കോട്ടയത്ത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നടത്തിയ നെറികെട്ട രാഷ്ട്രീയ നീക്കത്തിന് കനത്ത തിരിച്ചടി. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനെതിരെ നോമിനേഷൻ കൊടുത്ത രണ്ട് അപര സ്ഥാനാർത്ഥികളുടെയും നോമിനേഷനുകൾ സൂക്ഷ്മ പരിശോധനയിൽ തള്ളിക്കളഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഫ്രാൻസിസ് ജോർജ് എന്ന പേരും, ഫ്രാൻസിസ് ഇ ജോർജ് എന്ന പേരും ഉള്ള രണ്ടുപേരാണ് അപരന്മാരായി നോമിനേഷൻ കൊടുത്തത്. ഇതിൽ ഒരാൾ സിപിഎം നേതാവും, മറ്റൊരാൾ കേരള കോൺഗ്രസ് മാണി വിഭാഗം നേതാവുമാണ്.

ഫ്രാൻസിസ് ജോർജിന് ഔദ്യോഗിക ചിഹ്നം ലഭിക്കുവാൻ ഇനിയും ദിവസങ്ങൾ എടുക്കും എന്നതിനാൽ തന്നെ അപരന്മാരുടെ സാന്നിധ്യം യുഡിഎഫ് ക്യാമ്പിന് ആശങ്ക സമ്മാനിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രഗൽഭനായ അഭിഭാഷകനും, കോട്ടയം ഡിസിസി ജനറൽ സെക്രട്ടറിയുമായ സിബി ചേനപ്പാടിയാണ് സൂക്ഷ്മ പരിശോധനയിൽ യുഡിഎഫ് ക്യാമ്പിനെ പ്രതിനിധീകരിച്ച് ഹാജരായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപരൻമാരുടെ നോമിനേഷനുകളിൽ വ്യാജ ഒപ്പുകൾ; തെളിവുകൾ നിരത്തി സിബി ചേനപ്പാടിയുടെ വാദം; നാണംകെട്ട് കേരള കോൺഗ്രസ് എം ക്യാമ്പ്

രണ്ട് അപരന്മാർക്കും വേണ്ടി പിന്തുണച്ച് ഒപ്പിട്ടത് ഒരേ ബൂത്തിലെ 20 ആളുകളാണ്. ഒപ്പുകളിട്ട കയ്യക്ഷരങ്ങളുടെ സാമ്യവും, ഒരേ പേനയാണ് ഒപ്പുകൾ ഇടാൻ ഉപയോഗിച്ചത് എന്നും ആരോപണമുന്നയിച്ച് സിബി ചേനപ്പാടി ഉയർത്തിയ ശക്തമായ വാദമുഖങ്ങൾ വരണാധികാരി ആയ കളക്ടർ മുഖവിലയ്ക്കെടുക്കുകയായിരുന്നു. ഒന്നുകിൽ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കുക, അല്ലായെങ്കിൽ ഒപ്പുകളുടെ ആധികാരികത തെളിയിക്കാനുള്ള രേഖകളായ പാൻ കാർഡോ പാസ്പോർട്ടോ ഹാജരാക്കുവാൻ കളക്ടർ ആവശ്യപ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്. ഇത് രണ്ടിനും കഴിയാതെ വന്നതോടെ നോമിനേഷനുകൾ തള്ളുകയായിരുന്നു.

സംസ്ഥാനത്തെ തന്നെ പ്രമുഖ അഭിഭാഷകരിൽ ഒരാളാണ് സിബി ചേനപ്പാടി. കോട്ടയത്തെ കോൺഗ്രസ് നേതൃമുഖത്തെ സൗമ്യവും ശക്തമായ സാന്നിധ്യം കൂടിയാണ് ഇദ്ദേഹം. തിരഞ്ഞെടുപ്പിന് കോൺഗ്രസ് നൽകുന്ന പ്രാധാന്യം എത്രയുണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു നോമിനേഷൻ സൂക്ഷ്മ പരിശോധനയിൽ സിബി ചേനപ്പാടിയുടെ സാന്നിധ്യം. തിരഞ്ഞെടുപ്പ് വിജയത്തിനു മുന്നേ തന്നെ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നടത്തിയ ആധാർമിക നീക്കത്തിനെതിരെ വിജയം കാണാൻ കഴിഞ്ഞത് യുഡിഎഫ് ക്യാമ്പുകൾക്ക് ആവേശമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക