ElectionFlashKeralaNewsPolitics

ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടാൽ സിപിഎമ്മിൽ പ്രതിഷേധം അണ പൊട്ടും: പിണറായിയുടെ തലയ്ക്കായി മുറവിളി ഉയരുമോ? ഗോവിന്ദന്റെ കസേര തെറിക്കുമോ? ഇ പി ഇടത് കൺവീനർ സ്ഥാനം രാജിവച്ച് ഒഴിയുമോ?

ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം പ്രതികൂലമായാല്‍ സി.പി.എമ്മിലും എല്‍.ഡി.എഫിലും രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമെന്ന് സൂചന. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതികൂലമായിരിക്കെ ജനവിധിയിലും അതു പ്രതിഫലിച്ചാല്‍ വൻ അടിയൊഴുക്കും സ്ഥാനചലനങ്ങളും മുന്നണിയിലുണ്ടാകും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പൗരത്വഭേദഗതി നിയമം നടപ്പിലാക്കുന്ന ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയായിരുന്നു അദ്ദേഹത്തിൻ്റെ ആവനാഴികളിലെ അമ്ബുകള്‍ മുഴുവൻ വിമർശനമായി തൊടുത്തു വിട്ടത്.

ad 1

പൗരത്വ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചില്ലെന്ന വിമർശനം അഴിച്ചുവിടാനും മുഖ്യമന്ത്രി മറന്നില്ല. ഇതു കേരളത്തില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ യു.ഡി.എഫ് കഴിഞ്ഞ തവണത്തെ മേധാവിത്വം തുടരുകയും എൻ.ഡി.എ അക്കൗണ്ട് തുറക്കുകയും ചെയ്താല്‍ അതു ഏറെ ക്ഷീണം ചെയ്യുന്നത് മുഖ്യമന്ത്രിക്ക് തന്നെയാവും. സർക്കാരിലെയും അവസാന വാക്കായ മുഖ്യമന്ത്രിയുടെ രാജിക്ക് വരെ മുറവിളി ഉയർന്നേക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

തോല്‍വി നേരിട്ടാല്‍ പാർട്ടിക്കുള്ളില്‍ പ്രതിരോധത്തിലാകുന്ന മറ്റൊരു നേതാവ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ്. ആറ്റിങ്ങല്‍, കണ്ണൂർ, കാസർകോട് എന്നിവടങ്ങളില്‍ ജില്ലാ സെക്രട്ടറിമാരെ സ്ഥാനാർത്ഥിയായി കളത്തില്‍ ഇറക്കിയതിന് ഗോവിന്ദനെതിരെ പാർട്ടിക്കുള്ളില്‍ വിമർശനമുയർന്നിരുന്നു ഇവർ തോല്‍ക്കുകയാണെങ്കില്‍ അതിൻ്റെ ഉത്തരവാദിത്വം പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമലില്‍ വീണേക്കാം. സാധാരണയായി ജില്ലാ സെക്രട്ടറിമാരെ സ്ഥാനാർത്ഥിയാക്കുന്ന കീഴ്വഴക്കം സി.പി.എമ്മിനില്ല. ഇതു ഇവർ മത്സരിക്കുന്ന ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിലാണ് പാർട്ടി നേതൃത്വം ജില്ലാ സെക്രട്ടറിമാരെ മത്സര രംഗത്ത് ഇറക്കാതെ മറ്റു സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നത്.

ad 3

എല്‍.ഡി.എഫിന് കനത്ത തോല്‍വി സംഭവിച്ചാല്‍ പരുങ്ങലിലാവുന്ന മറ്റൊരു നേതാവ് കേന്ദ്ര കമ്മിറ്റിയംഗവും എല്‍.ഡി.എഫ് കണ്‍വീനർ ഇപി ജയരാജനാണ്. ഇതു മുൻകൂട്ടി കണ്ടുകൊണ്ടു എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെ സംസ്ഥാനത്ത് സി.പി.എം ഒന്നോ രണ്ടോ സീറ്റില്‍ ഒതുങ്ങിയാല്‍, ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് തുടരേണ്ടെന്നാണ് ഇ.പിയുടെ തീരുമാനമെന്നാണ് പുറത്തു വരുന്ന വിവരം. ഇത്തരം കീഴ്‌വഴക്കങ്ങള്‍ സി.പി.എമ്മിലില്ലെങ്കിലും താന്‍ ആശിക്കാത്ത കണ്‍വീനര്‍ പദവി, തോല്‍വിയുടെ പേരുപറഞ്ഞ് തന്ത്രത്തില്‍ ഒഴിയാനാണ് ഇ.പിയുടെ ആലോചനയെന്നാണ് സൂചന.

ad 5

2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് രണ്ടു സീറ്റിലൊതുങ്ങിയതിനു പിന്നാലെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി എ.കെ ആന്റണി രാജിവച്ചതിനു സമാനമല്ലെങ്കിലും തന്റെ രാജിവഴി സി.പി.എം നേതൃത്വത്തെ സമ്മര്‍ദത്തിലാക്കാമെന്നാണ് ഇ.പിയുടെ കണക്കുകൂട്ടല്‍. ധാര്‍മികതയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എന്തുകൊണ്ട് സ്ഥാനമൊഴിയുന്നില്ല എന്ന ചോദ്യമുയര്‍ത്താനെങ്കിലും തന്റെ രാജി വഴിതുറക്കുമെന്നും ഇ.പി പ്രതീക്ഷിക്കുന്നു.

കുറച്ചുകാലമായി പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ് ഇ പി ജയരാജന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതും കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ ഒഴിവുവന്ന സംസ്ഥാന സെക്രട്ടറി പദവിയില്‍, തന്നെ മറികടന്ന് എം വി ഗോവിന്ദനെ അവരോധിച്ചതും ഇ.പിയെ ചൊടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ്, രാഷ്ട്രീയം മടുത്തെന്നും സ്വസ്ഥാമാകാന്‍ ആഗ്രഹിക്കുന്നുവെന്നും മാസങ്ങള്‍ക്കുമുമ്ബ് ചാനല്‍ അഭിമുഖത്തില്‍ ഇ പി തുറന്നുപറഞ്ഞത്. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച തെരഞ്ഞെടുപ്പുനാളില്‍ വാര്‍ത്തയായതും വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളും തൃശൂര്‍ ഉള്‍പ്പെടെ പലയിടത്തും ബി.ജെ.പിയുമായാണ് എല്‍.ഡി.എഫിന്റെ മത്സരമെന്ന പ്രസ്താവനയും ഉള്‍പ്പെടെ ഇ.പി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. ആഗ്രഹിച്ച പദവികളൊന്നും കിട്ടിയില്ലെന്നു മാത്രമല്ല എല്‍.ഡി.എഫ് കണ്‍വീനര്‍ പദവി വഴി തന്നെ ഒതുക്കാനാണ് ശ്രമമെന്ന സങ്കടവും തുടക്കത്തിലേ ഇ.പി അടുപ്പക്കാരോട് പങ്കുവച്ചിരുന്നു. അടുത്തവര്‍ഷത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്ബ്, കണ്‍വീനര്‍ പദവിയെന്ന മുള്‍ക്കിരീടം വിട്ടൊഴിയാന്‍ പറ്റിയ സമയമാണിതെന്നും ഇ.പി കണക്കുകൂട്ടുന്നു.

കണ്‍വീനര്‍ എന്നനിലയില്‍ ഇ.പിയുടെ പ്രവര്‍ത്തനങ്ങളില്‍ ഘടകക്ഷികളിലും അതൃപ്തിയുണ്ട്. മുന്നണിയോഗങ്ങള്‍ വിളിക്കാതിരിക്കുകയും തെരഞ്ഞെടുപ്പുകാലത്തുപോലും മണ്ഡലങ്ങളില്‍ പ്രചാരണത്തിനിറങ്ങാത്തതും പലതവണ ചര്‍ച്ചയായിരുന്നു. ഈയിടെ തെരഞ്ഞെടുപ്പില്‍ മൂന്നിലൊന്നു മണ്ഡലങ്ങളില്‍ പോലും ഇ.പി ജയരാജന്‍ പ്രചാരണത്തിനെത്തിയില്ല. സംഘ്പരിവാര്‍ മനോഭാവം പുലര്‍ത്തുന്നവരുമായാണ് ഇ.പിയുടെ മകന്റെ ചങ്ങാത്തവും ബിസിനസ് പങ്കാളിത്തവുമെന്ന ആരോപണവും പാര്‍ട്ടിയില്‍ ശക്തമാണ്.

ഇടയ്ക്കിടെയുള്ള ഇ.പിയുടെ പരിഭവങ്ങള്‍ മുമ്ബൊക്കെ മുഖ്യമന്ത്രിയായിരുന്നു പറഞ്ഞുതീർക്കാറുണ്ടായിരുന്നത്. എന്നാല്‍ ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമായ തെരഞ്ഞെടുപ്പു നാളില്‍ ഇ പിക്കെതിരേ പൊട്ടിത്തെറിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇ പിയുടെ ഭാഗത്ത് ജാഗ്രതക്കുറവ് ആദ്യമായെല്ലെന്നും മുമ്ബു പലതവണ ഇത്തരം സൂക്ഷ്മതക്കുറവുണ്ടായെന്നുമായിരുന്നു അന്ന് പിണറായിയുടെ പരസ്യപ്രതികരണം. മുഖ്യമന്ത്രി കൂടി തള്ളിപ്പറഞ്ഞതോടെ ഇനി മുന്നണിയിലും പാര്‍ട്ടിയിലും തന്റെ നില പരുങ്ങലിലാണെന്ന ബോധ്യം ഇ.പിക്കുണ്ട്. അതുകൊണ്ടുതന്നെ ആദ്യം കണ്‍വീനര്‍ പദവി ഒഴിയുകയും പിന്നാലെ പാര്‍ട്ടിയിലും നിഷ്‌ക്രിയമാകാനാണ് ഇ.പി ജയരാജന്റെ നീക്കമെന്നാണ് അണിയറ വർത്തമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button