
തിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍, സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് എറണാകുളം അങ്കമാലി അതിരൂപത. തെരുവുനായ വിഷയത്തില്‍ സര്‍ക്കാര്‍ കാഴ്ചക്കാരുടെ റോളിലായെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രത്തിലെ ലേഖനത്തിലൂടെ വിമര്‍ശിക്കുന്നു. തുടല്‍പൊട്ടിയ നായയും തുടലില്‍ തുടരുന്ന സര്‍ക്കാരുമാണിപ്പോള്‍ കേരളത്തിലുള്ളത്. മജിസ്ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യങ്ങള്‍ നടക്കുവെന്നാണ് കേരളത്തിലെ സ്ഥിതിയെന്നും ലേഖനത്തില്‍ പരിഹസിക്കുന്നു.
‘നായ കടിയേറ്റ് റാബീസ് വാക്സിന്‍ സ്വീകരിച്ചവര്‍ മരിക്കുന്നത് ഗൗരവമുള്ള വിഷയമാണ്. വാക്സിന്‍ ഗുണനിലവാരം വിദഗ്ധ സമിതിയെ വെച്ച് പരിശോധിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല’. യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു. നായ്ക്കളെ കൊല്ലരുത് എന്ന് പറയുന്നവര്‍ അതിന്ടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെന്നും എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം വിമര്‍ശിക്കുന്നു.