
സെക്രട്ടറിയേറ്റിന് മുന്നില്‍ മുടിമുറിച്ച് പ്രതിഷേധിച്ച് ആശമാർ. ഓണറേറിയം വർദ്ധന ഉള്‍പ്പെടെ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച രാപകല്‍ സമരം അൻപതാം ദിവസത്തിലെത്തിയിട്ടും സർക്കാർ അനുകൂല നടപടി എടുക്കാത്തതിനാലാണ് ഇന്ന് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നത്. കേരള ആശഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കളും പ്രവർത്തകരും ഉള്‍പ്പടെ നിരവധി പേർ മുടി മുറിക്കല്‍ പ്രതിഷേധത്തില്‍ പങ്കാളികളായി. സമരം തുടരുമെന്നും ആശമാർ അറിയിച്ചു. ‘ഇപ്പോള്‍ ഞങ്ങള്‍ മുടി മുറിച്ചുമാറ്റുന്നു. ഇനി സർക്കാർ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ’, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് നൂറുകണക്കിന് ആശാവർക്കർമാർ പ്രതിഷേധിക്കുന്നത്. അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം മുടി അഴിച്ചിട്ട് പ്രകടനം നടത്തി. പിന്നാലെ മുടി മുറിച്ച് പ്രതിഷേധിച്ചു. പലരും വിതുമ്ബിക്കരഞ്ഞാണ് പ്രതിഷേധത്തിലെത്തിയത്. ആശമാർക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി അങ്കമാലിയിലെ ബിജെപി പുരുഷ കൗണ്‍സിലർമാരും തല മുണ്ഡനം ചെയ്തു.