പാലായിൽ പാര്‍ട്ടിയുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിയെന്ന വിലയിരുത്തല്‍ ജില്ലാ നേതൃത്വം തള്ളി. സ്ഥാനാര്‍ത്ഥിത്വമാണ് പരാജയത്തിന് കാരണമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാലായില്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മികച്ചതായിരുന്നെങ്കിലും പൊതു സ്വീകാര്യതയില്‍ പിന്നിലായി. അദ്ദേഹത്തിൻറെ പ്രവർത്തന ശൈലിയോടും, രാഷ്ട്രീയ സമീപനത്തോടുമുള്ള എതിർപ്പാണ് പാലായിൽ കനത്ത പരാജയം ഉണ്ടാക്കിയത് എന്നാണ് പാർട്ടി വിലയിരുത്തുന്നത്.

ജോസ് കെ മാണിയുടെ സ്വീകാര്യത കുറവും, കേരള കോൺഗ്രസിലെ രണ്ടാംനിര നേതാക്കളോട് ജനങ്ങൾക്കുള്ള അവ മതിപ്പും ആണ് പരാജയത്തിന് കാരണം എന്ന് സിപിഎം ജില്ലാ നേതൃത്വം റിപ്പോർട്ട് ചെയ്തു എന്നാണ് അറിയാൻ കഴിയുന്നത്. പ്രചാരണ ഘട്ടങ്ങളിൽ മുന്നണി മാറ്റത്തിന് കാരണമായ രാഷ്ട്രീയ വിശദീകരണം ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ ജോസ് കെ മാണി പരാജയപ്പെട്ടു. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങളെ പ്രതിരോധിക്കാനും സാധിച്ചില്ല എന്ന വിലയിരുത്തലും ഉണ്ട്. പരമ്പരാഗത കേരള കോൺഗ്രസ് വോട്ടുകളിൽ ഇത് വലിയ ചോർച്ചയാണ് സൃഷ്ടിച്ചത് എന്ന നിലപാടിലാണ് സിപിഎം പ്രാദേശിക ഘടകങ്ങൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലാ നഗരസഭയിൽ അടക്കം ചില കേരള കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചുവരുന്ന അപക്വമായ നിലപാട് നിയോജക മണ്ഡലത്തിൽ മൊത്തം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചു. കൂടാതെ മുന്നണിയുടെ പൊതുവായ പ്രവര്‍ത്തനങ്ങളിലുണ്ടായ പോരായ്മയാണ് തോല്‍വിക്ക് കാരണമെന്നും നേതാക്കള്‍ പറഞ്ഞു. ഘടകകക്ഷിയിലെ പ്രധാന നേതാവാണ് പരാജയപ്പെട്ടത് എന്നതിനാല്‍ അന്വേഷണം നടത്തണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. പാലായിൽ സിപിഎം വോട്ടുകളിൽ ചോർച്ചയുണ്ടായി എന്നു കാട്ടി ജോസ് കെ മാണി, പിണറായി വിജയന് പരാതി നൽകിയിരുന്നു. എന്നാൽ ജോസ് നടത്തുന്ന ആരോപണങ്ങളെ പൂർണ്ണമായും തള്ളുന്ന നിലപാടാണ് കോട്ടയം ജില്ലാ നേതൃത്വം കൈക്കൊള്ളുന്നത്.

കേരളാ കോൺഗ്രസ് ഇടതുമുന്നണിയുടെ ഭാഗമാണെങ്കിലും കോട്ടയം ജില്ലയിലും, പാലായിലും അവർ സ്വതന്ത്രമായാണ് രാഷ്ട്രീയ പ്രചരണവും പ്രവർത്തനം നടത്തുന്നത്. ഇപ്പോഴും ഒരു കെട്ടുറപ്പുള്ള മുന്നണിയായി ഇവിടങ്ങളിൽ മാറാൻ എൽഡിഎഫിനു കഴിഞ്ഞിട്ടില്ല. സിപിഎം വോട്ട് ചോർച്ച ആരോപിച്ച് ജോസ് കെ മാണി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിലും സിപിഎം ജില്ലാ, പ്രാദേശിക ഘടകങ്ങൾക്ക് അതൃപ്തിയുണ്ട്. പരാജയത്തിൻറെ പേരിൽ സിപിഎമ്മിൽ അച്ചടക്ക നടപടി ഉണ്ടായാൽ ഈ ഭിന്നത രൂക്ഷമാകും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക