കൂടെ നിന്ന് വഞ്ചിച്ച തോമസ് ചാഴികാനോടും, ജോസ് കെ മാണിയോടും കേരള കോൺഗ്രസ് എമ്മിനോടുമുള്ള കണക്കുതീർക്കാനുള്ള അവസരമാണ് കോട്ടയത്ത് യുഡിഎഫിനും കോൺഗ്രസിനും കൈവന്നത്. അതുകൊണ്ടുതന്നെ ഫ്രാൻസിസ് ജോർജ് എന്ന ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിക്ക് വേണ്ടി അവർ കയ്യും മെയ്യും മറന്ന് രംഗത്തിറങ്ങി. കോട്ടയത്തെ ജോസഫ് ഗ്രൂപ്പിന്റെ സംഘടനാ സംവിധാനം ശുഷ്കവും ദുർബലവും ആയതിനാൽ ആ പോരായ്മകൾ നികത്താനായി കോൺഗ്രസ് നേതാക്കളാണ് ആർജ്ജവത്തോടെ രംഗത്തിറങ്ങിയതും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും.

എന്നാൽ ഇപ്പോൾ കോൺഗ്രസ് അണികളും പ്രവർത്തകരും പാടെ നിരാശരാണ്. ജോസഫ് ഗ്രൂപ്പിനുള്ളിലെ നേതാക്കളുടെ ചക്കളത്തിപോരും, ആളു കളിക്കലും മെക്കിട്ടു കേറുമെല്ലാം കൊണ്ട് കോൺഗ്രസ് പ്രവർത്തകരുടെ മനസ്സ് മടുത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ യാതൊരുവിധ ഏകോപനവും സംഭവിക്കുന്നില്ല. സ്ഥാനാർത്ഥി സ്വന്തം പഞ്ചായത്തിൽ എത്തുമ്പോൾ സ്ഥലത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളെ വിവരം അറിയിക്കാനുള്ള മര്യാദ പോലും ജോസഫ് ഗ്രൂപ്പുകാർ കാണിക്കുന്നില്ല. അപൂർവ്വം ചില ജോസഫ് ഗ്രൂപ്പ് നേതാക്കളൊഴികെ മറ്റെല്ലാവരും സ്വയം ആളാകാനുള്ള അവസരം ആയിട്ടാണ് തെരഞ്ഞെടുപ്പ് പ്രചരണത്തെ കാണുന്നത് ഇതുതന്നെയാണ് കോൺഗ്രസിനെ പ്രകോപിപ്പിക്കുന്നതും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഹന പര്യടനത്തിന് പ്രവർത്തകരെയും ടൂവീലറുകളെയും സജ്ജമാക്കിയ യൂത്ത് കോൺഗ്രസ് നേതാവിന് അതിന്റെ ഒന്നും ആവശ്യമില്ല എന്ന മറുപടിയാണ് ജോസഫ് ഗ്രൂപ്പിലെ ഒരു പ്രമുഖൻ നൽകിയത്. വീടുകയറാനും നോട്ടീസ് കൊടുക്കാനും പോകുന്ന കോൺഗ്രസ് പ്രവർത്തകരുടെ മനോവികാരത്തെ പോലും തകർക്കുന്ന രീതിയിൽ പ്രസംഗ അഭ്യാസങ്ങൾ നടത്തിയാണ് ജോസഫ് ഗ്രൂപ്പിലെ നേതാക്കൾ ചാരിതാർത്ഥ്യം അണയുന്നത്. ജോസഫ് ഗ്രൂപ്പുകാർ തമ്മിലുള്ള തമ്മിൽത്തല്ല് തീർക്കലാണ് പലപ്പോഴും തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ പ്രധാന കർമ്മപരിപാടി എന്ന നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക്.

കോൺഗ്രസിലെയും പല പ്രാദേശിക കടൽ കിഴവന്മാരും പ്രസംഗിച്ചു വെറുപ്പിക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്. ജോസഫ് ഗ്രൂപ്പുകാർക്ക് പിന്നാലെ ഇവരുടെ കൂടെ വെറുപ്പീരാകുന്നതോടെ മനസ്സും അടുത്തു കോൺഗ്രസിലെ ചെറുപ്പക്കാരും സാധാരണ പ്രവർത്തകരും എല്ലാം പ്രചരണ രംഗത്ത് നിന്ന് മാറിനിൽക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരെ വെറുപ്പിക്കാൻ ജോസഫ് ഗ്രൂപ്പുകാർക്കൊപ്പം ഈർക്കിൽ കക്ഷികളായ കോട്ടയത്ത് മറ്റ് ഘടകകക്ഷികളുടെ നേതാക്കളും സജീവമാണ്. ഫ്രാൻസിസ് ജോർജ് നോടുള്ള സ്നേഹം പോലും ഇല്ലാതാക്കി കളയുന്ന രീതിയിൽ ഘടകകക്ഷികളുടെ മെക്കിട്ട് കേറ്റം കോട്ടയത്തെ വിജയസാധ്യതയെ പോലും ഇനിയുള്ള ദിവസങ്ങളിൽ ബാധിക്കും എന്ന ആശങ്കയിലാണ് യുഡിഎഫ് അനുഭാവികൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക