
കടുത്ത സാമ്ബത്തിക പ്രതിസന്ധിഘട്ടത്തിലും ബാറുടമകള്‍ക്ക് നികുതി കുടിശ്ശിക ഇനത്തില്‍ കോടികള്‍ ഇളവുനല്‍കി സർക്കാർ. 2005 മുതല്‍ 2021 വരെയുള്ള കുടിശ്ശികകള്‍ക്ക് ആംനസ്റ്റി, പിഴപ്പലിശ എന്നിവയില്‍ വൻ ഇളവ് പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുകയാണ്. ഇതോടെ, 2005 മുതല്‍ എക്സൈസ് വകുപ്പ് നടത്തിയ ബാർ പരിശോധനകള്‍ പ്രഹസനമായി.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് വരെ ഈ ഇളവ് ലഭിക്കും. ആദ്യമായാണ് സംസ്ഥാനത്ത് ബാറുകള്‍ക്ക് ഇങ്ങനെ ആംനസ്റ്റി നല്‍കുന്നത്. സർക്കാരിന് ബാർ ഉടമകള്‍ അടയ്ക്കാനുള്ള നികുതി കുടിശ്ശികയില്‍ നിന്ന് വലിയൊരു തുക ഒഴിവാക്കി നല്‍കാനാണ് നീക്കം. ഇതോടുകൂടി ബാർ ഉടമകളില്‍ നിന്ന് ഖജനാവിലേക്ക് എത്തേണ്ട നികുതിപ്പണത്തില്‍ ഗണ്യമായ കുറവുണ്ടാകും. ഖജനാവ് നിറയ്ക്കാൻ സാധാരണക്കാരുടെ മേല്‍ അധികനികുതി ഭാരം ചുമത്തുമ്ബോഴാണ് കോടികളുടെ വരുമാനം ഒഴിവാക്കി സർക്കാർ മദ്യവ്യവസായികളെ തലോടുന്നത്. അവർക്ക് കോടികളുടെ ലാഭമുണ്ടാക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.