മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന സന്ദീപ് വാര്യർ മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്കാണ് ബിജെപി നേതാവിൻ്റെ പിന്തുണ. പാണക്കാട് തങ്ങളെ ആരും വിമർശിക്കാൻ പാടില്ല എന്ന് എഴുതി വച്ചിട്ടുണ്ടോ എന്നായിരുന്നു സുരേന്ദ്രൻ ഇന്ന് മാധ്യമ പ്രവർത്തകരോട് ചോദിച്ചത്.
ഇവിടെ മഹാത്മ ഗാന്ധിയെ വിമർശിക്കുന്നു. യേശു ക്രിസ്തുവിനെയും ശ്രീരാമനെയും വിമർശിക്കുന്നു. നരേന്ദ്ര മോദിയെ വിമർശിക്കുന്നു. ശ്രീനാരായണ ഗുരുവിനെയും ശങ്കരാചാര്യരേയും വിമർശിക്കുന്നു. ആരും വിമർശനങ്ങള്‍ക്ക് അതീതരല്ല. ജനാധിപത്യത്തില്‍ വിമർശിക്കാനുളള അവകാശമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
-->
സാദിഖലി ശിഹാബ് തങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെപ്പോലെയാണ് പെരുമാറുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പണ്ട് ബാബറി മസ്ജിദ് തകർത്തശേഷമുള്ള ഒറ്റപ്പാലം തിരഞ്ഞെടുപ്പാണ് ഓർമവന്നത്. പള്ളി തകർക്കാൻ ഒത്താശചെയ്തത് കോണ്‍ഗ്രസ് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കരുമായിരുന്നു. അന്ന് കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം ഭരണത്തിലുള്ള ലീഗ് മന്ത്രിസ്ഥാനം രാജിവയ്ക്കാൻ തയ്യാറായില്ല.
അതില്‍ ലീഗ് അണികള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. അതില്ലാതാക്കാൻ പാണക്കാട് തങ്ങള്‍ എത്തിയെങ്കിലും ലീഗുകാർ വരാത്തതിനാല്‍ യോഗം നടത്താനായില്ലെന്നായിരുന്നു കണ്ണാടിയില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ ഇന്നലെവരെയുള്ള കാര്യങ്ങള്‍ ലീഗുകാർക്ക് അറിയാം. പാണക്കാട്ടുപോയി രണ്ടുവർത്തമാനം പറഞ്ഞാല്‍ ലീഗിന്റെ പ്രതിഷേധം ശമിപ്പിക്കാൻ കഴിയുമോയെന്നു നോക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വിമർശനത്തെ പിന്തുണച്ച സുരേന്ദ്രൻ സന്ദീപ് വാര്യരുടെ സന്ദർശനത്തിന് എതിരെ ഇന്ന് ആഞ്ഞടിച്ചു. എന്തുകൊണ്ടാണ് ഈ നേതാക്കളൊന്നും മറ്റു മതസാമുദായിക നേതാക്കളെ പോയി കണ്ട് അനുഗ്രഹം തേടാത്തത് എന്ന ചോദ്യമാണ് വാർത്താ സമ്മേളനത്തില്‍ അദ്ദേഹം ഉയർത്തിയത്. അവരെല്ലാം അനുഗ്രഹം തേടാൻ കൊള്ളാത്തവരാണോ. കേരളത്തില്‍ പാണക്കാട് തങ്ങള്‍ മാത്രമാണോ ആധ്യാത്മിക ആചാര്യനായിട്ടുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു
ക്രൈസ്തവസഭ മേലധ്യക്ഷന്മാരെയോ സുകുമാരൻ നായരെയോ വെള്ളാപ്പള്ളി നടേശനെയോ പുന്നല ശ്രീകുമാറിനെയോ പോയിക്കണ്ട് അനുഗ്രഹം തേടാത്തത് എന്തുകൊണ്ടാണ്. മതഭീകരവാദ ശക്തികള്‍ക്കും ലീഗിനും കോണ്‍ഗ്രസ് അടിമപ്പെട്ടു എന്നതിന്റെ തെളിവാണിത്. പോപ്പുലർ ഫ്രണ്ടും പാണക്കാട് തങ്ങളും മാത്രംമതി തിരഞ്ഞെടുപ്പ് ജയിക്കാൻ എന്നാണോ കോണ്‍ഗ്രസ് വിചാരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക