തിരുവനന്തപുരം: കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരുടെ ഔദ്യോഗിക വാട്സ്‌ആപ് ഗ്രൂപ്പില്‍ പൊലീസ് സംഘടനയിലെ ഇടതു നേതാവിന്റെ രാഷ്ട്രീയ പോസ്റ്റ് വിവാദത്തില്‍. പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമായ കിരണ്‍ ദേവ് ആണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ അപഹസിച്ച്‌ പോസ്റ്റിട്ടത്. തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസറാണ് കിരണ്‍ ദേവ്.

കണ്‍ട്രോള്‍ റൂം എ.സി ഉള്‍പ്പെടെയുള്ള ഗ്രൂപ്പിലാണ് രാഷ്ട്രീയ പോസ്റ്റ്. മറ്റ് അംഗങ്ങള്‍ പോസ്റ്റ് നീക്കാൻ പറഞ്ഞിട്ടും നേതാവ് തയാറായില്ല. പേരൂര്‍ക്കട സ്റ്റേഷനില്‍ ജോലിയിലിരിക്കെ, അടിപിടിയുണ്ടാക്കിയതിന് അച്ചടക്ക നടപടിക്ക് വിധേയനായ ആളാണ് ഇദ്ദേഹം. പോസ്റ്റ് മാറ്റാൻ തയാറാകാത്തതിനാല്‍ പല ഉദ്യോഗസ്ഥരും ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡി.വൈ.എഫ്.ഐയുടേത് പൊതിച്ചോറ് രാഷ്ട്രീയമാണെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസ്താവനക്കുള്ള മറുപടിയായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നടത്തിയ പ്രസംഗത്തോടൊപ്പം കുഞ്ഞുകുട്ടിയുടെ ചിത്രത്തില്‍ രാഹുലിന്‍റെ മുഖം ചേര്‍ത്ത് അശ്ലീല പരാമര്‍ശത്തോടെയുള്ളതാണ് പോസ്റ്റ്. സൈബര്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കാവുന്ന കുറ്റമായിട്ടും നിയമ നടപടി സ്വീകരിക്കാൻ കണ്‍ട്രോള്‍ റൂം പൊലീസ് തയാറായിട്ടില്ല.

പൊലീസ് ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമം ഉപയോഗിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.ജി.പി പല തവണ സര്‍ക്കുലറുകള്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ല. നവകേരള സദസ്സിനിടെ, ഗോപീകൃഷ്ണൻ എന്ന പൊലീസുകാരന്‍റെ രാഷ്ട്രീയ വൈരത്തോടെയുള്ള ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലായിരുന്നു. അതേസമയം, സംഭവത്തില്‍ ഡി.ജി.പിക്ക് പരാതി നല്‍കിയതായി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കൊല്ലത്ത് പൊലീസുകാരനെതിരെ നല്‍കിയ പരാതിയില്‍ ഇതുവരെ ആഭ്യന്തര വകുപ്പ് നടപടിയെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക