
യുവാക്കളുടെ വിദേശ കുടിയേറ്റം തടയാന്‍ പദ്ധതിയുമായി സിറോ മലബാര്‍ സഭ. വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സഭയുടെ അടിയന്തര ഇടപെടല്‍. ക്രിസ്ത്യന്‍ വിഭാഗം, പ്രത്യേകിച്ച് കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന ജില്ലകള്‍ കൂടിയാണിവ.വിദേശത്തേക്കുള്ള യുവതലമുറയുടെ കുടിയേറ്റം തടഞ്ഞ് അവരെ നാട്ടില്‍ തന്നെ പിടിച്ചുനിര്‍ത്താനാകുന്ന തരത്തിലുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കാനാണ് സഭയുടെ തീരുമാനം.
ഇതിന്റെ ഭാഗമായി പാല, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി രൂപതകളുടെ നേതൃത്വത്തില്‍ ത്രിദിന വര്‍ക് ഷോപ്പ് ഞായറാഴ്ച ആരംഭിച്ചു. ചങ്ങനാശ്ശേരിയിലെ സെന്റ് ബെര്‍ച്ച്‌മാന്‍സ് കോളേജില്‍ ആരംഭിച്ച വിംഗ്‌സ് 2.0 എന്ന പരിപാടിയിലൂടെ കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ വിദേശ കുടിയേറ്റം കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്. വിജയകരമായ സംരംഭം തുടങ്ങുന്നതിനായി യുവാക്കളുടെ കഴിവുകള്‍ മെച്ചപ്പെടുത്തി ആവശ്യമായ വിഭവങ്ങള്‍ ലഭ്യമാക്കുകയെന്നതും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ അവര്‍ക്ക് ആവശ്യമായ സാങ്കേതിക വിദ്യ പരിജ്ഞാനവും നിക്ഷേപ പിന്തുണയും നല്‍കാനും പദ്ധതി ലക്ഷ്യം വെയ്ക്കുന്നു.