ഹൈദരാബാദ്: ബിരുദ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഭോപ്പാലിലെ സര്‍വേപള്ളി രാധാകൃഷ്‌ണന്‍ സര്‍വകലാശാലയുടെ (എസ്‌ആര്‍കെയു) വൈസ് ചാന്‍സലറെയും മുന്‍ വൈസ് ചാന്‍സലറെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു.
കഴിഞ്ഞ മൂന്ന് മാസം മുന്‍പാണ് ടാസ്‌ക് ഫോഴ്‌സ് പൊലീസ് തട്ടിപ്പ് കണ്ടെത്തിയത്. ചൊവ്വാഴ്‌ച ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്‌റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം എസ്‌ആര്‍കെയു വൈസ് ചാന്‍സലര്‍ ഡോ. എം. പ്രശാന്ത് പിള്ളയെയും മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എസ്.എസ് കുശ്വയെയും ഭോപ്പാലില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
-->
കേസില്‍ എസ്‌ആര്‍കെയുവിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ കേതന്‍ സിങ്ങിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളിലെ ഒപ്പ് തങ്ങളുടെയാണെന്ന് പ്രശാന്ത് പിള്ളയും കുശ്വയും സമ്മതിച്ചതായി ഹൈദരാബാദ് അഡിഷണല്‍ കമ്മിഷണര്‍ എ.ആര്‍ ശ്രീനിവാസ് പറഞ്ഞു. രജിസ്ട്രാര്‍, പരീക്ഷ കണ്‍ട്രോളര്‍, ഡിപ്പാര്‍ട്ട്‌മെന്‍റ് മേധാവികള്‍ എന്നിവരുടെ പേരിലാണ് ഒപ്പുകളിട്ടതെന്നും ഇരുവരും സമ്മതിച്ചു. സ്വകാര്യ സര്‍വകലാശാലയാണ് സര്‍വേപള്ളി രാധാകൃഷ്ണന്‍ യൂണിവേഴ്സിറ്റി.
2017 മുതല്‍ നല്‍കിയത് 101 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍: 2017 മുതല്‍ സര്‍വകലാശാലയില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് 101 വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും അതില്‍ 44 എണ്ണം വിദ്യാര്‍ഥികളില്‍ നിന്ന് പിടിച്ചെടുത്തതായും പൊലീസ് പറയുന്നു. ഇതില്‍ 13 എണ്ണം എന്‍ജിനീയറിങ് ബിരുദവും 31 എണ്ണം എംബിഎ, ബിഎസ്‌സി തുടങ്ങിയ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റുകളുമാണ്.
പണം വാങ്ങിയാണ് സര്‍വകലാശാലയില്‍ ചേര്‍ന്നിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രതികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. ബിരുദം, മാര്‍ക്ക് മെമ്മോ, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്‌ഫര്‍ സര്‍ട്ടിഫിക്കറ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുള്‍പ്പെടെ ഒരു സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ രണ്ടു ലക്ഷം മുതല്‍ നാലര ലക്ഷം വരെയാണ് പ്രതികള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയത്. പകുതി പണം കണ്‍സള്‍ട്ടന്‍റുമാരും ബാക്കി പണം സര്‍വകലാശാല ജീവനക്കാരും എടുക്കും.
പ്രതികളിലൊരാളായ സര്‍വകലാശാലയുമായി ബന്ധമുള്ള ഡോ. സുനില്‍ കപൂര്‍ മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുമ്ബാകെ ഹാജരാകാന്‍ സുനില്‍ കപൂറിന് നോട്ടീസ് അയച്ചുവെന്നും അദ്ദേഹം ഹാജരായെന്നും എ.ആര്‍ ശ്രീനിവാസ് പറഞ്ഞു.
കേസിലെ മറ്റൊരു പ്രതിയായ എഞ്ചിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ എം.കെ ചോപ്രയെ പൊലീസ് പിടികൂടിയെങ്കിലും അനാരോഗ്യം കാരണം ഹൈദരാബാദിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. അദ്ദേഹം പൊലീസ് നിരീക്ഷണത്തില്‍ ഭോപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫെബ്രുവരിയിലാണ് ഹൈദരാബാദിലെ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍റുമാരും എസ്‌ആര്‍കെയു, മധ്യപ്രദേശിലെ സ്വാമി വിവേകാനന്ദ സര്‍വകലാശാല, ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലെ ഗ്ലോക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവയുടെ സ്റ്റാഫും ഉള്‍പ്പെട്ട അന്തര്‍ സംസ്ഥാന തട്ടിപ്പ് ബിരുദ സര്‍ട്ടിഫിക്കറ്റ് റാക്കറ്റ് ഹൈദരാബാദ് പൊലീസ് കണ്ടെത്തിയത്. തമിഴ്‌നാട് ആസ്ഥാനമായുള്ള മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയും മദ്രാസ് യൂണിവേഴ്‌സിറ്റിയും നല്‍കിയ ചില വിദൂര വിദ്യാഭ്യാസ വ്യാജ സര്‍ട്ടിഫിക്കറ്റുകളും പൊലീസ് പിടിച്ചെടുത്തിരുന്നു.
സംഭവത്തില്‍ മലക്പേട്ട്, ആസിഫ് നഗര്‍, മുഷീറാബാദ്, ചാദര്‍ഘട്ട് പൊലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. തുടര്‍ന്ന് കേസുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍റുമാരെയും 19 വിദ്യാര്‍ഥികളും അറസ്റ്റിലായിരുന്നു. സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം ചില വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോയെന്നും വിവിധ എംബസികള്‍ക്ക് കത്തെഴുതി അവരുടെ വിശദാംശങ്ങള്‍ നേടുമെന്നും അഡീഷണല്‍ കമ്മിഷണര്‍ എ.ആര്‍ ശ്രീനിവാസ് പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക