സിനിമാ മേഖലയെ ഒന്നടങ്കം പിടിച്ചുലച്ച ഹേമ കമ്മീഷൻ റിപ്പോർട്ടില്‍ ചർച്ചകള്‍ മുറുകുന്നതിനിടെ കൂടുതല്‍ വെളിപ്പെടുത്തലുമായി അധ്യാപകയും സാമ്ബത്തിക വിദഗ്‌ധയുമായ ഡോ. മേരി ജോർജ് രംഗത്ത്. 1980കളില്‍ നടന്ന ഒരു സംഭവമാണ് അവർ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രമുഖ നടൻ വിലകൂടിയ കാറില്‍ വന്ന് വിമൻസ് കോളേജിലെ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ട് പോവുമായിരുന്നു എന്നാണ് മേരി ജോർജ് വെളിപ്പെടുത്തിയത്.
താനല്ല ഇത് കണ്ടതെന്നും സഹ അധ്യാപകർ അടുത്തിടെ ഹേമ കമ്മീഷൻ റിപ്പോർട്ട് ചർച്ചയായപ്പോഴാണ് തന്നോട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചതെന്നും മേരി ജോർജ് വ്യക്തമാക്കി. താൻ ഇക്കാര്യം കണ്ടിരുന്നെങ്കില്‍ അന്നായാലും ഇന്നായാലും ആ സമയത്ത് തന്നെ പ്രതികരികുമായിരുന്നുവെന്നും അവർ പറയുകയുണ്ടായി. മാതൃഭൂമി ന്യൂസിനോടായിരുന്നു മേരി ജോർജിന്റെ പ്രതികരണം.
‘കൃത്യമായിട്ട് എല്ലാ ദിവസവും വലിയ വിലകൂടിയ ഒരു കാർ വന്ന് ഗേറ്റിന്റെ പുറത്ത് നില്‍ക്കുകയും അപ്പോഴേക്കും ചില കുട്ടികള്‍ വണ്ടിക്കകത്ത് കയറി പോവുകയും ചെയ്യുമായിരുന്നു. അങ്ങനെ സ്ഥിരമായി സംഭവിക്കാൻ തുടങ്ങിയിട്ടുണ്ട് എന്ന കാര്യം മനസിലാക്കി. കുട്ടികള്‍ പറഞ്ഞാണ് ടീച്ചർമാർ അത് അറിഞ്ഞത്. അതോടെ ടീച്ചർമാർ ഇത് നിരീക്ഷിക്കാൻ തുടങ്ങി’ മേരി ജോർജ് പറയുന്നു.
‘അങ്ങനെയാണ് ഇത് സത്യമാണ് സംഭവിക്കുന്നുണ്ട് എന്ന് മനസിലാക്കിയത്. ഇതോടെ അവർ നേരിട്ട് ഇടപെടുന്നതിലും നല്ലത് പ്രിൻസിപ്പല്‍ വഴി ഇടപെടുന്നതാണ് നല്ലതെന്ന് വിചാരിച്ച് പ്രിൻസിപ്പലിനോട് പറഞ്ഞു. അങ്ങനെ വാച്ചർമാരെ കൊണ്ട് നിരീക്ഷിക്കുകയായിരുന്നു. ഇതോടെ കൃത്യമായി വരുന്നത് ആരാണെന്നും പോവുന്ന കുട്ടികള്‍ ഏതൊക്കെ ആണെന്നും കണ്ടെത്തി’ മേരി ജോർജ് തുടർന്നു.
‘അതൊരു വിമൻസ് കോളേജ് ആണ്. ആരെങ്കിലും ഒരാള്‍ പ്രതികാര ബുദ്ധിയോടെ എന്തെങ്കിലും ചെയ്‌താല്‍ അതിന്റെ പ്രത്യാഘാതം വളരെ ഗുരുതരം ആയിരിക്കും. മനസോടെ പോവുന്ന കുട്ടികളാണ് അങ്ങനെ പോവുന്നത്. ആ സംഘത്തെ പറ്റി പ്രിൻസിപ്പലിന് ഒട്ടും സുഖകരമായ വാർത്തകള്‍ ആയിരുന്നില്ല കിട്ടിയത്. അതോടെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറയുകയായിരുന്നു’ അവർ പറഞ്ഞു.
‘ഇപ്പോഴും അദ്ദേഹം സിനിമയുടെ പ്രവർത്തനങ്ങളില്‍ ഒക്കെ സജീവമായി തന്നെയുണ്ട്. ആരാണെന്ന് തുറന്ന് പറയില്ല. പേര് പറഞ്ഞില്ലെങ്കിലും പലരുടെയും സ്വഭാവം അറിയാവുന്ന പൊതുജനത്തിന് മനസിലാവുമായിരിക്കും അത് ആരാണെന്ന്. ചില സൂചകങ്ങള്‍ കിട്ടുമ്ബോള്‍ ആരായിരുന്നു അതെന്ന് ജനങ്ങള്‍ ചിന്തിക്കും. അതിനേക്കാള്‍ വലിയ നടൻമാർ ഇത്തരം കാര്യങ്ങളില്‍ ഏർപ്പെട്ടിരുന്നു.’ മേരി ജോർജ് കൂട്ടിച്ചേർത്തു.









