അക്ഷരനഗരിയെ ജനസാഗരമാക്കി കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ. ഇന്നലെ വൈകുന്നേരം നാലുമണിക്ക് കോട്ടയം തിരുനക്കര മൈതാനിയിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആയിരുന്നു. കോട്ടയം എന്ന കോട്ട തിരിച്ചുപിടിക്കാൻ ആരയും തലയും മുറുക്കി കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർ രംഗത്തുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു പരിപാടിയിലെ വമ്പിച്ച ജനപങ്കാളിത്തം.

അര നൂറ്റാണ്ടിനിടെ ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ കോട്ടയം തിരുനക്കരയിൽ നടക്കുന്ന യുഡിഎഫിന്റെ ആദ്യ തിരഞ്ഞെടുപ്പ് യോഗത്തിലും ഇരമ്പി നിന്നത് ഉമ്മൻചാണ്ടിയുടെ ഓർമ്മകളാണ്. ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു കൊണ്ടാണ് കോട്ടയം ജില്ല യുഡിഎഫ് കൺവീനർ ഫിൽസൺ മാത്യു യോഗം ഔപചാരികമായി ആരംഭിച്ചത്. യുഡിഎഫിന്റെ പ്രധാന നേതാക്കൾ എല്ലാം വേദിയിൽ അണിനിരന്ന യോഗത്തിന് അധ്യക്ഷത വഹിച്ചത് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി ജെ ജോസഫ് ആയിരുന്നു. പിന്നിൽ നിന്ന് കുത്തിയ ജോസ് കെ മാണിയുടെയും കൂട്ടരുടെയും ചതി ഓർമ്മപ്പെടുത്തിക്കൊണ്ട് അതി വൈകാരികമായ പ്രസംഗമാണ് പ്രതിപക്ഷ നേതാവും ഉദ്ഘാടകനുമായ വി ഡി സതീശൻ നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നമ്മൾ കഷ്ടപ്പെട്ട് വിജയിപ്പിച്ചവർ പിന്നീട് പിന്നിൽ നിന്ന് കുത്തിയതിനുള്ള മറുപടി കൂടി ആവണം ഈ തെരഞ്ഞെടുപ്പ് ഫലം എന്ന് വി ഡി സതീശൻ നടത്തിയ ആഹ്വാനത്തെ ആർപ്പുവിളികളോടും കരഘോഷത്തോടും കൂടിയാണ് പ്രവർത്തകർ എതിരേറ്റത്. ഫ്രാൻസിസ് ജോർജും വിഡി സതീശനും വേദിയിലേക്ക് എത്തിയപ്പോൾ തന്നെ അണികളുടെ ആവേശം അണപൊട്ടിയൊഴുകിയിരുന്നു. കോട്ടയം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വമ്പിച്ച ജനപങ്കാളിത്തം ഉറപ്പിച്ചത് യുഡിഎഫ് സംഘടനാ സംവിധാനത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു.

നിങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിനും നിങ്ങളുടെ പ്രതീക്ഷക്കും ഒരു കോട്ടവും, മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണി പോലെ കണ്ടുനടക്കുന്ന ഒരു എളിയ ദാസനായി നിങ്ങളോടൊപ്പം ഉണ്ടാകും എന്ന ഫ്രാൻസിസ് ജോർജിന്റെ വാക്കുകൾ സമ്മേളനം നടന്ന ഉമ്മൻചാണ്ടി നഗറിനെ ആവേശ കടലാക്കി മാറ്റി. പറയേണ്ട കാര്യങ്ങൾ പറയേണ്ടതുപോലെ പറയാൻ അറിയാവുന്ന നേതാവാണ് ഫ്രാൻസിസ് ജോർജ് എന്നും അല്ലാതെ പാലായിൽ കണ്ടതുപോലെ കൈകൂപ്പി നിൽക്കാൻ മാത്രം അറിയാവുന്ന ആളല്ല അദ്ദേഹം എന്നും ചാണ്ടി ഉമ്മൻ പറഞ്ഞപ്പോൾ അത് തോമസ് ചാഴികാടനോടുള്ള കനത്ത പരിഹാസമായി മാറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക