കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കായി നടപ്പാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി സംസ്ഥാനത്തെ വനിതകള്‍ ഉത്സവഛായയോടെയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഗതാഗത മന്ത്രി സി.പി.ജോണ്‍ പറഞ്ഞു. സൗജന്യ യാത്രാ പദ്ധതി നിലവിലുണ്ടെങ്കിലും പണം നല്‍കി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് നിലവില്‍ അത്തരമൊരു സംവിധാനമില്ലെന്നും സൗജന്യ യാത്ര വേണ്ടാത്തവർ ഓർഡിനറി ബസുകള്‍ ഒഴിവാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
പണം നല്‍കാൻ സ്ത്രീ യാത്രക്കാർ ആഗ്രഹിച്ചാലും അത് സ്വീകരിക്കാൻ കഴിയില്ലെന്നും അതിനുള്ള അധികാരം കണ്ടക്ടർക്ക് ഇല്ലെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ പലരും കരുതുന്നതുപോലെ ലളിതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്കായി സർക്കാർ പ്രഖ്യാപിച്ച യാത്രാ ആനുകൂല്യം അവർ പൂർണമായി അനുഭവിക്കട്ടെയെന്നും കെഎസ്‌ആർടിസി ബസില്‍ കയറുമ്പോള്‍ ഒരു സ്ത്രീക്കും താൻ പാവപ്പെട്ടവളാണെന്ന് പറയേണ്ടി വരുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. ‘ഞാനൊരു സ്ത്രീയാണ്, ആ ഒരു പരിഗണന തന്നെ ഈ ആനുകൂല്യത്തിന് ധാരാളമാണ്’ എന്ന നിലപാടിലാണ് സർക്കാർ ഈ പദ്ധതി വിഭാവനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാധ്യമങ്ങള്‍ ഈ പദ്ധതിക്ക് വലിയ പിന്തുണയാണ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു.





