ഉദ്യോഗസ്ഥരുടെ അലംഭാവം പുഞ്ചക്കൃഷിയിറക്കിയ കർഷകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നു. നെല്ല് സംഭരിച്ച വകയില്‍ ഇനി കിട്ടാനുള്ളത് 12 കോടി രൂപയാണ്. മുപ്പതു ശതമാനത്തോളം പാടങ്ങളില്‍ ഇനിയും കൊയ്ത്ത് പൂർത്തിയാകാനുണ്ട്. ആ നെല്ല് കൂടി സംഭരിക്കുമ്ബോള്‍ കുടിശിക 15 കോടി കവിഞ്ഞേക്കും. 52.3 കോടി രൂപ വരുന്ന 18469 ടണ്‍ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. 40.72 കോടി നല്‍കി. ഇനി 4088 ടണ്‍ നെല്ലിന്റെ പണം നല്‍കാനുണ്ട്.
കോട്ടയത്ത് പാഡി മാർക്കറ്റിംഗ് ഓഫീസർ ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്. പകരം ചുമതലയുള്ള തിരുവനന്തപുരം പാഡി ഓഫീസർ ഇവിടേക്ക് വരാറേയില്ല. അതിനാല്‍ കീഴ് ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കാനാകുന്നില്ല. സംഭരിച്ച നെല്ലിന് നല്‍കുന്ന പി.ആർ.എസും ഇക്കാരണത്താല്‍ വൈകുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടമായതിനാല്‍ പുതിയ നിയമനം നടക്കുന്നില്ല.
കൊയ്ത്ത് പൂർത്തിയാകാത്തതിനാല്‍ കർഷക പ്രതിഷേധത്തെ തുടർന്ന് തണ്ണീർമുക്കം ബണ്ടിന്റെ 29 ഷട്ടറുകളേ തുറന്നിട്ടുള്ളൂ. 61 ഷട്ടറുകള്‍ തുറക്കാനുണ്ട്. പോള പൂർണമായി മാറണമെങ്കില്‍ മുഴുവൻ ഷട്ടറും തുറന്ന് നല്ല ഒഴുക്കുണ്ടാകണം. സംഭരണം പൂർത്തിയാകുന്നതും വൈകിയേക്കും.
കുന്നുകൂടി നെല്ല്, മഴയില്‍ പതിരാകുമോ? ജില്ലയിലെ വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒൻപതിനായിരം, തിരുവായിക്കരി പാടശേഖരങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞ് ആഴ്ചകളായിട്ടും സംഭരണമായില്ല. പോള ശല്യം കാരണം നെല്ല് പാടത്തു കിടക്കുകയാണ്. വേനല്‍ മഴയില്‍ നെല്ല് നനഞ്ഞു കിളിർക്കാനും തുടങ്ങി. പഴുക്കാനിലം കായല്‍ ഭാഗത്ത് കനത്തില്‍ പോള അടിഞ്ഞുകിടക്കുകയാണ്. യന്ത്രംഘടിപ്പിച്ച വള്ളം മുന്നോട്ട് നീങ്ങില്ല. പുതുപ്പള്ളി, പനച്ചിക്കാട്, വാഴപ്പള്ളി, പായിപ്പാട്, നാട്ടകം, വാകത്താനം, കോട്ടയം, കുമാരനല്ലൂർ പ്രദേശങ്ങളിലെ സംഭരണം ഇനിയും പൂർത്തിയായിട്ടില്ല.
വില പേശി മില്ലുകാർ: വേനല്‍ മഴ ശക്തമായാല്‍ നെല്ലില്‍ ഈർപ്പം കൂടും. ഇതുവഴി വില കുറയ്ക്കാൻ മില്ലുകാർ രംഗത്തെത്തും. ഒടുവില്‍ ഗത്യന്തരമില്ലാതെ അവർ പറയുന്ന വിലയ്ക്ക് നെല്ല് കൊടുക്കേണ്ട ഗതികേടിലാണ് കർഷകർ. സംഭരണം സജീവമാക്കാതെ സ്വകാര്യമില്ലുകള്‍ മെല്ലപ്പോക്ക് തുടരുകയാണെന്നാണ് കർഷകരുടെ പരാതി. പാടത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് മുളയ്ക്കാതെ പരിപാലിക്കാനും കർഷകന് ഇരട്ടി ചെലവാണ്. നെല്ല് സംരക്ഷിക്കാൻ അടച്ചുറപ്പുള്ള സംവിധാനവുമില്ല.