
ഇരുതലമൂരിയെ വില്‍ക്കാനെത്തിയ എയർഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയില്‍. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), സഹായി ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശി ഹരികൃഷ്‌ണൻ (32) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി ഇരുവരെയും തന്ത്രപരമായി പിടികൂടുകയായിരുന്നു.
അഭിലാഷിന് വന്യജീവി കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയൻ പറഞ്ഞു. തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് വാങ്ങിയ ഇരുതലമൂരി മറ്റൊരാള്‍ക്ക് വില്‍ക്കാൻ അഭിലാഷ് ഏഴുലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചിരുന്നു. ഇതറിഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അഭിലാഷിനെ ഫോണില്‍ ബന്ധപ്പെട്ടു. കൂടുതല്‍ പണം നല്‍കാമെന്ന് അഭിലാഷിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് കച്ചവടം നടത്താനായി ഇവർ ആലപ്പുഴ മുല്ലയ്ക്കലിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തു.