പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കായി പ്രചരണത്തിന് ഇറങ്ങുമെന്നും കെ മുരളീധരൻ. നെഹ്റു കുടുംബം മത്സരിക്കുമ്ബോള്‍ ഒരു കോണ്‍ഗ്രസുകാരനും മാറിനില്‍ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമ പരിപാടിയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. വട്ടിയൂർക്കാവാണ് എന്റെ കുടുംബം. വട്ടിയൂർക്കാവിന്റെ സന്തോഷത്തിലും ദുഃഖത്തിലും താൻ കൂടെയുണ്ടായിരുന്നു. അവിടെ സജീവമായി ഉണ്ടാകും. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കായി പ്രചരണത്തിന് ഇറങ്ങും. നെഹ്റു കുടുംബം മത്സരിക്കുമ്ബോള്‍ ഒരു കോണ്‍ഗ്രസുകാരനും മാറിനില്‍ക്കാനാകില്ല’, കെ മുരളീധരൻ വ്യക്തമാക്കി.
-->
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് പരാജയപ്പെട്ടതിന് പിന്നാലെ പൊതുപ്രവർത്തന രംഗത്ത് നിന്ന് തല്‍ക്കാലത്തേയ്ക്ക് വിട്ടുനില്‍ക്കുകയാണെന്നും ഇനി മത്സരിക്കാനില്ലെന്നും കെ മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരൻ വട്ടിയൂർക്കാവില്‍ നിന്ന് മത്സരിക്കുമെന്നും മുരളീധരൻ സൂചിപ്പിച്ചു കഴിഞ്ഞു. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ സീറ്റുറപ്പിക്കാൻ ഉള്ള മുരളിയുടെ ഇംഗിതം പുറത്തുവന്നു കഴിഞ്ഞു. തൃശ്ശൂരിലെ തോൽവിയിൽ സ്വയം രക്തസാക്ഷി പരിവേഷ പട്ടം എടുത്തണിഞ്ഞതും പരിഭവം പറഞ്ഞതും ഈ ലക്ഷ്യം മുന്നിൽ വച്ചാണെന്ന് വ്യക്തമാവുകയാണ്.
2019 വരെ മുരളിയുടെ സിറ്റിംഗ് സീറ്റ് ആയിരുന്ന വട്ടിയൂർക്കാവ് തിരികെ പിടിക്കണമെങ്കിൽ അദ്ദേഹം തന്നെ മത്സരം ഇറങ്ങേണ്ടത് കോൺഗ്രസിന് അനിവാര്യമാണ്. തൃശ്ശൂരിലെ പരാജയത്തോടെ സ്വാഭാവികമായും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ അവിടെ പരിഗണിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ പതിവ് ശൈലിയിൽ കോലാഹലം ഉണ്ടാക്കി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന സ്ഥിരം ശൈലി തന്നെയാണ് ഇപ്പോൾ അദ്ദേഹം പ്രയോഗിക്കുന്നത്.
നിലവിൽ ഏതെങ്കിലും ഗ്രൂപ്പിൻറെ ഭാഗമായിട്ടല്ല മുരളീധരന്റെ രാഷ്ട്രീയ നിലപാടുകൾ. സ്വയം രക്തസാക്ഷി പരിവേഷമണിഞ്ഞ് നേതൃനിരയിൽ പ്രസക്തനായി നിൽക്കുകയും, അവസരം വരുമ്പോൾ പാർട്ടി അധ്യക്ഷ പദവിക്കോ, ഒത്താൽ മുഖ്യമന്ത്രി പദവിക്ക് തന്നെയോ അവകാശവാദം ഉന്നയിക്കാനുമാണ് മുരളിയുടെ നീക്കങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു എംഎൽഎ ആയാൽ തന്നെ യുഡിഎഫിന് ഭരണം കിട്ടിയാലും മന്ത്രി പദവി മുരളീധരന് ലഭിക്കണമെന്ന് ഉറപ്പൊന്നുമില്ല. മതസമുദായിക പരിഗണനകൾ കണക്കിലെടുക്കുമ്പോൾ നായർ വിഭാഗത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഭരണരംഗത്ത് മികവും പ്രാഗൽഭ്യവും തെളിയിച്ചിട്ടുള്ള മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടിയുടെ കാലശേഷം എ ഗ്രൂപ്പ് അണികൾക്കിടയിൽ നിർണായക സ്വാധീനമുള്ള പിസി വിഷ്ണുനാഥ് എന്നിവരെല്ലാം നായർ വിഭാഗത്തിൽ നിന്നുള്ളവർ തന്നെയാണ്. ഇവർക്കെല്ലാം പിന്നിലായി മാത്രമാണ് കെ മുരളീധരന് മന്ത്രി പദവിയിലേക്കുള്ള സാധ്യതകൾ നിലനിൽക്കുന്നുള്ളൂ.
വാക്കുകളിൽ നിറയുന്ന ആദർശനിഷ്ട പ്രവർത്തിയിലേക്ക് വരുമ്പോൾ മുരളീധരൻ പ്രകടിപ്പിക്കാറില്ല. പതിവുപോലെ ഇത്തവണയും അത്ഭുതങ്ങൾ ഒന്നും സംഭവിക്കുന്നില്ല. ദയനീയ പരാജയത്തിന്റെ പരിപൂർണ ഉത്തരവാദിത്വം മറ്റു നേതാക്കളുടെ തലയിൽ കെട്ടി വയ്ക്കുകയും, ഇരവാദം ഉന്നയിച്ച് പുതിയ അവസരങ്ങൾ വിലപേശി വാങ്ങുകയും ചെയ്യുന്ന സ്ഥിരം തന്ത്രം തന്നെയാണ് ഇപ്പോഴും അദ്ദേഹം പ്രയോഗിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തിളക്കമേറിയ വിജയത്തിന്റെ പകിട്ട് കുറയ്ക്കുന്ന രീതിയിൽ കോൺഗ്രസിനുള്ളിൽ തമ്മിൽ തല്ലാണ് എന്ന തരത്തിലുള്ള മുരളിയുടെ പ്രസ്താവന പാർട്ടിക്കോ മുന്നണിക്ക് ഗുണപരമല്ല എന്ന് ചൂണ്ടിക്കാട്ടേണ്ടിരിക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക