സാമ്ബത്തിക പ്രതിസന്ധി നേരിടവെ തിരഞ്ഞെടുപ്പിനു മുൻപ് അടിയന്തര പണപ്പിരിവ് നടത്താൻ കെപിസിസി ആലോചന. കൂപ്പണ്‍ അടിച്ച്‌ ബൂത്ത് തലം വരെ നല്‍കി പണം പിരിക്കാമെന്ന നിർദ്ദേശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുന്നോട്ടുവച്ചതായി സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ പറഞ്ഞു. ‘കോണ്‍ഗ്രസിനെ തകർക്കാൻ ദേശീയതലത്തില്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗാമായാണ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഇത് സാധാരണക്കാരായ ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്.

സംഘടന വലിയതോതിലുള്ള സാമ്ബത്തിക ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ഘട്ടത്തില്‍ ഇത് ജനങ്ങള്‍ക്കിടയില്‍ സിംപതിക്ക് കാരണമായിട്ടുണ്ട്. പ്രവർത്തകർ ആവേശത്തോടെ പണപ്പിരിവിന് ഇറങ്ങും’ – ടി.യു.രാധാകൃഷ്ണൻ പറഞ്ഞു. കൂടിയാലോചനകള്‍ക്ക് ശേഷമാകും ഇതു സംബന്ധിച്ച അന്തിമ തീരുമാനം. പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നുള്ള എഐസിസി തീരുമാനത്തിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപിഎമ്മും ബിജെപിയും പണമൊഴുക്കുന്നുവെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഒപ്പത്തിനൊപ്പം ഭൂരിപക്ഷം മണ്ഡലങ്ങളിലും പ്രചാരണം നടത്താൻ പാർട്ടിക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ പ്രചാരണം കടുക്കുമെന്നാണ് വിലയിരുത്തല്‍. അത്തരമൊരു സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ നിന്നും പണം സമാഹരിക്കാതെ മറ്റു മാർഗങ്ങളില്ലെന്നാണ് നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലെ തീരുമാനം. എത്ര രൂപയുടെ കൂപ്പണുകള്‍ അടിക്കണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ താമസിക്കാതെ തീരുമാനിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു പറഞ്ഞു.

ദേശീയ നേതാക്കള്‍ സാമ്ബത്തിക പ്രതിസന്ധി കാരണം സംസ്ഥാനങ്ങളിലേക്കുള്ള യാത്രകള്‍ ചുരുക്കുമെന്ന് നേരത്തെ വാർത്ത പുറത്തുവന്നിരുന്നു. ഇതിനു സമാനമാണ് സംസ്ഥാനത്തെ നേതാക്കളുടെയും അവസ്ഥ. 20 നിയോജക മണ്ഡലങ്ങളുടെയും ചുമതല നല്‍കിയിരിക്കുന്ന നേതാക്കള്‍ക്ക് യാത്ര, താമസം, ഭക്ഷണം എന്നിവയ്ക്ക് പണം കണ്ടെത്താൻ പാർട്ടി പ്രയാസപ്പെടുന്നുണ്ട്. സ്ഥാനാർഥികള്‍ക്ക് ഇത്തവണ എഐസിസിയില്‍ നിന്നും പണം ലഭിക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും നടത്തിയ സമരാഗ്നിയില്‍ നിന്നും പിരിച്ച പണത്തിന് അതിന്റേതായ ചെലവ് വന്നിട്ടുണ്ടെന്നും നേതാക്കള്‍‌ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക