മൂവാറ്റുപുഴ നിർമ്മല കോളേജിലെ നിസ്കാര വിവാദം കെട്ടടങ്ങും മുമ്ബേ കോതമംഗലം പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പെണ്‍കുട്ടികള്‍ ക്ളാസ് മുറിയില്‍ നിസ്കരിക്കാൻ നടത്തിയ ശ്രമം സ്കൂള്‍ അധികൃതർ തടഞ്ഞു. അദ്ധ്യാപകരുടെ വിലക്ക് മറികടന്ന് പ്ളസ് ടു ബയോളജി ക്ളാസിലെ രണ്ട് പെണ്‍കുട്ടികള്‍ ഉച്ചയ്ക്ക് നിസ്കരിക്കാൻ ശ്രമിച്ചത്. ജൂലായ് അവസാനം നിസ്കരിച്ചതിനെ തുടർന്ന് മാനേജ്മെന്റ് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കോതമംഗലം രൂപതയില്‍പ്പെട്ട ഫ്രാൻസിസ്കൻ ക്ളാരിൻസ് കോണ്‍ഗ്രഗേഷൻ കോതമംഗലം പ്രൊവിൻസിന്റെ മാനേജ്മെന്റിലുള്ള സ്കൂളാണിത്. അഞ്ചു മുതല്‍ പ്ളസ് ടൂ വരെ രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. പ്ളസ് ടുവിലെ 445 കുട്ടികളില്‍ നൂറിലേറെപ്പേർ മുസ്ളീങ്ങളാണ്. ഇതില്‍ രണ്ട്പേർ മാത്രമാണ് സ്കൂളില്‍ നിസ്കരിക്കാൻ ശ്രമിച്ചത്. വിളിപ്പാടകലെയുള്ള മോസ്കില്‍ വെള്ളിയാഴ്ചകളില്‍ വിദ്യാർത്ഥികള്‍ പ്രാർത്ഥിക്കാൻ പോകാറുണ്ട്.
വിലക്ക് ലംഘിച്ച് നിസ്കരിക്കാൻ ശ്രമിച്ച കുട്ടികളുടെ രക്ഷിതാക്കളെ പ്രിൻസിപ്പല്‍
വിളിച്ചുവരുത്തി വിവരം അറിയിച്ചപ്പോള്‍ ഒരു കുട്ടിയുടെ പിതാവ് ദിവസവും ഉച്ചയ്ക്ക് പള്ളിയില്‍ പോകാൻ അനുവാദം തേടിയെങ്കിലും അംഗീകരിച്ചില്ല. രണ്ടാമത്തെ കുട്ടിയെ പറഞ്ഞ് മനസിലാക്കാമെന്ന് സർക്കാർ ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ട പ്രകാരം വെള്ളിയാഴ്ച മാത്രമേ പ്രാർത്ഥനയ്ക്ക് പോകാൻ കൂടുതല്‍ സമയം അനുവദിക്കാൻ കഴിയൂവെന്ന് പ്രിൻസിപ്പല്‍ സിസ്റ്റർ ദീപ്തി റോസ് പറഞ്ഞു.
ദുരൂഹത ആരോപിച്ച് മാനേജ്മെന്റ്
75 വർഷത്തെ പാരമ്ബര്യമുള്ള സ്കൂളില്‍ വിദ്യാർത്ഥികളുടെ ഇത്തരം പ്രവണതകള്‍ അനുവദിക്കില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. പി.ടി.എയും മാനേജ്മെന്റിന് പിന്തുണ പ്രഖ്യാപിച്ചു. സ്കൂളില്‍ ചേർന്ന ജാഗ്രതാ സമിതി യോഗത്തില്‍ മാനേജർ സിസ്റ്റർ മെർലിൻ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത വിദ്യാഭ്യാസ മാനേജർ മോണ്‍ പയസ് മലേക്കണ്ടത്തില്‍, പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജെയിംസ് വരാരപ്പിള്ളി, ജാഗ്രതാ സമിതി രൂപതാദ്ധ്യക്ഷൻ ഫാ. ജേക്കബ് റാത്തപ്പിള്ളില്‍ തുടങ്ങിയവർ പങ്കെടുത്തു.





