ഒമിക്രോണും റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും ക്രൂഡ് ഓയിൽ വിലക്കയറ്റവും പണപ്പെരുപ്പ വർധനയും കേന്ദ്ര ബാങ്കുകളുടെ നിരക്കുയർത്തലുകളും ക്രിപ്റ്റോയുടെ തകർച്ചയും 2022ൽ ഇന്ത്യൻ വിപണിയെയും സംഭവബഹുലമാക്കി. ലോക വിപണികളെല്ലാം വീണ്ടും തകർച്ച തുടർന്നപ്പോൾ ഇന്ത്യൻ വിപണി തിരിച്ചുകയറി വീണ്ടും റെക്കോർഡിട്ടു. വെള്ളിയാഴ്‌ചയിലെ 3,000 കോടിയുടെ അടക്കം ഡിസംബറിൽ 14,000 കോടി രൂപയ്ക്കു മുകളിൽ വിദേശ ഫണ്ടുകൾ വിൽപന നടത്തിയപ്പോൾ റെക്കോർഡ് നിലയിൽനിന്ന് 18,105 പോയിന്റിൽ നിഫ്റ്റി 2022 അവസാനിപ്പിച്ചു.

17,770 പോയിന്റിലും 17,350-17,450 മേഖലയിലുമാണ് നിഫ്റ്റിയുടെ പ്രധാന സമീപ പിന്തുണകൾ. 18,700 പോയിന്റിലും 19,100 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത സമ്മർദമേഖലകൾ. രാജ്യാന്തര ഘടകങ്ങൾ പിന്നോട്ട് വലിച്ചേക്കാമെങ്കിലും യൂണിയൻ ബജറ്റും, കേന്ദ്ര സർക്കാരിന്റെ ഇൻഫ്രാ ചെലവിടലിലെ കുതിച്ചു ചാട്ടവും, വരും പാദ റിസൾട്ടുകളും ഇന്ത്യൻ വിപണിക്ക് അടുത്ത പാദത്തിലും കുതിപ്പ് നൽകിയേക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാങ്കിങ്, മെറ്റൽ, എഫ്എംസിജി, ഓട്ടോ, എനർജി, ഇൻഫ്രാ സെക്ടറുകൾ 2022ൽ മുന്നേറ്റം കുറിച്ചപ്പോൾ ഐടി, ഫാർമ, റിയൽറ്റി, സ്‌മോൾ ക്യാപ് സെക്ടറുകൾ നഷ്ടം കുറിച്ചു. പൊതുമേഖല ബാങ്കുകൾ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ മികച്ച റിസൾട്ടുകളുടെ കൂടി പിൻബലത്തിൽ ബാങ്ക് നിഫ്റ്റി വീണ്ടും റെക്കോർഡ് മുന്നേറ്റം നടത്തി ഇന്ത്യൻ വിപണിയെ മുന്നിൽനിന്നു നയിച്ചു. അമേരിക്കൻ ഫെഡ് റിസർവ് നിരക്കുകൾ വല്ലാതെ ഉയർത്തിയത് നാസ്ഡാക്കിനു നൽകിയ തിരുത്തലിന്റെ പ്രതിഫലനം ഇന്ത്യൻ ഐടി സെക്ടറിനെയും കഴിഞ്ഞ വർഷം വീഴ്ത്തിക്കളഞ്ഞത് ഇന്ത്യൻ വിപണിക്കും നിർണായകമായി. 40,000 പോയിന്റിനടുത്തുനിന്ന് ഐടി സൂചിക വെള്ളിയാഴ്ച 28,621 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. തിരിച്ചുവരവ് നടത്തിയ മെറ്റൽ, ഓട്ടോ, എഫ്എംസിജി, ഇൻഫ്രാ സെക്ടറുകൾ ഇനിയും മുന്നേറ്റം തുടർന്നേക്കാം. ക്യാപിറ്റൽ ഗുഡ്‌സ്, കെമിക്കൽ, ഡിഫൻസ്, ഗ്യാസ്, ധാന്യം, ഷുഗർ, പേപ്പർ, ലോജിസ്റ്റിക് ഓഹരികളും കഴിഞ്ഞ വർഷം മുന്നേറ്റം നേടി.

അമേരിക്കൻ ഫെഡ് റിസർവ് അടക്കമുള്ള കേന്ദ്ര ബാങ്കുകൾ കടുത്ത നിയന്ത്രണങ്ങൾ വർഷം മുഴുവൻ തുടരുന്നതു മാന്ദ്യ കാരണമായേക്കാമെന്ന വിപണിഭയത്തിനിടയിലും 2023ൽ ഇന്ത്യൻ വിപണി മുന്നേറ്റ പ്രതീക്ഷയിലാണ്. ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് വീണ്ടും മുന്നേറ്റ കാരണമായേക്കാം. 2024ലെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കൂടുതൽ ജനപക്ഷ പ്രഖ്യാപനങ്ങൾക്കൊപ്പം ഡിഫൻസ്, ഇൻഫ്രാ മേഖലയിൽ വലിയ തുക ചെലവിടുമെന്നും വിപണി പ്രതീക്ഷിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ കയറ്റുമതി നിയന്ത്രണങ്ങളും ഉയർന്ന ക്രൂഡ് ഓയിൽ വിലയും ഇലക്ട്രോണിക്സ് അടക്കമുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വർധിച്ചതും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ് വരുത്തി. സർക്കാർ നയങ്ങളിൽ തിരുത്തൽ വരുത്തിയതു വിപണിക്ക് പ്രതീക്ഷയാണ്. കയറ്റുമതി വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഉദ്യമങ്ങൾക്കൊപ്പം ഇറക്കുമതി നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കാവുന്നതും വിദേശ ഫണ്ടുകൾ ഏറ്റവും വേഗത്തിൽ വളരുന്ന ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ പണമെത്തിച്ചേക്കാവുന്നതും വളർച്ചയ്ക്കു കാരണമാകാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക