FlashKeralaNewsPolitics

10 ഡിസിസി അധ്യക്ഷൻമാരെങ്കിലും മാറണം; പുതിയവരിൽ പകുതി പേരെങ്കിലും 50 വയസ്സിൽ താഴെയുള്ളവർ ആയിരിക്കണം; കോൺഗ്രസിൽ പുനസംഘടന ശുപാർശകളുമായി സുനിൽ കനഗോലുവിന്റെ റിപ്പോർട്ട്: ചർച്ചകൾക്കായി ദീപാ ദാസ് മുൻഷി കേരളത്തിൽ – വിശദാംശങ്ങൾ വായിക്കാം

തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സംസ്ഥാന കോണ്‍ഗ്രസില്‍ അടിയന്തര ശസ്ത്രക്രിയയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്സ് അംഗം സുനില്‍ കനുഗോലുവിന്റെ ശുപാര്‍ശ. സംഘടനാ സംവിധാനം തീരെ ദുര്‍ബ്ബലമെന്നും പുന: സംഘടന അനിവാര്യമെന്നുമാണ് കനുഗോലിവിന്റെ റിപ്പോര്‍ട്ട്. നിലവിലെ സംഘടനാ സംവിധാനവുമായി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മൂന്നാം തവണയും തോല്‍വിയെ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

10 ഡിസിസി പ്രസിഡന്റുമാരും മാറണമെന്നും, പുതിയവര്‍ കടന്നുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഡല്‍ഹിയില്‍ എഐസിസി വിളിച്ചുകൂട്ടിയ സംസ്ഥാനത്തൈ നേതാക്കളുടെ യോഗത്തില്‍, നേതൃമാറ്റം ചര്‍ച്ചയാതേയില്ല. കനുഗോലുവിന്റെ റിപ്പോര്‍ട്ട് കോള്‍ഡ് സ്‌റ്റോറേജില്‍ വയ്ക്കുമോ എന്നു വ്യക്തമല്ലെങ്കിലും തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമാക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തി. ഇന്ന് ഇവർ യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നാളെ കെപിസിസി പ്രസിഡന്റുമായും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും ചര്‍ച്ച നടത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വ്വേകളും തന്ത്രങ്ങളും ആണ് കനുഗോലു തയ്യാറാക്കിയത്. കേരളത്തില്‍ നടത്തിയ ആഭ്യന്തര സര്‍വ്വേക്കിടയില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ലഭിച്ച ചില പേരുകളും ശുപാര്‍ശയായി മുന്നോട്ടു വച്ചിരുന്നു. എന്നാല്‍, കെ സുധാകരനെ മാറ്റാത്ത സാഹചര്യത്തില്‍ പേരുകള്‍ക്കൊന്നും പ്രസക്തിയില്ല. കോണ്‍ഗ്രസ് നേതൃനിരയില്‍ സമൂല മാറ്റം വേണമെന്നാണ് കനുഗോലുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ അനൈക്യം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ കനഗോലു ചൂണ്ടിക്കാട്ടി.

പുതുതായി വരുന്ന 10 ഡിസിസി അദ്ധ്യക്ഷന്മാര്‍ 50 വയസില്‍ താഴെയുള്ളവരായിരിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി, സാധ്യതയുള്ള മണ്ഡലങ്ങളില്‍ ആറുമാസം മുമ്ബേ സ്ഥാനാര്‍ഥിയെ കണ്ടെത്തി, അവരെ വിവരം ധരിപ്പിച്ച്‌ തയ്യാറെടുപ്പിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതും പരാജയപ്പെടാതിരിക്കാന്‍ പാര്‍ട്ടിയുടെ ദുര്‍ബലാവസ്ഥ പരിഹരിക്കാതെ തരമില്ല. ഭരണവിരുദ്ധ വികാരമുണ്ടെന്ന് പറയുമ്ബോഴും, കെ സുധാകരനും വി ഡി സതീശനും തമ്മില്‍ നിലനില്‍ക്കുന്ന അകല്‍ച്ചയും, മുഖ്യമന്ത്രി തര്‍ക്കവും, ശശി തരൂര്‍ എംപിയുടെ സ്റ്റാര്‍ട്ട് അപ്പ് പ്രശംസയും എല്ലാം കാര്യങ്ങള്‍ വഷളാക്കി. ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ എല്ലാവരും കൈകോര്‍ത്തുപിടിച്ചെങ്കിലും, അവിടം കൊണ്ട് കാര്യങ്ങള്‍ തീരില്ലെന്നാണ് സൂചന.

സംഘടനാ സംവിധാനം കെട്ടുറപ്പുള്ളതാക്കാനും, തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കാനും ലക്ഷ്യമിട്ടുള്ള ദീപാദാസ് മുന്‍ഷിയുടെ ശ്രമങ്ങള്‍ എത്ര കണ്ടുഫലവത്താകുമെന്നും കണ്ടറിയണം. കര്‍ണാടക സ്വദേശിയായ സുനില്‍ കനഗോലു ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകള്‍ കൈകാര്യം ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. ഭാരത് ജോഡോ യാത്രയുടെ പിന്നണിയില്‍ സജീവമായിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കോണ്‍ഗ്രസ് തന്ത്രങ്ങള്‍ രൂപപ്പെടുത്താനും പങ്കുവഹിച്ചു. തമിഴ്‌നാട്ടില്‍ എം.കെ.സ്റ്റാലിന്റെ ഇമേജ് ഉയര്‍ത്തുന്നതിനിടയാക്കിയ നമുക്കു നാമേ ക്യാപെയ്ന്റെ പിന്നിലെ ബുദ്ധികേന്ദ്രവും സുനിലായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button