്മുടെ അതിരൂപത ആസ്ഥാന മന്ദിരം. സമീപകാലത്തുണ്ടായ ചില പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, അതിരൂപതാ കൂരിയയുടെ സേവനം തുടരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു.ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍, അതിരൂപത നേരിടുന്ന വെല്ലുവിളികള്‍ എങ്ങനെ പരിഹരിക്കാമെന്ന് 2024 സെപ്റ്റംബര്‍ 26 തീയതി നടന്ന ആലോചന സമിതി യോഗം വിശദമായി പരിശോധിച്ചു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അജപാലന സന്ദര്‍ശനത്തില്‍ ഏര്‍പ്പെട്ടിരുന്ന മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമായി ആലോചന സമിതി അംഗങ്ങളും ഞാനും ഫോണില്‍ സംസാരിച്ചു. ആഗോള സിനഡില്‍ സംബന്ധിക്കാന്‍ ഉടന്‍തന്നെ റോമിലേക്ക് പോവുകയാണെന്നും, തദവസരത്തില്‍ അതിരൂപതയില്‍ ഇപ്പോഴുള്ള പ്രത്യേക സാഹചര്യം മേലധികാരികളെ അറിയിച്ചു പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാം എന്നും മേജര്‍ ആര്‍ച്ചുബിഷപ്പ് ഞങ്ങളെ അറിയിച്ചു. ആലോചന സമിതി അംഗങ്ങള്‍ തയ്യാറാക്കിയ ഒരു അടിയന്തര അപേക്ഷ മേജര്‍ ആര്‍ച്ചുബിഷപ്പിനും സിനഡംഗങ്ങളായ എല്ലാ പിതാക്കന്മാര്‍ക്കും ഞാന്‍ അയച്ചു.

2024 സെപ്റ്റംബര്‍ 27ന് വലിയൊരു വിഭാഗം വൈദികരും അല്മായരും അതിരൂപത ആസ്ഥാനത്ത് എത്തുമെന്ന് വ്യക്തമായ സൂചന ലഭിച്ച സാഹചര്യത്തില്‍, കൂരിയ അംഗങ്ങളും, തുടര്‍ന്ന് ഞാനും അതിരൂപതാ കേന്ദ്രത്തില്‍ നിന്ന് മാറി താമസിച്ചു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച അതിരൂപത ആസ്ഥാനത്ത് എത്തിയവരില്‍ ഒരു വിഭാഗം വിവിധ തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളും മറ്റുമായി അവിടെതന്നെ തുടരുന്നതുമൂലം അതിരൂപത കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായിരിക്കുകയാണ്. പല തരത്തിലുള്ള ആവശ്യങ്ങള്‍ക്കായി അതിരൂപത കേന്ദ്രത്തില്‍ എത്തുന്നവര്‍ നിരാശരായി മടങ്ങേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.

സന്ധിയില്ലാത്ത സമരങ്ങളിലൂടെയല്ല സഭാ ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് നാം പരിഹാരം കാണേണ്ടത്. പ്രശ്‌ന പരിഹാരത്തിനുള്ള പരിശ്രമങ്ങളും, അധികാരികളോടുള്ള അനുസരണവും, പരിശുദ്ധാത്മാവിന്റെ പ്രത്യേക ഇടപെടലിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയുമാണ് നമ്മുടെ എല്ലാവരുടേയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.അതിരൂപത ആസ്ഥാനത്ത് തുടരുന്ന വൈദികരും അല്മായരും അവിടെ നിന്ന് എത്രയും വേഗം തിരിച്ചു പോകണമെന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. അനുവാദമില്ലാത്ത യോഗങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും അതിരൂപത ആസ്ഥാനം വേദിയാക്കരുതെന്ന് അറിയിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക