ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. അന്റാർട്ടിക് സമുദ്രം എന്ന് വിളിക്കപ്പെടുന്ന തെക്കൻ സമുദ്രത്താല്‍ ഇത് ചുറ്റപ്പെട്ടിരിക്കുന്നു.’വെളുത്ത മരുഭൂമി’ എന്നറിയപ്പെടുന്ന അന്റാർട്ടിക്ക ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഭൂഖണ്ഡമാണ്, ഇതിന് യൂറോപ്പിനേക്കാള്‍ 40 ശതമാനം കൂടുതല്‍ വലിപ്പമുണ്ട്. ലോകത്തില്‍ വെച്ച് ഏറ്റവും കൂടുതല്‍ തണുപ്പുള്ളതും ശക്തമായ കാറ്റടിക്കുന്നതും ഏറ്റവും കുറവ് ആളുകള്‍ താമസിക്കുന്നതുമായ പ്രദേശമാണിത്. ഇത്രയധികം വിശാലമായ ഈ ദക്ഷിണധ്രുവ പ്രദേശം ഒരുപാട് നിഗൂഢതകള്‍ നിറഞ്ഞതാണ്.
ഈ മഞ്ഞുമൂടിയ ഭൂഖണ്ഡത്തില്‍ ‘ബ്ലഡ് ഫാള്‍സ്’ അഥവാ ‘രക്തച്ചാട്ടം’ ഉണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? അതിനെക്കുറിച്ച് കൂടുതല്‍ അറിയാം.അന്റാർട്ടിക്കയിലെ ഏറ്റവും ആകർഷകമായ പ്രകൃതിവിസ്മയങ്ങളില്‍ ഒന്നാണ് ബ്ലഡ് ഫാള്‍സ്. കിഴക്കൻ അന്റാർട്ടിക്കയിലെ ടെയ്‌ലർ ഹിമാനിയുടെ (ഗ്ലേസിയർ) അറ്റത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
വെളുത്ത മഞ്ഞിനിടയിലൂടെ ചോരയൊഴുകുന്നത് പോലെയുള്ള ഇതിന്റെ കടുംചുവപ്പ് നിറം നൂറിലധികം വർഷങ്ങളായി ശാസ്ത്രജ്ഞരെയും ഗവേഷകരെയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കാണാൻ ഭയമുണർത്തുമെങ്കിലും ഈ ചുവപ്പ് നിറത്തിന് രക്തവുമായോ മറ്റേതെങ്കിലും തരത്തിലുള്ള മലിനീകരണവുമായോ യാതൊരു ബന്ധവുമില്ല.
മഞ്ഞിനടിയില്‍ നിന്ന് പുറത്തേക്ക് വരുന്ന ഇരുമ്പിന്റെ അംശം കൂടിയ ഉപ്പുുവെള്ളമാണ് ഈ ചുവപ്പ് നിറത്തിന് കാരണം. ദശലക്ഷക്കണക്കിന് വർഷങ്ങളായി മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുന്ന പുരാതനമായ ഒരു ജലാശയത്തില്‍ നിന്നാണ് ഈ വെള്ളം വരുന്നത്. ഈ ഇരുമ്പ് കലർന്ന വെള്ളം പുറത്തേക്ക് വന്ന് വായുവിലെ ഓക്സിജനുമായി സമ്പർക്കത്തില്‍ വരുമ്പോള്‍ ഓക്സിഡേഷൻ എന്ന രാസപ്രവർത്തനം നടക്കുന്നു. ഇരുമ്പില്‍ തുരുമ്പുപിടിക്കുന്ന അതേ രാസപ്രവർത്തനമാണിത്. ഇതേതുടർന്ന് വെള്ളത്തിന് ചുവപ്പ് കലർന്ന തവിട്ടുനിറം ലഭിക്കുകയും, ഹിമാനിയില്‍ നിന്ന് രക്തം ഒഴുകുന്നത് പോലെയുള്ള കാഴ്ച തോന്നിപ്പിക്കുകയും ചെയ്യുന്നു.
സൂര്യപ്രകാശം പോലുമെത്താത്ത ഈ വെള്ളത്തില്‍ അത്യപൂർവ്വമായ സൂക്ഷ്മജീവികള്‍ ജീവിക്കുന്നുണ്ട് എന്നതാണ് ഇതിനെ കൂടുതല്‍ കൗതുകകരമാക്കുന്നത്. കഠിനമായ സാഹചര്യങ്ങളില്‍ ജീവൻ എങ്ങനെ നിലനില്‍ക്കുന്നു എന്നതിനെക്കുറിച്ചും, ഭൂമിക്ക് പുറത്തുള്ള ജീവന്റെ സാധ്യതകളെക്കുറിച്ചും പഠിക്കാൻ ഇത് ശാസ്ത്രജ്ഞരെ സഹായിക്കുന്നു.





