ബി.എസ്.എൻ.എല്‍. റിട്ട. അസിസ്റ്റന്റ് ജനറല്‍ മാനേജർ സി.പാപ്പച്ചനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ പോലീസ് കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചു. കൊല്ലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (മൂന്ന്) മജിസ്ട്രേറ്റ് എസ്.എ.സജാദ് മുൻപാകെ വൈകീട്ട് അഞ്ചുമണിയോടെ ഹാജരാക്കിയ ആദ്യ നാലു പ്രതികളായ അനിമോൻ, മാഹിൻ, സരിത, അനൂപ് എന്നിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഇവരില്‍ സരിതയെ കൊട്ടാരക്കര ജയിലിലേക്കും മറ്റു മൂന്ന് പ്രതികളെ കൊല്ലം ജില്ലാ ജയിലിലേക്കുമാണ് കൊണ്ടുപോയത്.

തെളിവെടുപ്പ് ഏറെക്കുറെ പൂർത്തിയാക്കിയ പോലീസ് കുറ്റപത്രം തയ്യാറാക്കാനുള്ള അവസാനഘട്ട പരിശോധനയിലാണ്. പാപ്പച്ചന്റെ സമ്ബാദ്യത്തില്‍ മൂന്നും നാലും പ്രതികള്‍ നടത്തിയ തിരിമറി, പ്രതികള്‍ തമ്മില്‍ കൊലപാതകത്തിനുമുൻപും ശേഷവും നടന്ന സാമ്ബത്തിക ഇടപാടുകള്‍ തുടങ്ങിയവ പിടിച്ചെടുത്ത രേഖകള്‍വെച്ച്‌ പരിശോധിക്കും. ഒന്നും രണ്ടും പ്രതികള്‍ക്ക് കൊല്ലത്തെ വിവിധ കേന്ദ്രങ്ങളില്‍െവച്ച്‌ പണം കൈമാറിയതിന്റെ തെളിവെടുപ്പും പോലീസ് തിങ്കളാഴ്ച നടത്തി. സരിതയുടെ മകന്റെയും ഭർത്താവിന്റെയും ഉള്‍പ്പെടെ ആറ് ബന്ധുക്കളുടെ അക്കൗണ്ട്, പോലീസിന്റെ നിർദേശത്തെ തുടർന്ന് ധനകാര്യസ്ഥാപനം മരവിപ്പിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എട്ട് അക്കൗണ്ടുകളില്‍ നിന്നായി സരിത തട്ടിയെടുത്തത് 60 ലക്ഷം:

പാപ്പച്ചന്റേതല്ലാത്ത അക്കൗണ്ടുകളില്‍നിന്ന് സരിത തട്ടിയെടുത്തത് അരക്കോടിയിലേറെ. കൊല്ലം കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിനുസമീപം ഓലയില്‍ പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിലെ എട്ട് അക്കൗണ്ടുകളില്‍നിന്നായി അറുപതുലക്ഷം രൂപ സരിത തട്ടിയെടുത്തതായി കൊല്ലം ഈസ്റ്റ് എസ്.എച്ച്‌.ഒ. എല്‍.അനില്‍കുമാർ പറഞ്ഞു. സരിത നടത്തിയ ക്രമക്കേട് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയ സ്ഥാപനം എല്ലാവരുടെയും അക്കൗണ്ടില്‍ പണം ഉടൻതന്നെ അടപ്പിച്ച്‌ പ്രശ്നം പരിഹരിച്ചു.

സ്ഥിരനിക്ഷേപം ഉയർത്തിയാല്‍ കൂടുതല്‍ പലിശകിട്ടുമെന്നും കൂടാതെ തനിക്ക് ലഭിക്കുന്ന ഇൻസെന്റീവ് (പ്രോത്സാഹനത്തുക) നല്‍കാമെന്നും വാഗ്ദാനം ചെയ്ത് പാപ്പച്ചനെക്കൊണ്ട് വായ്പ എടുപ്പിച്ചിരുന്നു. എന്നാല്‍ ഉറപ്പുനല്‍കിയതുപോലെ ഈ പണം അക്കൗണ്ടില്‍ കാണാതെവന്നതിനെ തുടർന്നാണ് പാപ്പച്ചൻ സരിതയോടുതന്നെ പരാതി പറഞ്ഞത്. ഇതേത്തുടർന്നാണ് പാപ്പച്ചനെ ഇല്ലാതാക്കാൻ അനൂപുമൊത്ത് സരിത തീരുമാനമെടുത്തത്.

പാപ്പച്ചന്റെ ഓഹരികള്‍ വിറ്റതിലെ പങ്കും പരിശോധിക്കും

ജവഹർ ബാലഭവനുസമീപമുള്ള ഇന്ത്യ ഇൻഫോലൈൻ ഷെയർ ബ്രോക്കിങ് സ്ഥാപനത്തില്‍നിന്ന് മരണത്തിന് ഒരുമാസംമുൻപ് ഓഹരി വിറ്റഴിച്ചതിലൂടെ പാപ്പച്ചന് അരലക്ഷം രൂപ ലഭിച്ചിരുന്നു. ഇത് ഓലയിലെ ധനകാര്യസ്ഥാപനത്തില്‍ നിക്ഷേപിക്കുന്നതില്‍ സരിത ഇടപെട്ടിരുന്നോയെന്ന് പരിശോധിക്കും. പാപ്പച്ചന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട് സരിത നടത്തിയ എല്ലാ ഇടപാടുകളും വിശദമായി അന്വേഷിക്കും. സരിതയെ സസ്പെൻഡ് ചെയ്യുന്നതിന് ധനകാര്യസ്ഥാപനം നടത്തിയ ഓഡിറ്റിങ് രേഖകളും മറ്റ് സാമ്ബത്തിക ഇടപാടുകളും വിലയിരുത്തും.

കൊല്ലത്തെ മൂന്ന് ബാങ്കുകളില്‍ പാപ്പച്ചന് ഉണ്ടായിരുന്ന സമ്ബാദ്യത്തില്‍ എത്രരൂപ പിൻവലിച്ചെന്നും അതിനുശേഷം സരിതയുടെയും അനൂപിന്റെയും അക്കൗണ്ടുകളിലും ഇവരുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലും പണം എത്തിയിരുന്നോയെന്നും പോലീസ് വിശദമായി പരിശോധിക്കും. പാപ്പച്ചനെ കൊലപ്പെടുത്താൻ കാർ നല്‍കിയ അഞ്ചാംപ്രതി ഹാഷിഫിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതിയില്‍ സമർപ്പിച്ചു. ബുധനാഴ്ച കേസില്‍ കോടതി വാദം കേള്‍ക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക