പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്കാരചടങ്ങില്‍ ലഷ്കർ ഭീകര‍രും പങ്കെടുത്തതായി റിപ്പോ‍ർട്ട്. ഷൊയ്ബ് അക്തറിന്റെ സഹോദരൻ ഷാഹിദ് അക്തറിന്റെ സംസ്കാരചടങ്ങിലാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സെയ്ഫുള്ള കസൂരി ഉള്‍പ്പെടെയുള്ള ലഷ്കറെ തൊയ്ബ ഭീകരരും പങ്കെടുത്തതെന്ന് എൻഡിടിവിയും ഇന്ത്യാടുഡേയും അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട്ചെയ്തു.

ജൂണ്‍ 24-നാണ് ഷൊയ്ബ് അക്തറിന്റെ മൂത്തസഹോദരനായ ഷാഹിദ് അക്തർ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. തുടർന്ന് നടന്ന സംസ്കാരചടങ്ങിലാണ് പാക് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ അംഗങ്ങളും പങ്കെടുത്തത്. ലഷ്കർ സ്ഥാപകനായ ഭീകരൻ ഹഫീസ് സയീദിന്റെ അടുത്ത അനുയായികളും ലഷ്കറിന്റെ രാഷ്ട്രീയവിഭാഗമായ പാകിസ്താൻ മർക്കസി മുസ്ലീംലീഗി(പിഎംഎംഎല്‍)ന്റെ നേതാക്കളും സംസ്കാരചടങ്ങിനെത്തിയിരുന്നു.പിഎംഎംഎല്‍ പ്രസിഡന്റ് ഇനാമുറഹ്മാൻ കംബോഹ്, പിഎംഎംഎല്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അബ്ദുള്ള തൂ‍ർ, പിഎംഎംഎല്‍ സോണല്‍ സെക്രട്ടറി ഹഫീസ് ഉമർ, അംജാദ് ഭാട്ടി തുടങ്ങിയവരാണ് കസൂരിക്ക് പുറമേ ചടങ്ങില്‍ സന്നിഹിതരായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവർ സംസ്കാരചടങ്ങില്‍ പങ്കെടുക്കുന്നതിന്റെയും ഷൊയ്ബ് അക്തറിനെ ആശ്വസിപ്പിക്കുന്നതിന്റെയും വീഡിയോദൃശ്യങ്ങളും പിഎംഎംഎല്‍ പുറത്തുവിട്ടിരുന്നതായും മാധ്യമങ്ങള്‍ റിപ്പോർട്ട്ചെയ്തു.ഭീകരർക്ക് പാകിസ്താൻ സംരക്ഷണമൊരുക്കുന്നുവെന്ന ഇന്ത്യയുടെ വാദങ്ങള്‍ക്ക് കൂടുതല്‍ തെളിവ് പകരുന്നതാണ് കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്ന വീഡിയോദൃശ്യങ്ങള്‍. പാകിസ്താൻ തീവ്രവാദത്തെ സ്പോണ്‍സർചെയ്യുന്ന രാജ്യമാണെന്ന് ആഗോളവേദികളില്‍ ഇന്ത്യ നിരന്തരം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ഈ വാദങ്ങള്‍ വാസ്തവമാണെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് സംസ്കാരചടങ്ങില്‍നിന്നുള്ള ദൃശ്യങ്ങള്‍. കൊടുംഭീകരരടക്കം പാകിസ്താനില്‍ സ്വതന്ത്രമായി വിഹരിക്കുന്നതിന്റെ ഏറ്റവും പുതിയ തെളിവുകള്‍ കൂടിയാണിത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക