കഠിനംകുളത്ത് ഭർതൃമതിയായ യുവതിയെ കൊലപ്പെടുത്തിയ ഇൻസ്റ്റഗ്രാം സുഹൃത്തായ യുവാവിനെ തിരിച്ചറിഞ്ഞു.കഠിനംകുളം വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടില്‍ ആതിര (മാളു-30) നെ കുത്തിക്കൊലപ്പെടുത്തിയത് കൊല്ലം സ്വദേശി ജോണ്‍സണ്‍ ഓസേപ്പെന്നാണ് പൊലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.
ഫിസിയോ തെറാപ്പിസ്റ്റായ ജോണ്‍സണ്‍ ഇൻസ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്നയാളാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ആതിരയെ ഇയാള്‍ പരിചയപ്പെടുന്നതും.കൊല്ലം ദളവാപുരം സ്വദേശിയാണ് ജോണ്‍സണ്‍ ഔസേപ്പ്. ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു. വിവാഹിതനായ ഇയാള്‍ മൂന്നു വർഷം മുമ്ബ് ഭാര്യയുമായി പിരിഞ്ഞു. തുടർന്ന് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയാണെന്നും പൊലീസ് കണ്ടെത്തി.
-->
നേരത്തെ ചെല്ലാനം സ്വദേശിയെന്നാണ് പുറത്ത് വന്നിരുന്ന വിവരം. കൊല്ലത്തെ ഒരു സുഹൃത്തിൻ്റെ പേരിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ഇയാള്‍ സിം കാർഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതികൊണ്ടുപോയ യുവതിയുടെ സ്കൂട്ടർ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത ക്ഷേത്രത്തില്‍ പൂജാരിയായ ഭർത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ആതിരയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഈ സമയങ്ങളില്‍ യുവാവ് പെരുമാതുറയിലെ മുറിയിലാണ് താമസിച്ചിരുന്നത്. ഇയാള്‍ മൂന്ന് ദിവസം മുൻപ് തനിക്കൊപ്പം വരണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ആതിരയെ ഭീഷണിപ്പെടുത്തിയതായും ഭർത്താവ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
ആതിരയുടെ ഭർത്താവ് കായംകുളം സ്വദേശിയായ രാജീവ് 24 വർഷമായി ഭരണിക്കാട് ഭഗവതി ക്ഷേത്ര പൂജാരിയാണ്. ആലിയാട് സ്വദേശികളായ കുട്ടപ്പന്റെയും അമ്ബിളിയുടെയും മകള്‍ ആതിരയെ 8 വർഷം മുൻപാണ് വിവാഹം കഴിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ താമസിക്കുന്നതും. ഇൻസ്റ്റഗ്രാം സുഹൃത്തുമായുള്ള ബന്ധം ഭർത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തില്‍ നിന്നും പിന്നോട്ടുപോയിരുന്നു. ഇതോടെ തനിക്കൊപ്പം ഇറങ്ങിവരണമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
മതില്‍ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴിയാണ് കൊലപാതകി ആതിരയുടെ വീട്ടിലെത്തിയതെന്നാണ് നിഗമനം. ആതിരയെ കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടമ്മയുടെ സ്കൂട്ടറെടുത്താണ് രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയില്‍വേ സ്റ്റേഷനില്‍ വാഹനം വച്ച ശേഷം ട്രെയിൻ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം, പ്രതി എവിടെയന്നത് സംബന്ധിച്ച് പൊലീസിന് ഇപ്പോഴും വിവരമൊന്നുമില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക