കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരന്‍ മാറിയേക്കും എന്ന് റിപ്പോർട്ടുകൾ. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. പാർട്ടി നേതൃത്വത്തിൽ ഇത് സംബന്ധിച്ച ചർച്ചകള്‍ക്ക് തുടക്കമായിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തിലേക്ക് പാർട്ടിയെ നയിച്ച നേതാവാണെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങളാണ് സുധാകരന് പദവിയില്‍ തുടരാന്‍ വിലങ്ങ് തടിയാകുന്നത്.
കെ സുധാകരന് കൂടി ഉചിതമായ സമയത്തായിരിക്കും പദവി മാറ്റമുണ്ടാകുക. സുധാകരന്‍ മാറിയാല്‍ പകരം ആര് എന്ന ചർച്ചകളും പാർട്ടിക്കുള്ളില്‍ ശക്തമാണ്. കെ മുരളീധരന്‍, കോഴിക്കോട് എംപി എം കെ രാഘവന്‍ യുവ എംഎൽഎ റോജി എം ജോൺ, അടൂർ പ്രകാശ് എം പി തുടങ്ങിയവരാണ് പരിഗണനയിലുള്ള പ്രമുഖർ.
ജാതിമത സമവാക്യങ്ങൾ പരിഗണിച്ചാൽ അത് മുരളീധരനും എം കെ രാധവനും വിലങ്ങു തടിയാകും. ഇരുവരും നായർ സമുദായ അംഗങ്ങളാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ, പാർട്ടി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെല്ലാം നായർ സമുദായ അംഗങ്ങളായതുകൊണ്ട് തന്നെ സംസ്ഥാനത്തെ പാർട്ടി നേതൃനിരയിൽ ഒരു നായർ സമുദായ ബാഹുല്യം അനുഭവപ്പെടുന്നുണ്ട്.
കെ സുധാകരൻ മാറുന്ന ഒഴിവിലേക്ക് അതേ സമുദായ അംഗമായ അടൂർ പ്രകാശ് എത്തുന്നതിനുള്ള സാധ്യതകൾ നിലനിൽക്കുന്നത് അതുകൊണ്ടുതന്നെയാണ്. ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന ആറ്റിങ്ങൽ ലോക്സഭാ സീറ്റ് തുടർച്ചയായി രണ്ടുവട്ടം പിടിച്ചെടുത്തു എന്നതും പാർട്ടിയുടെ സീനിയോരിറ്റിയും, ഈഴവ സമുദായങ്ങൾക്കിടയിൽ ആഴത്തിലുള്ള സ്വാധീനവും, ക്രൈസ്തവ നായർ വിഭാഗങ്ങളുമായുള്ള ഊഷ്മള ബന്ധവും, തിരഞ്ഞെടുപ്പ് മാനേജ്മെന്റിലുള്ള വൈദഗ്ധ്യം എന്നിവയെല്ലാം അടൂർ പ്രകാശിന്റെ മേന്മകളാണ്.
ബിജെപിയിലേക്ക് ക്രൈസ്തവ വിഭാഗങ്ങൾ കൂടുതൽ അടുക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന നേതൃത്വം ഒരു യുവ ക്രൈസ്തവ മുഖത്തെ ഏൽപ്പിക്കാനുള്ള ആലോചന നേരത്തെ തന്നെ കോൺഗ്രസിനുള്ളിൽ സജീവമായിരുന്നു. ഇതാണ് അങ്കമാലി എംഎൽഎ റോജി എം ജോണിന് സാധ്യത വർദ്ധിപ്പിക്കുന്ന പ്രധാന ഘടകം. ക്ലീൻ ഇമേജും, ക്രൈസ്തവ സഭകളുമായുള്ള അടുത്ത ബന്ധവും, യുവ നേതൃത്വത്തിന്റെ ഊർജസ്വലതയും ആണ് റോജിക്ക് കാര്യങ്ങൾ അനുകൂലമാക്കുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഡൽഹിയുമായുള്ള അടുത്ത ബന്ധവും റോജിക്ക് ഗുണം ചെയ്യും.
ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയപ്പെട്ട സമയത്ത് തന്നെ കെ മുരളീധരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമമെന്ന അഭിപ്രായം ഉയർന്നിരുന്നു.വേണ്ടി വന്നാല്‍ കെ മുരളീധരന് കെ പി സി സി അധ്യക്ഷ സ്ഥാനം നല്‍കുമെന്ന് കെ സുധാകരന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടിയില്‍ നിലവില്‍ കാര്യമായ പദവികളൊന്നും കെ മുരളീധരന്‍ വഹിക്കുന്നില്ല. ആദ്യം വയനാട് ലോക്സഭ തിരഞ്ഞെടുപ്പില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്ക് കെ മുരളീധരന്റെ പേര് ഉയർന്ന് വന്നെങ്കിലും ഒടുവില്‍ നറുക്ക് വീണത് പ്രിയങ്ക ഗാന്ധിക്കാണ്.
എംകെ രാഘവന് വേണ്ടി എ ഗ്രൂപ്പാണ് അതി ശക്തമായി നിലകൊള്ളുന്നത്. മികച്ച പ്രതിച്ഛായ തന്നെയാണ് അദ്ദേഹത്തിന്റെ കൈമുതല്‍. കെ പി സി സി പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ലെങ്കില്‍ യു ഡി എഫ് കണ്‍വീനർ സ്ഥാനത്തേക്ക് അദ്ദേഹം എത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഘടകക്ഷികള്‍ക്കിടയിലെല്ലാം മികച്ച സ്വീകാര്യതയുള്ള നേതാവ് കൂടിയാണ് എം കെ രാഘവന്‍. സിപിഎമ്മിന്റെ ശക്തമായ കോട്ടയായി വിലയിരുത്തപ്പെടുന്ന കോഴിക്കോട് നിന്ന് നാലു തുടർ വിജയങ്ങൾ നേടിയത് എംകെ രാഘവന്റെ വ്യക്തിപരമായ നേട്ടം കൂടിയാണ്. നാലു തെരഞ്ഞെടുപ്പുകൾക്കിടയിൽ മൂന്നക്ക ഭൂരിപക്ഷത്തിൽ ആരംഭിച്ച ആറക്ക ഭൂരിപക്ഷത്തിൽ എത്തിനിൽക്കുന്നിടത്ത് ഇത് വ്യക്തമാണ്. എളമരം കരീമിനെ രംഗത്തിറക്കി ജാതി മതസമാവാക്യങ്ങൾ അനുകൂലമാക്കി വിജയിച്ചു കയറാമെന്ന് സിപിഎം കണക്കുകൂട്ടലിന് ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഘവൻ മറുപടി കൊടുത്തത്.
നിലവിലെ കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധീഖിന് പ്രസിഡന്റായി താല്‍ക്കാലിക ചുമതലയെന്ന നിർദേശവും ചില കോണുകളില്‍ നിന്ന് ഉയർന്ന് കേള്‍ക്കുന്നുണ്ട്.നേതൃമാറ്റത്തോടെ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും പാർട്ടി കൂടുതല്‍ ശക്തമാക്കും. ഒത്തൊരുമിച്ച് പോയാല്‍ മികച്ച വിജയം രണ്ട് തിരഞ്ഞെടുപ്പുകളിലും സ്വന്തമാക്കാന്‍ കഴിയുമെന്നും പാർട്ടി ഉറച്ച് വിശ്വസിക്കുന്നു. ഇതിനായി താഴേക്കിടയിലെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കുകയും സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ഊർജ്ജിതമാക്കുകയും ചെയ്യും.