കോൺഗ്രസിൽ തലമുറ മാറ്റം എന്നത് നടപ്പാക്കാൻ ഒരുവിധത്തിലും അനുവദിക്കില്ല എന്ന നിലപാട് എടുത്തിരിക്കുന്ന ഒരുപറ്റം നേതാക്കൾ കേരളത്തിലെ പാർട്ടിയിൽ ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ തുടർച്ചയായ പരാജയങ്ങളുടെ പശ്ചാത്തലത്തിൽ കെപിസിസി അധ്യക്ഷ പദവിയിൽ കെ സുധാകരനും, പ്രതിപക്ഷ നേതാവായി വി ഡി സതീശനും എത്തിയപ്പോൾ പാർട്ടിയുടെ പ്രവർത്തകരും, അനുഭാവികളും പൊതുസമൂഹവും ഇത് കോൺഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുക്കും എന്ന് വിശ്വസിച്ചു. എന്നാൽ പാർട്ടിയെ അടിമുടി ഉറച്ചുവാർക്കുവാൻ രംഗത്തിറങ്ങിയ കെപിസിസി അധ്യക്ഷൻ സുധാകരനെതിരെ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി നിലകൊണ്ടു. ഗ്രൂപ്പ് പരിഗണനകൾക്ക് അതീതമായി ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കാൻ കഴിഞ്ഞെങ്കിലും പിന്നീട് അങ്ങോട്ട് ചെറുവിരൽ അനക്കുവാൻ സുധാകരനെ പാർട്ടിയിലുള്ള ഗ്രൂപ്പ് മാനേജർമാരും നേതാക്കന്മാരും അനുവദിച്ചില്ല.
ഇതിനിടയിൽ കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും മാറിമറിഞ്ഞു. ഉമ്മൻചാണ്ടി സജീവരാഷ്ട്രീയം വിട്ടതും, രമേശ് ചെന്നിത്തലയെ വിട്ട് ഐ ഗ്രൂപ്പ് പ്രമുഖന്മാർ കെ സി വേണുഗോപാലിന് ഒപ്പം നിലപാടെടുത്തതും, കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും ഇരു ധ്രുവങ്ങളിൽ ആയതും പാർട്ടിയെ സ്തംഭനാവസ്ഥയിലാണ് എത്തിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിട്ടും ജില്ലാ ബ്ലോക്ക് തലങ്ങളിലുള്ള പുനസംഘടന പൂർത്തിയാക്കുവാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
-->

കുത്തിത്തിരിപ്പുമായി കെസി ജോസഫ്
ബിജെപി നടത്തുന്ന ക്രൈസ്തവ കത്തോലിക്ക പ്രീണന നീക്കങ്ങൾ മറയാക്കി ഇപ്പോൾ കെ സുധാകരനെതിരെ കുത്തിത്തിരുപ്പുമായി രംഗത്തെത്തിയിരിക്കുന്നത് കെ സി ജോസഫ് ആണ്. 39 വർഷക്കാലം എംഎൽഎയും അഞ്ചുവർഷം മന്ത്രിയുമായിരുന്ന കെ സിക്ക് രാഷ്ട്രീയ മോഹങ്ങൾ അവസാനിച്ചിട്ടില്ല എന്നത് വ്യക്തം. അധികാരത്തിലിരുന്ന നാളുകളിൽ ഒന്നും സഭയുമായി ഒരുവിധത്തിലുള്ള ബന്ധവും സ്ഥാപിച്ചിട്ടുള്ള നേതാവല്ല കെ സി ജോസഫ്. സഭയെ സഹായിക്കാനും അദ്ദേഹം തയ്യാറായിട്ടില്ല. പലപ്പോഴും ജന്മംകൊണ്ട് ക്രൈസ്തവനാണെങ്കിലും കർമ്മം കൊണ്ട് ക്രൈസ്തവൻ എന്ന രീതിയിലുള്ള പെരുമാറ്റങ്ങളും അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ല. അദ്ദേഹവും കുടുംബാംഗങ്ങളും ദുഃഖ വെള്ളിയാഴ്ചകളിൽ മാത്രം പള്ളിയിൽ പോകുന്നവരാണ് എന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. മതപരമായ ചടങ്ങുകൾക്ക് വ്യക്തി ജീവിതത്തിൽ വലിയ പ്രാധാന്യം കൊടുക്കാറുള്ള ആളുകൾ അല്ല എന്നും ആക്ഷേപമുണ്ട്. ഇതൊക്കെ വ്യക്തിപരമായ കാര്യങ്ങൾ അല്ലേ എന്ന് പറയുമ്പോഴും മതത്തിന്റെ പേരിൽ അല്ലെങ്കിൽ ക്വാട്ടയിൽ സീറ്റും സ്ഥാനമാനങ്ങളും നേടുന്നതിന് ഇവർക്ക് ഒരു മടിയുമില്ല. അതുകൊണ്ടാണ് ഇത്തരം നിലപാടുകൾ വിമർശന വിധേയമാകുന്നത്.
ഇരിക്കൂർ സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ട ശേഷം കെ സി കോട്ടയത്ത് സ്ഥിരതാമസമാണ്. ചങ്ങനാശ്ശേരി അതിരൂപതയും, പാലാ കാഞ്ഞിരപ്പള്ളി രൂപകതകളും ഉള്ള കോട്ടയം ജില്ല കത്തോലിക്കാ വിഭാഗത്തിന്റെ ശക്തികേന്ദ്രമാണ്. അതുകൊണ്ടുതന്നെ കോൺഗ്രസ് സഭയുമായി അടുക്കുമ്പോൾ അതിൽ ഇടിച്ചു കയറി മുതലെടുക്കാൻ ഉള്ള ശ്രമമാണ് കെസി ജോസഫ് നടത്തുന്നത്. മുൻപ് സമാനമായ നീക്കത്തിലൂടെ ചങ്ങനാശ്ശേരി സീറ്റ് സ്വന്തമാക്കാൻ ഇദ്ദേഹം ശ്രമിച്ചപ്പോൾ സഭയുടെ എതിർപ്പും മൂലമാണ് അത് നടക്കാതെ പോയത്.
സഭ തരൂരിനെ സ്വാഗതം ചെയ്തപ്പോൾ എതിർത്ത നേതാവ്
കെ സി ജോസഫ് മുന്നോട്ടുവയ്ക്കുന്ന ക്രൈസ്തവ സ്നേഹം കാപട്യമാണ് എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് ശശി തരൂരിനോട് അദ്ദേഹം പുലർത്തിയ സമീപനം. കോട്ടയം ജില്ലയിൽ വിവിധ പരിപാടികൾക്കായി തരൂരെത്തിയപ്പോൾ ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പാലാ രൂപതകളുടെ അധ്യക്ഷന്മാർ അദ്ദേഹത്തെ അരമനകളിലേക്ക് ക്ഷണിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തരൂർ നേതൃത്വത്തിൽ എത്തിയാൽ സഭയ്ക്ക് സ്വീകാര്യനാണ് എന്ന നിലപാടും അവർ പരസ്യമാക്കിയിരുന്നു. സഭയുടെ ഈ നിലപാടിനെ തള്ളി തരൂർ നടത്തുന്നത് പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്നും ഇത് അംഗീകരിക്കാൻ ആവില്ലെന്നും ചൂണ്ടിക്കാട്ടി ആ പരിപാടികൾ പൊളിക്കാൻ നീക്കം നടത്തിയ നേതാവാണ് കെ സി. അത്തരത്തിലുള്ള ഇപ്പോൾ പുറത്തെടുത്തിരിക്കുന്ന സഭാ കാർഡ് അവസരവാദപരവും സ്വാർത്ഥ താല്പര്യ സംരക്ഷണാർദ്ധവുമാണ് എന്ന് തിരിച്ചറിയാൻ സാമാന്യ ബുദ്ധി മാത്രം മതി.
സുധാകരനെതിരെയുള്ള നീക്കത്തിൽ ഗ്രൂപ്പ് ഭേദമില്ലാതെ അണികൾക്ക് അമർഷം:
സംസ്ഥാനത്തെ കോൺഗ്രസിൽ സജീവമായിട്ടുള്ള നേതാക്കളെ പരിഗണിച്ചാൽ ഗ്രൂപ്പ് ഭേദമില്ലാതെ അണികളെയും അഭ്യുദയകാംക്ഷികളെയും ഒരുമിച്ച് നടത്തുവാൻ സാധിക്കുന്ന നേതാക്കളിൽ ഒന്നാമൻ ശശി തരൂരാണ്, രണ്ടാമൻ കെ സുധാകരനും. തരൂരിനുള്ളത്ര ബഹുജന പിന്തുണ സുധാകരൻ ഇല്ലെങ്കിലും കോൺഗ്രസുകാർക്ക് അദ്ദേഹം വലിയ പ്രതീക്ഷയും ഊർജ്ജവും ആണ്. പലപ്പോഴും കോൺഗ്രസ് നേതാക്കളുടെ അഴകൊഴമ്പൻ നയങ്ങളും, അവസരവാദ നിലപാടുകളും തള്ളി മുന്നോട്ടു നീങ്ങുന്ന നേതാവാണ് സുധാകരൻ. പാലാ ബിഷപ്പ് ലവ് ജിഹാദ് വിഷയമുയർത്തിയപ്പോൾ പ്രതിപക്ഷനേതാവ് ഉൾപ്പെടെ കോൺഗ്രസിലെ പ്രമുഖർ പലരും ബിഷപ്പിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. എന്നാൽ ഇത്തരം നിലപാടുകളെ തള്ളി പാലാ അരമനയിൽ നേരിട്ട് എത്തി സന്ദർശനം നടത്തിയ ഐക്യദാർഢ്യം അറിയിച്ച നേതാവാണ് സുധാകരൻ. അന്ന് കോട്ടയത്ത് ഉണ്ടായിരുന്നിട്ടും ഈ വിഷയത്തിൽ പാലാ ബിഷപ്പിന് അനുകൂലമായി നിലപാട് എടുക്കാൻ കൂട്ടാക്കാതിരുന്ന കെ സി ജോസഫ് സഭയുടെ പേര് പറഞ്ഞു സുധാകരനെ പ്രതിരോധത്തിൽ ആക്കാൻ തുനിയുന്നത് കുത്തിത്തിരിപ്പല്ലാതെ മറ്റെന്താണ് എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല.
ഗ്രൂപ്പ് ക്വാട്ടയിൽ നേതൃസമിതികളിലെ സ്ഥിരാംഗം:
ഗ്രൂപ്പ് വീതംവെപ്പിൽ നേതൃസമിതികളിൽ സ്ഥിരമായി അംഗത്വം നേടിയെടുക്കുന്ന ഒരു നേതാവാണ് കെ സി ജോസഫ്. എ ഗ്രൂപ്പ് പ്രതിനിധി ആയി കോട്ടയം ജില്ലയിലെ കമ്മിറ്റികളിലും കെപിസിസി സമിതികളിലും ഇദ്ദേഹം സ്ഥിരമായി കയറി പറ്റും. ഐ ഗ്രൂപ്പിൽ നിന്ന് ഇത്തരത്തിൽ സ്ഥിരം അംഗത്വം സംഘടിപ്പിക്കുന്ന മറ്റൊരു നേതാവ് ജോസഫ് വാഴയ്ക്കനാണ്. പതിറ്റാണ്ടുകളോളം പാർട്ടിയിൽ ഉന്നത പദവിയിൽ വഹിക്കുകയും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ നിരവധി അവസരങ്ങൾ ലഭിക്കുകയും ചെയ്യ്ത ഇവരുടെ തലമുറ മാറ്റത്തിനുള്ള വൈമുഖ്യം കോൺഗ്രസിനെ നടത്തുന്നത് പിന്നോട്ടാണ്, ജനമനസ്സുകളിൽ നിന്ന് അകലേക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക