തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാകുന്നു. നാളെ രാവിലെ 11 മണി വരെ കാത്തിരിക്കൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയില്‍ നില്‍ക്കുന്ന നേതാക്കളാണ് ബിജെപിയിലേക്ക് പോകുന്നത്.

2011-16 ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ സുപ്രധാനമായ വകുപ്പ് കൈകാര്യം ചെയ്ത ഒരു മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളാണ് ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. മുന്‍ മന്ത്രിയായ കോണ്‍ഗ്രസ് നേതാവ് ബിജെപി പാളയത്തില്‍ എത്തുകയാണെങ്കില്‍ അദ്ദേഹത്തെ കൊല്ലത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി നീക്കം. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായതോടെ മുന്‍ മന്ത്രിയെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വലിയ ഇടപെടലുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ നേതൃത്വത്തോട് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും മുന്‍ മന്ത്രി തയ്യാറായിട്ടില്ലെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുന്‍ മന്ത്രിക്ക് പുറമേ രണ്ട് മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയേക്കുമെന്നാണ് ശക്തമായ അഭ്യൂഹം. ഇവരുമായും നേതൃത്വം ചര്‍ച്ചകള്‍ നടത്തുകയും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയിലും മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ച അതേ രീതിയിലുള്ള ഓപ്പറേഷനാണ് കേരളത്തിലും ബിജെപി നടപ്പിലാക്കുന്നത്.ബിജെപിയുടെ കേന്ദ്ര നേതൃത്വമാണ് കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തി എടുക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കുകയാണ്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ കേരളത്തില്‍ 2019 ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ ഇപ്പോഴുണ്ടാകുന്ന ഈ നീക്കം വലിയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെ എത്തിക്കും. സിപിഎമ്മിലേക്ക് നേതാക്കള്‍ പോയാലും ബിജെപിയിലേക്ക് പോകരുതെന്നും അത്തരമൊരു നീക്കം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയുന്നുണ്ട്.

ഭരണവിരുദ്ധ വികാരം കേരളത്തില്‍ ശക്തമാണെന്നും അതുകൊണ്ട് തന്നെ കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും നേതൃത്വം വിലയിരുത്തുന്നു.ഇത്തരമൊരു സാചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോയാല്‍ അത് ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നും നേതൃത്വം വിലയിരുത്തുന്നു. അതോടൊപ്പം തന്നെ പദ്മജ വേണുഗോപാലിന് പിന്നാലെ കെ കരുണാകരനുമായി അടുത്ത ബന്ധമുള്ള ചില നേതാക്കളും ബിജെപിയില്‍ പോയേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക