അമേരിക്ക തേടുന്ന അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കോവി(46)നെ വർക്കല പോലീസ് പിടികൂടിയത് രാജ്യംവിടുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ്. ചൊവ്വാഴ്ച വൈകീട്ടത്തെ വിമാനത്തില്‍ ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് ലിത്വാനിയൻ പൗരനായ അലക്സേജിനെ വർക്കലയിലെ ഹോംസ്റ്റേയില്‍നിന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് പോലീസുകാരന് കൈക്കൂലി വാഗ്ദാനംചെയ്ത് ഇയാള്‍ രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും വർക്കല പോലീസ് സംഘം ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു.
അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അന്താരാഷ്ട്ര കുറ്റവാളിയാണ് അലക്സേജ് ബെസിയോക്കോവ്. അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബർ കുറ്റവാളികള്‍ക്കും കള്ളപ്പണം വെളുപ്പിക്കാൻ സഹായം നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരായ പ്രധാന കുറ്റം. ഗാരന്റക്സ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സഹസ്ഥാപകരില്‍ ഒരാളാണ് അലക്സേജ് ബെസിയോക്കോവ്.
-->
അലക്സേജിനൊപ്പം ഗാരന്റക്സിന്റെ സഹസ്ഥാപകരിലൊരാളായ അലക്സാണ്ടർ മിറ സെർദ എന്ന റഷ്യൻ പൗരനെതിരേയും സമാന കുറ്റത്തിന് യു.എസ്. ഏജൻസികള്‍ കേസെടുത്തിരുന്നു. 2019 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് അലക്സേജും മിറ സെർദയും ഗാരന്റക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ചിരുന്നത്. ക്രിമിനല്‍ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കാനാണ് ഇവർ സഹായം നല്‍കിയിരുന്നത്. തീവ്രവാദസംഘടനകള്‍ക്കും മയക്കുമരുന്ന് സംഘങ്ങള്‍ക്കും പുറമേ സൈബർ കുറ്റവാളികള്‍ക്കും ഇവർ കള്ളപ്പണം വെളുപ്പിക്കാൻ സഹായം നല്‍കി. ഹാക്കിങ്, കുട്ടികളുടെ അശ്ലീലദൃശ്യങ്ങളുടെ വിപണനം, ക്രിപ്റ്റോ തട്ടിപ്പ് എന്നിവയിലും ഇവർക്ക് പങ്കുണ്ട്.
അലക്സേജിനെതിരേ ഇന്റർപോള്‍ നേരത്തെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് ഇയാള്‍ വർക്കലയില്‍ എത്തിയതായി സിബിഐയ്ക്ക് വിവരം ലഭിച്ചത്. സി.ബി.ഐ. വർക്കല പോലീസിന് വിവരം കൈമാറി. തുടർന്ന് വർക്കല പോലീസ് ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് അലക്സേജിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പിടികൂടിയതിന് ശേഷമാണ് വലയിലായത് വൻ കുറ്റവാളിയാണെന്ന വിവരം പോലീസും തിരിച്ചറിഞ്ഞത്.
കണ്ടെത്തിയത് സി.പി.ഒ: വോക് ഹോംസ്റ്റേയില്‍ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാനെത്തിയ അലക്സേജിനെ വർക്കല സ്റ്റേഷനിലെ സി.പി.ഒ. ജോജിൻ രാജാണ് ആദ്യം കണ്ടെത്തിയത്. മേഖലയിലെ ഹോംസ്റ്റേകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടെ സി.പി.ഒ. അലക്സേജ് വാടകയ്ക്ക് താമസിക്കുന്ന ഹോംസ്റ്റേയിലും എത്തി. പോലീസുകാരൻ എത്തിയപ്പോള്‍ അലക്സേജ് തന്നെയാണ് വാതില്‍തുറന്നത്. പോലീസുകാരനെ കണ്ടതോടെ അപകടം മണത്ത ഇയാള്‍ പിന്നാലെ പോലീസുകാരന് പണം വാഗ്ദാനം. 500-ന്റെ നോട്ടുകെട്ടുകള്‍ പോലീസുകാരന് നേരേ നീട്ടി. ഏകദേശം 50,000 രൂപയുണ്ടായിരുന്നു ഇത്. എന്നാല്‍, പ്രതിയെ തിരിച്ചറിഞ്ഞ ജോജിൻ രാജ് ഉടൻതന്നെ ഇൻസ്പെക്ടറെ വിവരമറിയിച്ചു. പിന്നാലെ വർക്കല പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വർക്കല സന്ദർശനം പതിവ്, വർഷം അഞ്ചുലക്ഷം രൂപയ്ക്ക് ഹോംസ്റ്റേ
ലിത്വാനിയൻ പൗരനായ അലക്സേജ് വർഷങ്ങളായി വർക്കലയിലെ സ്ഥിരംസന്ദർശകനാണ്. വർഷത്തില്‍ മൂന്നോ നാലോ മാസങ്ങള്‍ ഇയാള്‍ വർക്കലയിലെത്തി താമസിക്കാറുണ്ട്. ഒരുവർഷത്തിന് അഞ്ചുലക്ഷം രൂപ നല്‍കിയാണ് നിലവിലെ ഹോംസ്റ്റേ ഇയാള്‍ വാടകയ്ക്കെടുത്തിരുന്നത്. ഇത്തവണ അലക്സേജിനൊപ്പം ഭാര്യയും മക്കളും വർക്കലയിലെത്തിയിരുന്നു. എന്നാല്‍, പോലീസ് പിടിയിലാകുന്നതിന്റെ തലേദിവസം ഇവർ ഇന്ത്യയില്‍നിന്ന് മടങ്ങി.
ഓരോ വർഷവും പതിവായി വർക്കലയിലെത്തുന്ന അലക്സേജിന് ഇവിടെ ഉപയോഗിക്കാനായി ഒരു ഇരുചക്രവാഹനവും ഉണ്ടായിരുന്നു. വർക്കലയിലെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങി സ്വയം പാകംചെയ്ത് കഴിക്കാറായിരുന്നു രീതി. ചൊവ്വാഴ്ച വൈകീട്ടത്തെ വിമാനത്തില്‍ ഇന്ത്യയില്‍നിന്ന് മടങ്ങാനായിരുന്നു ഇയാളുടെ പദ്ധതി. ഇതിനായി ബാഗുകളെല്ലാം തയ്യാറാക്കിയിരുന്നു. എന്നാല്‍, രാജ്യം വിടുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് വർക്കല എസിപി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ പ്രതി വലയിലാവുകയായിരുന്നു.
ഡല്‍ഹിയില്‍ എത്തിച്ചു, സിബിഐക്ക് കൈമാറും:
തന്റെ കരിയറില്‍ ഇങ്ങനെയൊരു വ്യക്തിയെ കണ്ടിട്ടില്ലെന്നും ഇത്തരമൊരു അറസ്റ്റ് നടന്നിട്ടില്ലെന്നുമായിരുന്നു അലക്സേജ് പിടിയിലായതിനെക്കുറിച്ച് ഡിഐജി അജിതാബീഗം മാധ്യമങ്ങളോട് പറഞ്ഞത്. ചൊവ്വാഴ്ച വർക്കല പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ നടപടികള്‍ പൂർത്തിയാക്കിയ ശേഷം ഡല്‍ഹിയിലെത്തിച്ചു. ശനിയാഴ്ച ഉച്ചയോടെ ഇയാളെ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. ഹോളി പ്രമാണിച്ച് ശനിയാഴ്ച കോടതി അവധിയായതിനാല്‍ വൈദ്യപരിശോധനയ്ക്ക് ശേഷം ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ മുന്നിലാകും പ്രതിയെ ഹാജരാക്കുക. ഇതിനുശേഷം പ്രതിയെ സിബിഐക്ക് കൈമാറും. സിബിഐ കസ്റ്റഡിയിലെടുക്കുന്ന പ്രതിയെ പിന്നീട് നടപടികള്‍ പൂർത്തിയാക്കി അമേരിക്കയ്ക്കും കൈമാറും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക