കോഴിക്കോട്: പുതു തലമുറയെ ലഹരിക്കടിമകളാക്കുന്ന ലഹരിപ്പാര്‍ട്ടികള്‍ വീണ്ടും സജീവമാകുന്നു. ഹോട്ടലുകള്‍ സുരക്ഷിതമല്ലാതായതോടെ ഫ്ലാറ്റുകളും അപ്പാര്‍ട്ട്മെന്റുകളും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്. രഹസ്യമായി നടത്തുന്ന ഇത്തരം പാര്‍ട്ടികള്‍ രണ്ടും മൂന്നും ദിവസം വരെ നീണ്ടു നില്‍ക്കും. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളും സ്ത്രീകളും ഈ പാര്‍ട്ടികളില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.
മൂവായിരംമുതല്‍ പതിനായിരം രൂപവരെയാണ് ഒരാളില്‍നിന്ന് ഈടാക്കുന്നത്. പെണ്‍സുഹൃത്തുമായി എത്തുന്നവര്‍ക്ക് തുകയില്‍ ഇളവും നല്‍കും. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ കോഴിക്കോടേക്ക് എറണാകുളം ജില്ലയില്‍ നിന്ന് ഉള്‍പ്പെടെയുള്ളവര്‍ വരെ എത്തുന്നുണ്ട്. ഇതുവരെ ഏഴുകേന്ദ്രങ്ങളാണ് എക്‌സൈസ് കണ്ടെത്തി സംഘാടകരെ പിടികൂടിയത്. കോഴിക്കോട് നഗരത്തില്‍ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് 16 ഇടങ്ങളില്‍ ലഹരിപ്പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചവിവരം.
-->

സംഘത്തില്‍പ്പെട്ട ഏതെങ്കിലുമൊരാള്‍ താമസിക്കാനെന്നരീതിയില്‍ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് പാര്‍ട്ടി സംഘടിപ്പിക്കുന്നതാണ് രീതി. ഇവരുടെ സൗഹൃദവലയങ്ങളിലുള്ളവരാണ് കൂടുതലുമെത്തുന്നത്. അതുകൊണ്ട് വളരെ രഹസ്യമായിരിക്കും കാര്യങ്ങളെല്ലാം. വിദ്യാര്‍ഥികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവരും വരുന്നുണ്ട്.
ലഹരിപ്പാര്‍ട്ടികള്‍ മറ്റ് അനാശാസ്യപ്രവൃത്തികള്‍ക്കും ഹണിട്രാപ്പിനുമെല്ലാം വേദിയാവുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഹണിട്രാപ്പിന് പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്ത മാനന്തവാടി സ്വദേശിനി ലഹരിസംഘത്തില്‍പ്പെട്ടയാളാണ്. ഇവര്‍ താമസിച്ച പാലാഴിയിലെ വീട്ടില്‍വെച്ച് ലഹരിപ്പാര്‍ട്ടിക്കായി കൊണ്ടുവന്ന എം.ഡി.എം.എ. എക്‌സൈസ് കണ്ടെടുത്തിരുന്നു.
രാത്രി വളരെ വൈകിയാണ് ലഹരിപ്പാര്‍ട്ടികള്‍ നടക്കുന്നത്. ചെറിയ സംഗീതമൊക്കെ ഉണ്ടാവുമെങ്കിലും എക്‌സൈസ് റെയ്ഡിനെത്തുമ്ബോഴാണ് അടുത്തുള്ള താമസക്കാര്‍ പലപ്പോഴും വിവരമറിയുന്നത്. അപ്പാര്‍ട്ടുമെന്റുകള്‍ കേന്ദ്രീകരിച്ച് എം.ഡി.എം.എ. കുക്കിങ്ങും (മിക്സ് ചെയ്ത് തയ്യാറാക്കല്‍) നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുക്കത്തിനടുത്ത് പന്നിക്കോട്, കക്കാടംപൊയില്‍ എന്നിവിടങ്ങളിലെല്ലാം ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ലഹരിപ്പാര്‍ട്ടികള്‍ നടക്കുന്നുണ്ട്.
നേരത്തേ കഞ്ചാവായിരുന്നു വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ലഹരിമരുന്ന്. എന്നാല്‍, സ്‌കൂള്‍വിദ്യാര്‍ഥികളാണ് ഇപ്പോള്‍ കൂടുതലും കഞ്ചാവുപയോഗിക്കുന്നത്. ബ്രൗണ്‍ഷുഗര്‍ മധ്യവയസ്സ് പിന്നിട്ടവരും. യുവത്വത്തിന്റെ ലഹരി എം.ഡി.എം.എ. ഉള്‍പ്പെടെയുളള സിന്തറ്റിക് മയക്കുമരുന്നുകളാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. ഉള്‍പ്പെടെയുള്ള പല കാമ്ബസുകളിലും ഇവര്‍ പിടിമുറുക്കിയിട്ടുണ്ട്.
ആന്ധ്രയില്‍നിന്ന് ലോറികളിലെത്തുന്ന കഞ്ചാവ് പലപ്പോഴും പിടിക്കപ്പെടുന്നുണ്ടെങ്കിലും രണ്ടുവര്‍ഷത്തിനിടെ കഴിഞ്ഞ നവംബറിലാണ് എക്‌സ്സൈസ് കോഴിക്കോട്ടുവെച്ച് ബ്രൗണ്‍ഷുഗര്‍ പിടികൂടുന്നത്. 2021-ല്‍ 120 ഗ്രാം എം.ഡി.എം.എ.യാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എക്‌സൈസ് പിടിച്ചത്. എന്നാല്‍, ഈവര്‍ഷം ഒരുമാസംകൊണ്ട് നൂറുഗ്രാമിലധികം എം.ഡി.എം.എയാണ് കോഴിക്കോട്ടുനിന്ന് പിടികൂടിയത്.
പ്രണയിക്കുന്ന ആളുടെയോ ബോയ്ഫ്രണ്ടിന്റെയോ നിര്‍ബന്ധത്തിന് വഴങ്ങി ഒരുതവണ ലഹരി ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ പിന്നീട് അതിനടിമകളായി കടത്തുകാരും വില്‍പ്പനക്കാരുമായി മാറുന്നുണ്ട്. ലഹരി നല്‍കിയശേഷം ലൈംഗികമായി ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തിയാണ് കൂടുതല്‍പേരും പെണ്‍കുട്ടികളെ ലഹരിസംഘത്തിന്റെ ഭാഗമാക്കുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ലഹരിക്കടത്തിന് മറയാക്കുന്നതിനൊപ്പം മറ്റുള്ളവരെ ലഹരിക്കടിമകളാക്കാനും പെണ്‍കുട്ടികളെ ഇവര്‍ ഉപയോഗപ്പെടുത്തുന്നു. ഇന്‍സ്റ്റഗ്രാമാണ് ലഹരിസംഘങ്ങള്‍ ആശയവിനിമയത്തിനും പാര്‍ട്ടികള്‍ സംഘടിപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക