ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ മൂന്ന് പ്രത്യേക വായ്‌പാ പദ്ധതികള്‍ അവതരിപ്പിച്ച് പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക്. രജിസ്‌റ്റര്‍ ചെയ്തിട്ടുള്ള ആശുപത്രി, നഴ്‌സിംഗ് ഹോം, മെഡിക്കല്‍ പ്രാക്‌ടീഷണര്‍മാര്‍, ഡയഗ്‌നോസ്‌റ്റിക് സെന്ററുകള്‍, പത്തോളജി ലാബുകള്‍, ആരോഗ്യസേവന രംഗത്തെ മറ്റു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കനറാ ചികിത്സാ ഹെല്‍ത്ത്‌കെയര്‍ പദ്ധതിപ്രകാരം 10 ലക്ഷം മുതല്‍ 50 കോടി രൂപവരെ വായ്‌പ നല്‍കും. പലിശനിരക്കില്‍ ഇളവുകളുള്ള വായ്‌പയ്ക്ക് 10 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. 18 മാസം വരെ മോറട്ടോറിയവും ലഭിക്കും.
കനറാ ജീവന്‍രേഖയാണ് രണ്ടാമത്തെ പദ്ധതി. ഇതുപ്രകാരം പലിശനിരക്കില്‍ ഇളവുകളോടെ രണ്ടുകോടി രൂപവരെ വായ്‌പ നേടാം. രജിസ്‌റ്റര്‍ ചെയ്‌ത ആശുപത്രികള്‍ക്കും നഴ്‌സിംഗ് ഹോമുകള്‍ക്കും മെഡിക്കല്‍ ഓക്‌സിജന്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ തുടങ്ങിയ ആരോഗ്യരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കും വിതരണക്കാര്‍ക്കുമാണ് ഈ വായ്‌പ നേടാനാവുക. പ്രോസസിംഗ് ഫീസില്ലെന്ന പ്രത്യേകതയുമുണ്ട്. എം.എസ്.എം.ഇകള്‍ക്ക് ഈടുരഹിത വായ്‌പ ലഭിക്കും. എം.എസ്.എം.ഇ ഇതര കമ്ബനികള്‍ക്ക് 25 ശതമാനമാണ് കുറഞ്ഞ ഈട്. ഈ രണ്ട് വായ്‌പാ പദ്ധതികളുടെയും കാലാവധി 2022 മാര്‍ച്ച് 31 വരെയാണ്.
കൊവിഡ് ബാധിതര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് മൂന്നാമത്തെ പദ്ധതി. കനറാ സുരക്ഷാ പേഴ്‌സണല്‍ ലോണ്‍ സ്‌കീം പ്രകാരം 25,000 രൂപ മുതല്‍ അഞ്ചുലക്ഷം രൂപവരെ അടിയന്തര വായ്‌പ ലഭിക്കും. കൊവിഡ് ചികിത്സയ്ക്കും ഡിസ്‌ചാര്‍ജ് ചെലവുകള്‍ക്കും ഇതുപകരിക്കും. പ്രോസസിംഗ് ഫീസില്ലാത്ത വായ്‌പയ്ക്ക് തിരിച്ചടവിന് ആറുമാസ മോറട്ടോറിയവുമുണ്ട്. ഈ വര്‍ഷം സെപ്‌തംബര്‍ 30 വരെയാണ് പദ്ധതിയുടെ കാലാവധി.