KeralaNewsPolitics

അടൂർ പ്രകാശ് മുതൽ ആന്റോ ആൻറണി വരെ: കെപിസിസി അധ്യക്ഷ പദവിയിലേക്ക് കോൺഗ്രസ് പരിഗണിക്കുന്നത് ഈ ആറ് നേതാക്കളെ; പേരുകൾ പുറത്ത്

കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരനെ നീക്കാന്‍ ശ്രമങ്ങള്‍ ശക്തം. അനാരോഗ്യം ചൂണ്ടിക്കാട്ടി കൊണ്ട് സുധാകരനെ നീക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്.ഇതിനുള്ള ചര്‍ച്ചകളിലേക്ക് ഹൈക്കമാന്‍ഡ് കടക്കുമ്ബോഴും സുധാകരനെ നീക്കുമ്ബോള്‍ ഉണ്ടാകുന്ന അലയൊലികള്‍ വലിയതാകുമെന്ന ആശങ്കയും ശക്തമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ തന്നെയാണ് കെപിപിസി അധ്യക്ഷനെ നീക്കാനുള്ള ചര്‍ച്ചകളിലേക്ക് കടക്കാന്‍ കാരണം.

സുധാകരനെ മുഖവിലക്കെടുത്ത് നടപടികള്‍ കൈക്കൊള്ളാനാണ് ഹൈക്കമാന്‍ഡിന്റെ ശ്രമം.അടൂര്‍ പ്രകാശ്, ആന്റോ ആന്റണി, റോജി എം. ജോണ്‍, ബെന്നി ബെഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, സണ്ണി ജോസഫ് എന്നീ പേരുകളാണ് നിലവില്‍ പരിഗണനയില്‍ ഉള്ളത്. ഇതില്‍ തന്നെ വി.ഡി സതീശനുമായി സഹകരിച്ചു മുന്നോട്ടു പോകാന്‍ സാധ്യതയുള്ള ആളെയാണ് നേതൃത്വം തേടുന്നത്. ഈ ആറ് പേരുകളില്‍ നിന്നും ഒരാളെ പരിഗണിക്കണമെന്നാണ് തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ സുനില്‍ കനഗോലു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

കെ സി വേണുഗോപാലിന്റെ മനസ്സറിഞ്ഞാണ് ഈ നീക്കമെന്ന വികാരവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഇവരെ കുറിച്ചുള്ള അഭിപ്രായം അറിയുന്നതിന് വേണ്ടി എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കെപിസിസി ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി വരികയാണ്. അതേസമയം മാത്യു കുഴല്‍നാടനെ പോലെ ആക്ടീവായ നേതാവിനെയും പരിഗണിക്കണമെന്ന ആവശ്യും ഉയരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്ബ് പുതിയ പ്രസിഡന്റിനെ നിയമിച്ച്‌ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. അതേസമയം, ആഭ്യന്തര പ്രശ്‌നങ്ങളും നേതൃത്വപ്രതിസന്ധിയും പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് വെല്ലുവിളിയാകുമെന്ന ആശങ്കകളും ശക്തമാണ്.

വളരെ അനുകൂലമായ രാഷ്ട്രീയസാഹചര്യമുള്ള സമയത്ത് നടന്ന കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ രാഷ്ട്രീയകാര്യ സമിതി യോഗം പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ രൂക്ഷമാക്കി എന്ന തോന്നലാണ് പൊതുവേ. എ.ഐ.സി.സി സെക്രട്ടറിമാരായ ദീപ ദാസ് മുന്‍ഷിയും കെ.സി.വേണുഗോപാലും പങ്കെടുത്ത ചര്‍ച്ചകള്‍ പാര്‍ട്ടിയിലെ ഭിന്നതകള്‍ തുറന്നു കാട്ടുന്നതായിരുന്നു. കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിലുള്ള വ്യക്തിപരമായ അകല്‍ച്ച പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് നേതാക്കള്‍ക്കു തന്നെ അഭിപ്രായമുണ്ട്.

സുതാര്യമായ സംവാദത്തിലൂടെ ഭിന്നതകള്‍ പരിഹരിക്കാന്‍ നേതൃത്വം പരാജയപ്പെട്ടതായി നിരീക്ഷകര്‍ പറയുന്നു. ചില നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന, പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയായി വിലയിരുത്തപ്പെടുന്നുണ്ട്. ഇക്കാര്യം കെ.സി. വേണുഗോപാലും ദീപ ദാസ് മുന്‍ഷിയും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ചെയ്‌തേക്കും.

കെ.പി.സി.സി അധ്യക്ഷനെ നീക്കണമെന്ന ആവശ്യത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സുധാകരന്‍ പറഞ്ഞത് കെ.പി.സി.സി അധ്യക്ഷ പദവിയില്‍ കടിച്ചുതൂങ്ങാന്‍ തനിക്കു താത്പര്യമില്ലെന്നും ഹൈക്കമാന്‍ഡിന് യുക്തമായ തീരുമാനമെടുക്കാം എന്നുമാണ്. കെ.പി.സി.സി അധ്യക്ഷസ്ഥാനമോ, മുഖ്യമന്ത്രി പദവിയോ തന്റെ വലിയ സ്വപ്നമായിരുന്നില്ല. ആറേഴു വയസ്സു മുതല്‍ സി.പി.എമ്മിനെതിരെ പൊരുതുന്ന താന്‍ പോരാട്ടം തുടരും. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല, പക്ഷേ, പാര്‍ട്ടിയെ നയിക്കാനുണ്ടാവും. കെ.പി.സി.സി അധ്യക്ഷന്‍ മാറുന്നു എന്നതിന് പ്രതിപക്ഷ നേതാവും മാറും എന്നര്‍ഥമില്ല- സുധാകരന്‍ പറഞ്ഞു. അതേസമയം, സുധാകരന്‍ കെ.പി.സി.സിയെ നയിക്കാന്‍ യോഗ്യനായ കഴിവുറ്റ നേതാവാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കെ.സുധാകരനും വി.ഡി.സതീശനും തമ്മില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കാത്തത് പാര്‍ട്ടിക്കു ക്ഷീണം ചെയ്യുന്നതായി ദീപ ദാസ്ദാ മുന്‍ഷി കരുതുന്നു. നേതാക്കളുമായി അവര്‍ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് ചര്‍ച്ച നടത്തിയത്. പലരും നേതൃമാറ്റം ആവശ്യപ്പെട്ടു. ഒരുമിച്ചിരുന്നു ചര്‍ച്ച നടത്തിയാല്‍ അഭിപ്രായങ്ങള്‍ തുറന്നു പറയാനാവാത്ത സാഹചര്യമാണെന്നതിന് വേറെ തെളിവു വേണ്ടല്ലോ- ഒരു നേതാവ് പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിക്കു ശേഷം വിളിച്ചുചേര്‍ക്കാനിരുന്ന സംയുക്ത പത്രസമ്മേളനം വേണ്ടെന്നു വെച്ചത് പാര്‍ട്ടിയിലെ അനൈക്യം ശക്തിയായി തുടരുന്നതിന്റെ ലക്ഷണമാണ്.

കോണ്‍ഗ്രസിന്റെ 21 സിറ്റിംഗ് സീറ്റുകള്‍ക്കു പുറമേ, പാര്‍ട്ടിക്ക് വിജയസാധ്യതയുളള 63 മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വി.ഡി.സതീശന്‍ പറഞ്ഞതിനെ കെ.സി പക്ഷക്കാരനായ എ.പി.അനില്‍കുമാര്‍ നിശിതമായി ആക്രമിക്കുകയായിരുന്നു. എവിടെ നിന്നാണ് ഈ വിവരം, ആരു പറഞ്ഞിട്ടാണ് സര്‍വേ നടത്തിയത്, ഏതൊക്കെയാണ് സീറ്റുകള്‍, ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ആരാണ് ചുമതലപ്പെടുത്തിയത് തുടങ്ങിയ അനിലിന്‍െ്‌റ ചോദ്യങ്ങള്‍ക്ക് സതീശന് മറുപടിയുണ്ടായില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് ദീപയും കെ.സി. വേണുഗോപാലും വ്യക്തമാക്കുകയും ചെയ്തു. സതീശനെ പിന്തുണയ്ക്കാന്‍ അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ യുവനേതാക്കള്‍ പോലും രംഗത്തു വന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

നേരത്തേ, മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരന്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രതിപക്ഷനേതാവിന്റെ വസതി സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് അപ്രാപ്യമായെന്ന് ആരോപിച്ചിരുന്നു. പക്ഷേ, ഉദാഹരണങ്ങള്‍ നിരത്താന്‍ പറഞ്ഞപ്പോള്‍ പരുങ്ങിയ ശൂരനാട് ക്ഷമ പറഞ്ഞ് തലയൂരുകയായിരുന്നു. വി.ഡി.സതീശന്‍ പിന്തുടരുന്ന കര്‍ശനമായ രീതികളെ അഹങ്കാരമായി വ്യാഖ്യാനിക്കുന്നവരുമുണ്ട് കെ.പി.സി.സിയില്‍. അവഗണനയില്‍ വളരെ നിരാശരാണ് ചില മുതിര്‍ന്ന നേതാക്കള്‍. എല്ലാവരെയും ഒരുമിച്ചുകൊണ്ടു പോകാന്‍ പ്രതിപക്ഷനേതാവ് വേണ്ടത്ര ശ്രമിക്കുന്നില്ലെന്നും ഒരു വിഭാഗത്തിന് ആക്ഷേപമുണ്ട്.

അതേസമയം, സതീശന് വഴങ്ങുന്ന കെപിസിസി അധ്യക്ഷന്‍ വരുന്നതില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. പുതുയ രാഷ്ട്രീയ സാഹചര്യത്തില്‍ ക്രൈസതവ വിഭാഗത്തില്‍ നിന്നും കെപിസിസി അധ്യക്ഷന്‍ വരണമെന്ന ആവശ്യവും ശക്തമാണ്. ഈ പരിഗണന മുന്നില്‍ വന്നാല്‍, ആന്റോ അന്റണി, ബെന്നി ബെഹനാന്‍ തുടങ്ങിയവര്‍ക്ക് സാധ്യതകള്‍ കൂടും. ആന്റോയോടാണ് സതീശന് താല്‍പ്പര്യക്കൂടുതല്‍.

മറിച്ച്‌ നിലവിലെ സമുദായ സമവാക്യം തുടര്‍ന്നു പോകാനാണ് ശ്രമമെങ്കില്‍ അടൂര്‍ പ്രകാശിനെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. മികച്ച സംഘാടകനും ഏതു സാഹചര്യത്തിലും വിജയങ്ങള്‍ ശീലമാക്കിയ വ്യക്തി കൂടിയാണ് അടൂര്‍ പ്രകാശ്. അതേസമയം, നിലവില്‍ വര്‍ക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷിനെയും പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പലതവണ പരിഗണിക്കപ്പെട്ടു നേതാവിനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വീണ്ടും ആ സ്ഥാനത്തേക്ക് ഉയര്‍ത്തുമോ എന്നതാണ് ഇനി അറിയേണ്ടത്.

അതേസമയം, നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ നേതൃമാറ്റം പാര്‍ട്ടിക്ക് ക്ഷീണമാകുമോ എന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണോ എന്നതാണ് ഹൈക്കമാന്‍ഡ് ആദ്യം വിലയിരുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതള്‍ എത്രത്തോളമുണ്ടെന്ന കാര്യം അടക്കം പരിശോധിക്കും. നേതാക്കളുടെ അഭിപ്രായങ്ങളിലും വ്യക്തത തേടും. മുതിര്‍ന്ന നേതാക്കളെ മുഖവിലക്കെടുക്കെടുക്കാതെ മുന്നോട്ടു പോയാല്‍ അത് പ്രതിസന്ധിയാകുമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button