
കാട്ടാക്കട കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ കണ്‍സഷന്‍ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദിച്ചെന്ന സംഭവത്തില്‍ ഉത്തരവാദികളായ നാല് കെ എസ് ആര്‍ ടി സി ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
കെ എസ് ആര്‍ ടി സി ആര്യനാട് യൂനിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ശെരീഫ്, കാട്ടാക്കട ഡിപോയിലെ ഡ്യൂടി ഗാര്‍ഡ് എസ് ആര്‍ സുരേഷ് കുമാര്‍, കന്‍ഡക്ടര്‍ എന്‍ അനില്‍ കുമാര്‍, അസിസ്റ്റന്റ് സി പി മിലന്‍ ഡോറിച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്.
മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ ആക്രമിച്ച ജീവനക്കാര്‍ക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജു കെ എസ് ആര്‍ ടി സി സി എം ഡിക്ക് നിര്‍ദേശം നല്‍കി.
കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപോയില്‍ ചൊവ്വാഴ്ച രാവിലെയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. മകളുടെ കണ്‍സഷന്‍ ടികറ്റ് എടുക്കാന്‍ വന്ന പഞ്ചായത് ജീവനക്കാരനായ കാട്ടാക്കട ആമച്ചല്‍ സ്വദേശി പ്രേമനെയാണ് ജീവനക്കാര്‍ മര്‍ദിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
പ്രേമന്റെ മകള്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. സംഭവ സമയത്ത് മകളും സുഹൃത്തും പ്രേമനൊപ്പമുണ്ടായിരുന്നു. കണ്‍സഷന്‍ ടികറ്റ് എടുക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ കോഴ്‌സ് സര്‍ടിഫികറ്റ് വേണമെന്ന് കൗന്‍ഡറില്‍ ഇരുന്ന ജീവനക്കാരന്‍ ആവശ്യപ്പെട്ടു. കോഴ്‌സ് സര്‍ടിഫികറ്റ് നേരത്തെ നല്‍കിയതാണെന്ന് പ്രേമന്‍ പറഞ്ഞു. എന്നാല്‍, കോഴ്‌സ് സര്‍ടിഫികറ്റ് വീണ്ടും നല്‍കാതെ കണ്‍സഷന്‍ തരാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാരന്‍.
ആളുകളെ എന്തിനാണ് വെറുതേ ബുദ്ധിമുട്ടിക്കുന്നതെന്നും കെഎസ്‌ആര്‍ടിസി ഇങ്ങനെയാകാന്‍ കാരണം ഇത്തരം പ്രവൃത്തികളാണെന്നും പ്രേമന്‍ പറഞ്ഞതോടെ തര്‍ക്കമായി. തുടര്‍ന്ന് ജീവനക്കാരനും സുരക്ഷാ ഉദ്യോഗസ്ഥനും പ്രേമനെ വലിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള മുറിയിലിട്ട് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ പ്രേമന്‍ കാട്ടാക്കട സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.