പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ സാമ്ബത്തികമായി തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടത്തുകയാണ് എന്ന് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി.കോണ്‍ഗ്രസിനെ സാമ്ബത്തികമായി തളര്‍ത്താന്‍ പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത ഫണ്ട് മരവിപ്പിക്കുകയും തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് പണം ബലമായി തട്ടിയെടുക്കുകയും ചെയ്യുകയാണ് എന്ന് സോണിയ ഗാന്ധി ആരോപിച്ചു.

‘ഇന്ന് ഞങ്ങള്‍ ഏറ്റെടുക്കുന്ന വിഷയം അത്യന്തം ഗൗരവമുള്ളതാണ്. ഈ പ്രശ്‌നം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ മാത്രമല്ല, നമ്മുടെ ജനാധിപത്യത്തെ തന്നെ ബാധിക്കുന്നു. ഇതിന് ഒരു ചിട്ടയായ ശ്രമം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നു,’ സോണിയ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിനെതിരായ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും സോണിയ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും തങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഫലപ്രദമായി കൊണ്ടുപോകാന്‍ പരമാവധി ശ്രമിക്കുന്നുണ്ട് എന്നും സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച ഇലക്ടറല്‍ ബോണ്ടിലൂടെ ബി ജെ പിയാണ് വലിയ നേട്ടമുണ്ടാക്കിയത് എന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കുമൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന സോണിയ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നിരിക്കെ പിന്നെ എന്തിനാണ് കോണ്‍ഗ്രസിന് പിഴ ചുമത്തുന്നത് എന്നും അവര്‍ ചോദിച്ചു.

2018-19 സാമ്ബത്തിക വര്‍ഷത്തെ കുടിശ്ശികയും പിഴയും ആയി 210 കോടി രൂപ നികുതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളിലെ 115 കോടി രൂപ മരവിപ്പിച്ചിരിക്കുകയാണ്. ബാങ്ക് അക്കൗണ്ടുകള്‍ക്കെതിരായ ആദായനികുതി വകുപ്പിന്റെ നടപടി തടയണമെന്ന പാര്‍ട്ടിയുടെ ഹര്‍ജി ഈ മാസം ആദ്യം ട്രൈബ്യൂണല്‍ നിരസിച്ചിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടി പൂര്‍ണമായും സാമ്ബത്തികമായി തകര്‍ന്നിരിക്കുകയും പരസ്യത്തിനും പ്രചാരണത്തിനും ചെലവഴിക്കാനും സ്ഥാനാര്‍ത്ഥികള്‍ക്ക് പണം നല്‍കാനും കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് തിരഞ്ഞെടുപ്പ് നടത്തുന്നത് എന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ചോദിച്ചു.

അതേസമയം കോണ്‍ഗ്രസിന്റെ സാമ്ബത്തിക ഐഡന്റിറ്റി ഒരു മാസം മുമ്ബ് ഇല്ലാതാക്കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിനെതിരായ നടപടി ക്രിമിനല്‍ നീക്കമാണ് എന്നും ഇത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചെയ്ത ക്രിമിനല്‍ നടപടിയാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഞങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നില്ല. പ്രവര്‍ത്തകരെ പിന്തുണക്കാന്‍ സാധിക്കുന്നില്ല. നേതാക്കള്‍ക്ക് രാജ്യത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോലും കഴിയുന്നില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ട് മാസം മുമ്ബാണ് ഇത് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന ധാരണ കള്ളമായി മാറി എന്നും രാഹുല്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക