കൊല്‍ക്കത്ത ആർ ജി കർ ആശുപത്രിയിലെ ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 37 ദിവസങ്ങളായി പ്രതിഷേധം നടന്നുവരികയാണ്. അക്കൂട്ടത്തില്‍ വളരെ വ്യത്യസ്തമായ ഒരു പ്രതിഷേധം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകർഷിക്കുകയാണ്. കള്ളനും ഭഗവതിയും, പുറത്തിറങ്ങാനിരിക്കുന്ന ചിത്തിനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബംഗാളി നടി മോക്ഷ എന്ന മോക്ഷ സെൻഗുപ്തയാണ് ഈ വീഡിയോയിലുള്ളത്. കൊല്‍ക്കത്ത സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് തെരുവില്‍ നൃത്തംചെയ്യുന്ന മോക്ഷയാണ് വീഡിയോയിലുള്ളത്.
കാസി നസ്റുള്‍ ഇസ്ലാം എഴുതിയ ഒരു കവിത പശ്ചാത്തലമാക്കിയാണ് മോക്ഷ നൃത്തംചെയ്യുന്നത്. ദക്ഷിണ കൊല്‍ക്കത്തയിലെ സന്തോഷ്പുരില്‍ ഒരു എൻ.ജി.ഓ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോക്ഷയുടെ നൃത്തപ്രകടനം. കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മോക്ഷയുടെ നൃത്തം. ഓഗസ്റ്റ് 31-ന് നടന്ന പ്രതിഷേധ പരിപാടിയുടെ വീഡിയോ ആണിപ്പോള്‍ ശ്രദ്ധയാകർഷിക്കുന്നത്.
കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ച് ഇതിനുമുൻപും മോക്ഷ പ്രതികരിച്ചിട്ടുണ്ട്. “സംഭവത്തേക്കുറിച്ച് കേള്‍ക്കുമ്ബോള്‍ ഞാൻ ഒരു സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്നതിനാല്‍ എന്താണ് യഥാർത്ഥ സാഹചര്യമെന്ന് അറിയില്ലായിരുന്നു. പിന്നീട് ആ കൊടും കുറ്റകൃത്യത്തെക്കുറിച്ച് മനസിലാക്കിയപ്പോള്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിച്ചുപോരുകയായിരുന്നു. ഒരു കലാകാരിയെന്ന നിലയില്‍, പ്രതിഷേധത്തിൻ്റെ രൂപമായി ഞാൻ തെരുവ് പ്രകടനം തിരഞ്ഞെടുത്തു. നഗരവാസികളുടെ പ്രതിനിധിയായി നിന്നുകൊണ്ട് സാധാരണക്കാരുടെ ആശങ്കകള്‍ പ്രകടിപ്പിക്കാൻ കല ഉപയോഗിച്ച് വിവിധ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാൻ ഞാൻ എൻ്റെ സമയം നീക്കിവച്ചു.” മോക്ഷയുടെ വാക്കുകള്‍.
നോർത്ത് 24 പർഗാനാസിലെ ബാരക്പൂർ സ്വദേശിയായ മോക്ഷ അഭിനയത്തിലേക്ക് വരുന്നതിന് മുമ്ബ് അധ്യാപികയായിരുന്നു. ബംഗാളി സിനിമകളില്‍ കരിയർ ആരംഭിച്ച താരം ഇപ്പോള്‍ മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.അതേസമയം കേസില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും.