കൊച്ചി : തൃക്കാക്കരയില്‍ പിടി തോമസിന്റെ പിന്‍ഗാമിയെ സംബന്ധിച്ചു കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമായി. പിടിയുടെ ഭാര്യ ഉമയെ മത്സരിപ്പിക്കണമെന്ന ആവശ്യം നേതാക്കളില്‍ നിന്നുതന്നെ ശക്തമായി ഉയരുന്നുണ്ട്. ചില പ്രാദേശിക നേതാക്കളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ പിടിയുടെ കുടുംബം അതിനോട് അനുകൂലമായി പ്രതികരിക്കുന്നില്ല എന്നാണ് വിവരം.

ഉമ പണ്ട് കെ എസ് യുവിന്റെ സജീവ പ്രവര്‍ത്തക ആയിരുന്നെങ്കിലും കലാലയ രാഷ്ട്രീയത്തിനപ്പുറം പിന്നെ പ്രവര്‍ത്തിച്ചിരുന്നില്ല. പകരം മരണം വരെ അവര്‍ പിടിയുടെ നിഴലായി മാറുകയായിരുന്നു. അങ്ങനെതന്നെ മാറി നില്ക്കാനുള്ള തീരുമാനത്തില്‍ ഉമ ഉറച്ചു നിന്നാല്‍ പിന്നെയാര് എന്ന ചോദ്യമാണ് സജീവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിടി ബല്‍റാം

കെപിസിസി വൈസ് പ്രസിഡന്റും മുന്‍ തൃത്താല എംഎല്‍എയുമായ വിടി ബല്‍റാമിന്റെ പേര് തൃക്കാക്കരയിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ ശക്തമായ പോരാട്ടത്തില്‍ 3016 വോട്ടിനാണ് ബല്‍റാം തൃത്താലയില്‍ എംബി രാജേഷിനോട് പരാജയപ്പെട്ടത്. ബല്‍റാമിനെ നിയമസഭയില്‍ എത്തിക്കാന്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ ആഗ്രഹിക്കുന്നുമുണ്ട്. ആദര്‍ശത്തിന്‍റെയും നിലപാടുകളുടെയും കാര്യത്തില്‍ കോണ്‍ഗ്രസില്‍ പിടിയുടെ അതേ ജനുസില്‍പെട്ട നേതാവാണ് ബലറാം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞൊരു ചിന്ത കോണ്‍ഗ്രസിന്‍റെ പുതിയ സംസ്ഥാന നേതൃത്വത്തിനില്ല. അതു മികച്ച വിജയം തന്നെയാണ് വിഡി സതീശനും കെ സുധാകരനും ആവശ്യം. തൃക്കാക്കരയില്‍ ഒഴിവു വന്നതോടെ ആ സീറ്റില്‍ കണ്ണുനട്ടിരിക്കുന്ന നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉണ്ട്. മുന്‍ മേയര്‍ ടോണി ചമ്മിണി, മുന്‍ മന്ത്രി ഡൊമനിക് പ്രസന്‍റേഷന്‍, മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ്, ദീപ്തി മേരി വര്‍ഗീസ്, സിമി റോസ്‌ബെല്‍ ജോണ്‍, ഡിസിസി സെക്രട്ടറി ഷെറിന്‍ വര്‍ഗീസ് തുടങ്ങിയ പേരുകളൊക്കെ ശ്രമങ്ങളായും ചര്‍ച്ചകളിലും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക